കാൻബെറ: ഓസ്‌ട്രേലിയയിൽ ആദ്യ ഘട്ടത്തിൽ കൊവിഡ് വാക്‌സിൻ സ്വീകരിച്ച് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. ചീഫ് മെഡിക്കൽ ഓഫിസർ പോൾ കെല്ലി, ആരോഗ്യ പ്രവർത്തകർ, മുൻനിരപോരാളികൾ എന്നിവരും ആദ്യ ദിനം വാക്‌സിൻ സ്വീകരിച്ചു. രണ്ടാം ലോക മഹായുദ്ധത്തെ അതിജീവിച്ച 84 കാരനായ ജെയ്ൻ മാലിസിയാക്കും വാക്‌സിൻ സ്വീകരിച്ചു. ഫൈസർ വാക്‌സിൻ സുരക്ഷിതമാണെന്നും എല്ലാവരും വാക്‌സിൻ സ്വീകരിച്ച് മഹാമാരിയെ പ്രതിരോധിക്കണമെന്നും പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു. വാക്‌സിൻ സംബന്ധിച്ച് പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ രാഷ്ട്രീയ നേതാക്കൾക്ക് നേരത്തെ തന്നെ ആദ്യ ഘട്ടത്തിൽ വാക്‌സിനേഷൻ നൽകുമെന്ന് ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.
അതേസമയം വാക്‌സിൻ സുരക്ഷയിൽ ഞങ്ങൾക്ക് വിശ്വാസമുണ്ടെന്നും ഉടൻ വാക്‌സിനേഷൻ സ്വീകരിക്കുമെന്നും പ്രതിപക്ഷ ലേബർ പാർട്ടി നേതാവ് ആൻ്റണി അൽബനീസ് മാധ്യമങ്ങളോട് പറഞ്ഞു. വാക്‌സിനേഷൻ്റെ ആദ്യ ലക്ഷ്യം ജനങ്ങളുടെ പരിരക്ഷയാണ്. ഫൈസർ, ആസ്ട്രസെനെക വാക്‌സിൻ എന്നിവയിൽ വിശ്വാസമുണ്ട്. കൊവിഡ് പ്രതിരോധത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ 28,920 പുതിയ കൊവിഡ് കേസുകളാണ് ഓസ്‌ട്രേലിയയിൽ റിപ്പോർട്ട് ചെയ്‌തത്.