വാഷിങ്ടൺ: ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തലിന് പിന്തുണ അറിയിച്ച് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള ഫോൺ സംഭാഷണത്തിൽ നിരപരാധികളായ സാധാരണ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനുള്ള ശ്രമം നടത്താൻ ബൈഡൻ ഇസ്രയേലിനോട് ആവശ്യപ്പെട്ടു.
Also Read: ഗസയിൽ ഇസ്രയേല്‍ ആക്രമണം തുടരുന്നു; മരണസംഖ്യ 200 ന് അടുത്തെത്തി
അതേസമയം, റോക്കറ്റ് ആക്രമണങ്ങൾക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്‍റെ അവകാശത്തിന് പിന്തുണ ഉറപ്പിച്ച ബൈഡൻ ഹമാസിനെതിരായ ഇസ്രയേലിന്‍റെ സൈനിക നടപടികളിലെ പുരോഗതിയെക്കുറിച്ചും നെതന്യാഹുവുമായി ചർച്ച നടത്തി. ഗസയിൽ ഇസ്രയേലും പലസ്തീനും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിനു ശേഷം ബൈഡൻ നെതന്യാഹുവുമായി നടത്തുന്ന മൂന്നാമത്തെ ടെലിഫോൺ സംഭാഷണമാണിത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ കഴിഞ്ഞ ദിവസം ഇസ്രയേൽ വിദേശകാര്യമന്ത്രി ഗാബി അഷ്‌കെനാസി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയിരുന്നു.
Also Read: സിവിലിയന്മാര്‍ അപകടത്തില്‍ പെടുന്നത് ഒഴിവാക്കണമെന്ന് ബ്രിട്ടീഷ് സർക്കാർ
സാധാരണ ജനങ്ങൾ ആക്രമണത്തിൽ കൊല്ലപ്പെടുന്നത് തടയാൻ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് ഡെമോക്രാറ്റിക് സെനറ്റർമാർ സമ്മർദം ചെലുത്തിയ സാഹചര്യത്തിലാണ് ബൈഡൻ നെതന്യാഹുവുമായി ഫോൺ സംഭാഷണത്തിന് മുതിർന്നത്. ഏഴ് വർഷത്തിനിടയിലെ ഇസ്രയേലും പലസ്തീനും തമ്മിലുള്ള ഏറ്റവും വലിയ ആക്രമണത്തിൽ 59 കുട്ടികളടക്കം 204 പലസ്തീനികൾക്കും അഞ്ച് വയസുള്ള ആൺകുട്ടിയും ഒരു സൈനികനും ഉൾപ്പെടെ 10 ഇസ്രായേലികളും കൊല്ലപ്പെട്ടു. ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളി നഴ്സ് സൗമ്യയും ഉൾപ്പെടുന്നു.