ബിയാറിറ്റ്സ്: ആമസോണ്‍ മഴക്കാടുകളിലെ തീപിടിത്തങ്ങളെ നേരിടാന്‍ ജി 7 ഉച്ചകോടിയില്‍ ഒത്തുകൂടിയ അന്താരാഷ്ട്ര നേതാക്കൾ പുതിയ കരാറിര്‍ രൂപീകരിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. സാങ്കേതികവും സാമ്പത്തികവുമായ സഹായം നൽകാനുള്ള കരാർ രൂപീകരിക്കുന്നതിന് ആലോചനയുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.
യുഎസ്, ജപ്പാൻ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, യുകെ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കൾ ഇത് സംബന്ധിച്ച് തീരുമാനമെടുത്തതായാണ് സൂചന. തീപിടിത്തം മൂലം പ്രതിസന്ധിയിലാകുന്ന രാജ്യങ്ങള്‍ക്ക് ദ്രുതഗതിയില്‍ സഹായം നല്‍കണമെന്ന നിര്‍ദേശം എല്ലാവരും സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു. എല്ലാ രാജ്യങ്ങളുമായും സമ്പര്‍ക്കം പുലര്‍ത്തുന്ന രാജ്യമാണ് ഫ്രാന്‍സ്. അതിനാല്‍ സാങ്കേതിക വിഭവങ്ങളും ധനസഹായവും ഉൾപ്പെടുന്ന ശക്തമായ സംവിധാനങ്ങള്‍ക്ക് അന്തിമരൂപം നൽകാൻ കഴിയുമെന്നും മാക്രോണ്‍ പറഞ്ഞു.
തീപിടിത്തം ഒരു അന്താരാഷ്ട്ര പ്രതിസന്ധിയാണെന്നും ജി 7 ഉച്ചകോടിയില്‍ മുന്‍ഗണന നല്‍കേണ്ടുന്ന വിഷയമാണെന്നും മാക്രോണ്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ആമസോൺ മഴക്കാടുകളെ സംരക്ഷിക്കാൻ ബ്രിട്ടൻ 10 മില്യൺ ഡോളർ നൽകുമെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. അതേസമയം ആമസോണ്‍ കാടുകള്‍ നശിക്കുന്നതിനെ ഗ്രീന്‍ ലൈറ്റിങ് എന്ന് വിശേഷിപ്പിച്ച ബ്രസീല്‍ പ്രസിഡന്‍റ് ബോള്‍സോനാരോക്കെതിരെ ആഗോള തലത്തില്‍ കടുത്ത പ്രതിഷേധമുയര്‍ന്നു. തുടര്‍ന്ന് മറ്റ് രാജ്യങ്ങളില്‍ നിന്ന് സമ്മര്‍ദമുയര്‍ന്ന സാഹചര്യത്തില്‍ തീപിടിത്തത്തെ നേരിടാന്‍ സൈന്യത്തെ അധികാരപ്പെടുത്തുകയാണുണ്ടായത്.
ബ്രസീലിലെ വരണ്ട കാലത്താണ് കാട്ടുതീ ഉണ്ടാകാറുള്ളത്. ഈ വര്‍ഷത്തെ കാട്ടുതീയുടെ കണക്കെടുത്താല്‍ 85 ശതമാനം വര്‍ധനവുണ്ടായതായി ബ്രസീലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് റിസർച്ച് (ഇൻപെ) പ്രസിദ്ധീകരിച്ച ഉപഗ്രഹ ഡാറ്റയില്‍ പറയുന്നു. 2019 ൽ ഇതുവരെ 75,000 ലധികം കാട്ടുതീ ബ്രസീലിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതിൽ ഭൂരിഭാഗവും ആമസോൺ മേഖലയിലാണെന്നും ഈ കണക്കുകള്‍ പറയുന്നു. അതേസമയം കാട്ടു തീ സ്വാഭാവികമായി ഉണ്ടാകുന്നതല്ലെന്നും മനുഷ്യനിര്‍മിതമാണെന്നും കണക്കുകള്‍ പെരുപ്പിച്ച് കാണിച്ച് തന്‍റെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുകയാണെന്ന് ബോള്‍സാരോ ആരോപിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകൾ എന്ന നിലയിൽ ആമസോൺ ഒരു സുപ്രധാന കാർബൺ സ്റ്റോറാണ്. ഇത് ആഗോളതാപനത്തിന്റെ വേഗത കുറയ്ക്കുന്നു. ഇത് നിരവധി രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്നു, പക്ഷേ ഭൂരിഭാഗവും ബ്രസീലിലാണ്.