സുക്രെ: പ്രസിഡന്‍റ് ഇവോ മൊറേൽസ് രാജിവച്ചതിനെത്തുടർന്ന് വെനസ്വേലൻ നയതന്ത്ര ഉദ്യോഗസ്ഥരെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് ബൊളീവിയൻ വിദേശകാര്യ മന്ത്രി കാരെൻ ലോംഗാരിക്ക്. നയതന്ത്ര മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് നടപടി. ബൊളീവിയയുടെ ആഭ്യന്തര കാര്യങ്ങളിൽ വെനിസ്വേല ഇടപെടുന്നുവെന്നും മന്ത്രി ആരോപിച്ചു. വെനിസ്വേലയുമായും പ്രാദേശിക സഖ്യകക്ഷിയായ ക്യൂബയുമായും ഉള്ള ബന്ധം അവലോകനം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. പുറത്താക്കപ്പെട്ട നേതാവ് ഇവോ മൊറേൽസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും രാജിവെച്ച ശേഷം ബൊളീവിയയിലെ പ്രതിപക്ഷ നിയമസഭാംഗവും സെനറ്റിന്‍റെ രണ്ടാം ഉപരാഷ്ട്രപതിയുമായ ജീനിൻ അനസ് സ്വയം ഇടക്കാല പ്രസിഡന്‍റായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ നടപടി.
തെരഞ്ഞെടുപ്പിൽ കൃത്രിമവും അട്ടിമറിയും നടത്തിയാണ് മൊറേൽസ് അധികാരത്തിലെത്തിയതെന്ന് ആരോപിച്ചാണ് ഇവോ മൊറേൽസ് രാജിവച്ചത്. സ്ഥാനമൊഴിയണമെന്ന് സൈന്യം ആവശ്യപ്പെടുകയും പൊലീസ് പിന്തുണ പിൻവലിക്കുകയും ചെയ്തതോടെയായിരുന്നു രാജി. 2006ല്‍ ആണ് മൊറേൽസ് ആദ്യമായി ബൊളീവിയയിൽ പ്രസിഡന്‍റായത്. ബൊളീവിയൻ സായുധ സേനയുടെ കമാൻഡർ ഇൻ ചീഫ് വില്യംസ് കലിമാനാണ് മൊറേൽസിനോട് അധികാരം ഒഴിയാൻ ആവശ്യപ്പെട്ടത്.