വാഷിങ്ടൺ: ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാർഥി ജോ ബൈഡന്‍റെ ജയം ഔദ്യോഗികമായി പ്രഖ്യാപിച്ച് യുഎസ് കോൺഗ്രസ്. ജനുവരി 20ന് യുഎസ് പ്രസിഡന്‍റായി ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റെടുക്കും. വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസാണ് പ്രഖ്യാപനം നടത്തിയത്. 306 ഇലക്ട്രല്‍ വോട്ടുകളാണ് ജോ ബൈഡൻ നേടിയത്. പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടാൻ 270 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. ജോർജിയ, പെനിസില്‍വാനിയ, അരിസോണ, നേവാഡ, മിഷിഗൺ എന്നിവിടങ്ങളിലെ ഇലക്‌ടറല്‍ വോട്ടുകളില്‍ റിപ്പബ്ലിക്കൻ പാർട്ടി അവകാശ വാദം ഉന്നയിച്ചിരുന്നു. പക്ഷേ യുഎസ് കോൺഗ്രസ് അതെല്ലാം തള്ളിക്കളഞ്ഞു.
ബൈഡന്‍റെ വിജയപ്രഖ്യാപനത്തിനായി ചേർന്ന യുഎസ് കോൺഗ്രസ് സമ്മേളനത്തിനിടെ വലിയ പ്രതിഷേധമാണ് ട്രംപ് അനുകൂലികൾ നടത്തിയത്. യുഎസ് കോൺഗ്രസ് ചേരുന്ന കാപ്പിറ്റോൾ ബില്‍ഡിങിലേക്ക് ഇരച്ചുകയറിയ ട്രംപ് അനുയായികൾ കലാപ സമാനമായ അന്തരീക്ഷം സൃഷ്ടിച്ചു. ഇത് തടയാൻ ക്യാപിറ്റോൾ പൊലീസിന് കഴിഞ്ഞില്ല. ട്രംപ് അനുകൂലികൾ ക്യാപിറ്റോൾ മന്ദിരത്തില്‍ പ്രവേശിച്ച് നടത്തിയ അക്രമത്തില്‍ നിന്ന് സെനറ്റ്- ജനപ്രതിനിധി സഭാംഗങ്ങൾ കഷ്ടപ്പെട്ടാണ് രക്ഷനേടിയത്.