വാഷിങ്‌ടൺ: ലോകത്തിലെ ഏറ്റവും വലിയ ധനികനും മൈക്രോസോഫ്‌റ്റ് സഹ സ്ഥാപകനുമായ ബിൽഗേറ്റ്‌സും ഭാര്യ മെലിൻഡാ ഗേറ്റും വിവാഹമോചിതരാകുന്നു. 27 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുകയാണെന്ന് ഇരുവരും ഔദ്യോഗികമായി അറിയിച്ചു.
ദമ്പതികൾക്ക് മൂന്ന് മക്കളാണുള്ളത്. 1994ലാണ് ഇരുവരും വിവാഹിതരായത്. പരസ്‌പര ധാരണകളോടെയാണ് വേർപിരിയുന്നതെന്നും തുടർന്നും ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഇരുവരും അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വരുമാനമുള്ള പ്രൈവറ്റ് കമ്പനികളിലൊന്നാണ് മൈക്രോ സോഫ്റ്റ്. 100 യുഎസ് ബില്യണാണ് ബിൽഗേറ്റ്‌സിന്‍റെ ആസ്‌തി. അതേസമയം ആസ്‌തികൾ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. കുട്ടിക്കാലവും ജീവിതത്തിൽ അനുഭവിച്ച പ്രതിസന്ധി ഘട്ടങ്ങളും മൂന്ന് കുട്ടികളുടെ അമ്മയായ നിമിഷവും എല്ലാം ഉൾക്കൊള്ളിച്ച് മെലിൻഡാ ഗേറ്റ് ''ദി മൊമന്‍റ് ഓഫ് ലിഫ്‌റ്റ്'' എന്ന ആത്മകഥ എഴുതിയിട്ടുണ്ട്.
മുൻപ് ആമസോൺ സിഇഒ ജെഫ് ബെസോസിന്‍റെയും ഭാര്യ മാക്കെൻസിയുടെയും വിവാഹ മോചന വാർത്ത ലോകശ്രദ്ധ പിടിച്ചു പറ്റിയതാണ്. വിവാഹമോചനത്തിലൂടെ കിട്ടിയ ഷെയർ ഉപയോഗിച്ച് ഏറ്റവും ധനികയായ സ്‌ത്രീ എന്ന പദവിയിലേക്ക് മാക്കെൻസി ഉയർന്നതും പിന്നീട് ശ്രദ്ധിക്കപ്പെട്ടതാണ്.