വാഷിങ്ടൺ: കൊവിഡ് വൈറസ് മാരകമായി ബാധിച്ച ഇടങ്ങളിലെ ആളുകൾക്ക് സൗജന്യമായി മാസ്‌കുകൾ എത്തിക്കുന്നതിനുള്ള പുതിയ നടപടികളുമായി യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. അടുത്ത ഏതാനും ആഴ്‌ചകൾക്കുള്ളിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററുകളിൽ മാസ്‌കുകൾ എത്തിക്കുമെന്നും രാജ്യത്തെ ഭക്ഷണ ബാങ്കുകളിലൂടെയും മാസ്‌കുകൾ വിതരണം ചെയ്യുമെന്നും ബൈഡൻ പ്രഖ്യാപിച്ചു.
രാജ്യത്തെ 1,300 കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററുകളിലേക്കും 60,000 ഭക്ഷണ കലവറകളിലേക്കും സൂപ്പ് അടുക്കളകളിലേക്കും ഭരണകൂടം 25 ദശലക്ഷത്തിലധികം മാസ്‌കുകൾ വിതരണം ചെയ്യുമെന്നും ഇത് രാജ്യത്തെ ഏറ്റവും ദുർബലരായ ജനസംഖ്യയിൽ എത്തിച്ചേരുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ആരോഗ്യവകുപ്പും മനുഷ്യ സേവന വകുപ്പും പ്രതിരോധ വകുപ്പും സംയുക്തമായാണ് പരിപാടി നടപ്പാക്കുന്നത്. കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററുകളിൽ സേവനമനുഷ്ഠിക്കുന്നവരിൽ മൂന്നിൽ രണ്ട് പേരും ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്നും 1.4 ദശലക്ഷം ആളുകൾ പാർപ്പിടമില്ലാത്തവരാണെന്നും വൈറ്റ് ഹൗസ് കൂട്ടിചേർത്തു.
കമ്മ്യൂണിറ്റിയിലെ ആർക്കും അവരുടെ പ്രാദേശിക കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ നിന്ന് മാസ്‌കുകൾ സൗജന്യമായി സ്വീകരിക്കാം. കുടുംബത്തിലെ ഒരു അംഗത്തിന് രണ്ട് മാസ്‌കുകൾ എന്ന നിലയിലായിരിക്കും വിതരണം. യുഎസിൽ ഇതുവരെ 28.2 ദശലക്ഷത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇതിൽ 5,02,837 പേർ മരണമടഞ്ഞു.