വാഷിങ്ടണ്‍: ഗ്വാണ്ടനാമോ ബേയിലെ യുഎസ് ജയിൽ അടയ്ക്കാൻ പ്രസിഡന്‍റ് ജോ ബൈഡൻ നിർദേശിച്ചതായി വൈറ്റ് ഹൗസ്. തടങ്കൽ കേന്ദ്രം അടച്ചുപൂട്ടുകയെന്നത് ബൈഡൻ ഭരണകൂടത്തിന്‍റെ പ്രധാനലക്ഷ്യമാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു. ഔദ്യോഗിക അവലോകനം ശക്തമാക്കിയിട്ടുണ്ടെന്നും ഇതിന് പ്രതിരോധ വകുപ്പ്, നീതിന്യായ വകുപ്പ്, മറ്റ് ഏജൻസികൾ എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ആവശ്യമാണെന്നും സാകി അറിയിച്ചു.
പ്രസിഡന്‍റ് ബരാക് ഒബാമ 2009 ജനുവരിയിൽ അധികാരമേറ്റതിനുശേഷം ജയിൽ പൂട്ടുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ തടങ്കൽ കേന്ദ്രം അടച്ചുപൂട്ടാൻ ശ്രമിച്ചപ്പോൾ ഒബാമ കടുത്ത ആഭ്യന്തര രാഷ്ട്രീയ എതിർപ്പ് നേരിടേണ്ടി വന്നു. അൽ-ഖ്വയ്‌ദയുമായും താലിബാനുമായും ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആളുകളെ തടഞ്ഞുവയ്ക്കുന്നതിനായി യുഎസ് 2002 ജനുവരിയിലാണ് തടങ്കൽ കേന്ദ്രം തുറന്നത്. എന്നാല്‍ തടവുകാരോട് മോശമായി പെരുമാറുകയും കുറ്റം ചുമത്താതെ ആളുകളെ ദീർഘകാലം തടവിലാക്കുകയും ചെയ്യുന്നത് അന്താരാഷ്ട്ര വിമർശനത്തിന് കാരണമായിരുന്നു.
അടച്ചുപൂട്ടൽ പദ്ധതിയുടെ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നില്ല. ജയില്‍ അടയ്ക്കുന്നതിനെ പിന്തുണയ്ക്കുന്നതായി സ്ഥാനാർഥിയായിരുന്നപ്പോൾ ബൈഡൻ പറഞ്ഞിരുന്നു. പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിൻ തന്‍റെ സെനറ്റ് സ്ഥിരീകരണത്തിന് രേഖാമൂലമുള്ള സാക്ഷ്യപത്രത്തിലും ഇക്കാര്യം വ്യക്തമാക്കി.