വാഷിങ്ടൺ: അമേരിക്കയുടെ 46-ാം പ്രസിഡന്‍റായി ചുമതലയേറ്റ ജോ ബൈഡൻ 17 എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പുവച്ചു. സമയം കളയാനില്ലെന്നും ഉടനടി ജോലികളിൽ പ്രവേശിക്കുമെന്നും ബൈഡൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പാരീസ് കാലാവസ്ഥ ഉടമ്പടിയിലും രാജ്യത്ത് മാസ്‌ക്ക് നിർബന്ധമാക്കികൊണ്ടുള്ള ഉത്തരവിലും ബൈഡൻ ഒപ്പുവച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സൂചിപ്പിച്ചതുപോലെ ഒരാഴ്‌ചക്കുള്ളിൽ നിരവധി എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പിടുമെന്നും ബൈഡൻ വ്യക്തമാക്കി. ഒപ്പിടാൻ പോകുന്ന എക്സിക്യൂട്ടിവ് ഉത്തരവുകൾ രാജ്യത്തെ കൊവിഡ് സാഹചര്യം മെച്ചപ്പെടുത്താനും കാലാവസ്ഥ മാറ്റത്തെ ചെറുക്കാനും ഉതകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണ സമയത്തെ വാഗ്‌ദാനങ്ങൾ പാലിക്കുന്നതിലെ പ്രാരംഭ ഘട്ടമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറാനുള്ള ട്രംപിന്‍റെ ഉത്തരവ് റദ്ദാക്കി പുതിയ ഉത്തരവ് ഇറക്കുമെന്നും ഭൂരിപക്ഷ മുസ്‌ലിം രാജ്യങ്ങൾക്കെതിരായ ട്രംപിന്‍റെ യാത്രാ വിലക്ക് ഉത്തരവ് റദ്ദാക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കാലാവസ്ഥ, സമ്പദ്‌വ്യവസ്ഥ, ആരോഗ്യ സംരക്ഷണം, ഇമിഗ്രേഷൻ എന്നീ മേഖലകളിലായി അടുത്ത 10 ദിവസത്തിനുള്ളിൽ 53 എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ബൈഡൻ ഒപ്പുവെക്കുമെന്നും അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.