ന്യൂയോർക്ക്: കൊവിഡ് വാക്‌സിന്‍റെ പരീക്ഷണം ഓക്‌സ്ഫോർഡ് സർവകലാശാല താത്കാലികമായി നിർത്തിവെച്ചു. വാക്‌സിൻ പരീക്ഷിച്ച ഒരാൾക്ക് അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടർന്നാണ് പരീക്ഷണം നിർത്തിവെച്ചത്. അജ്ഞാത രോഗമെന്ന് സ്ഥിരീകരിച്ച യുകെ ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രാസെനെക എന്നാൽ രോഗത്തെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.യുകെയിൽ നടന്ന പരീക്ഷണത്തിലാണ് അജ്ഞാത രോഗം കണ്ടെത്തിയത്.
യുഎസിലും മറ്റ് രാജ്യങ്ങളിലും നടക്കുന്ന പരീക്ഷണങ്ങളും താൽക്കാലികമായി നിർത്തിവെക്കുകയാണെന്ന് അസ്ട്രാസെനെക വക്താവ് അറിയിച്ചു. നിലവിലെ പ്രശ്‌നം യാദൃശ്ചികമാകാമെന്നും ആയിരക്കണക്കിന് ആളുകളിൽ നടത്തുന്ന പഠനമായതിനാൽ ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഉണ്ടാകാമെന്നും അസ്ട്രാസെനെക അറിയിച്ചു. കഴിഞ്ഞ മാസം അവസാനം യുഎസിൽ മാത്രമായി കൊവിഡ് വാക്‌സിൻ പരീക്ഷണത്തിന് അസ്ട്രാസെനെക 30000ത്തോളം പേരെ റിക്രൂട്ട് ചെയ്‌തിരുന്നു. ഇന്ത്യയിലെ പുനെ സിറം ഇൻസ്റ്റിറ്റിയൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങൾ പരീക്ഷണത്തോട് സഹകരിച്ചിരുന്നു.