വാഷിങ്‌ടൺ: കൊവിഡിനെ പൂർണമായും പ്രതിരോധിക്കാൻ കഴിവുള്ള ആന്‍റിബോഡി കണ്ടുപിടിച്ച് യുഎസ് കമ്പനി സോറന്‍റോ തെറാപ്പ്യൂട്ടിക്‌സ്. സോറന്‍റോ കണ്ടുപിടിച്ച എസ്‌ടിഐ -1499 എന്ന ആന്‍റിബോഡി വളരെ കുറഞ്ഞ ഡോസിൽ വൈറസിനെ പൂർണമായും നിർവീര്യമാക്കി. പ്രാഥമിക ബയോകെമിക്കൽ, ബയോഫിസിക്കൽ വിശകലനങ്ങൾ സൂചിപ്പിക്കുന്നത് കൊവിഡിനെതിരെയുള്ള ശക്തമായ ആന്‍റിബോഡിയാണ് എസ്‌ടിഐ -1499 എന്നാണെന്ന് കമ്പനി പറയുന്നു.
ഈയൊരു സാഹചര്യത്തിൽ ഉൽപന്നത്തിന്‍റെ നിർമാണത്തിനായി സോറന്‍റോ രാവും പകലും പ്രവർത്തിക്കുകയാണെന്ന് സോറന്‍റോ മേധാവി അറിയിച്ചു. കൊവിഡിന്‍റെ പിടിയിൽ നിന്നും മനുഷ്യരെ സംരക്ഷിക്കുന്നതിനായി കമ്പനി കോടിക്കണക്കിന് ആന്‍റിബോഡികൾ പരിശോധിക്കുകയാണ്. വൈറസുമായി ബന്ധിപ്പിക്കുന്ന നൂറുകണക്കിന് ആന്‍റിബോഡികളെ കമ്പനി ഇതുവരെ കണ്ടെത്തി കഴിഞ്ഞു. വികസിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഇത്രയും പ്രതിരോധശേഷി കാണിച്ച ആദ്യത്തെ ആന്‍റിബോഡിയാണിത്. എസ്‌ടിഐ -1499 വളരെ പ്രാധാന്യമുള്ള തെറാപ്പിയായി വികസിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സോറന്‍റോ അറിയിച്ചു.