ഒട്ടാവ: കൊവിഡ് നിയന്ത്രണ നിർദേശങ്ങൾക്കെതിരായി കാനഡയില്‍ പ്രക്ഷോഭം കനത്തതോടെ രഹസ്യ സങ്കേതത്തിലേക്ക് താമസം മാറി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. പാര്‍ലമെന്‍റ് ഹില്‍ പ്രദേശത്ത് പ്രതിഷേധക്കാര്‍ വന്‍ തോതില്‍ തമ്പടിച്ചിരിക്കുകയാണ്. ഇതോടെയാണ്, രാജ്യ തലസ്ഥാനത്തെ വീട് ഉപേക്ഷിച്ച് കുടുംബത്തോടൊപ്പം പ്രധാനമന്ത്രി രഹസ്യയിടത്തിലേക്ക് മാറിയത്.
അതിർത്തി കടന്നെത്തുന്ന ചരക്കുലോറി ജീവനക്കാര്‍ക്ക് വാക്‌സിൻ നിര്‍ബന്ധമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിറക്കിയിരുന്നു. പുറമെ, കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുകയുമുണ്ടായി. ഇതിനെതിരെ ട്രക്ക് തൊഴിലാളികള്‍, അവരുടെ കുടുംബങ്ങള്‍, മറ്റ് ജനവിഭാഗങ്ങള്‍ എന്നിവരാണ് പ്രതിഷേധത്തിനായി തെരുവിലേക്ക് ഒഴുകിയെത്തുന്നത്.
ALSO READ: 'പബ്‌ജിയുടെ കളിക്കുന്നതിനെ ശാസിച്ചു'; 14കാരൻ അമ്മയേയും സഹോദരങ്ങളെയും വെടിവച്ച് കൊലപ്പെടുത്തി
കൊവിഡ് വാക്‌സിൻ ഉത്തരവുകളും മറ്റ് നിയന്ത്രണങ്ങളും അവസാനിപ്പിക്കണമെന്നാണ് ജനങ്ങളുയര്‍ത്തുന്ന ആവശ്യം. ആയിരക്കണക്കിന് ലോറി തൊഴിലാളികളാണ് പ്രക്ഷോഭത്തില്‍ അണിനിരന്നത്. കുട്ടികളും പ്രായമായവരും ഭിന്നശേഷിക്കാരും മുദ്രാവാക്യവുമായി തെരുവിലുണ്ട്.
ചിലയിടങ്ങളില്‍ ആളുകള്‍ അക്രമാസക്തമാകുന്നുണ്ടെന്നും പ്രധാനമന്ത്രിയ്‌ക്കെതിരായി അശ്ലീലം കലർന്ന വാചകങ്ങള്‍ പ്രയോഗിക്കുന്നതായും കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.