19 വർഷം മുമ്പൊരു സെപ്റ്റംബർ 11 -ന് അമേരിക്കയുടെ കിഴക്കൻ തീരത്തിന്‍റെ പ്രഭാത ശാന്തത ഇല്ലാതാക്കികൊണ്ട് ഒരു ഭീകരാക്രമണമുണ്ടായി. ജെറ്റുവിമാനങ്ങൾ ഹൈജാക്ക് ചെയ്ത അൽ ക്വയ്‌ദ ഭീകരർ അവയെ അമേരിക്കയിൽ പലയിടത്തായി കെട്ടിടങ്ങളിലേക്ക് ഇടിച്ചു കയറ്റി. രണ്ടു വിമാനങ്ങൾ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്‍ററിലേക്ക്, ഒരെണ്ണം പെന്‍റഗണ്‍ ബിൽഡിങ്ങിലേക്ക്, മറ്റൊരെണ്ണം പെൻസിൽവാനിയയിലെ ഷാങ്ക്സ്വില്ലെയിൽ തകർന്നുവീണു. ആകെ മരണം, 2977. ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഏറ്റവും രക്തരൂക്ഷിതമായ ഭീകരാക്രമണങ്ങളിൽ ഒന്നായി 9/11 എന്ന വാക്കിനാൽ പിന്നീട് അടയാളപ്പെടുത്തപ്പെട്ട ആ തീവ്രവാദ ആക്രമണം മാറുന്നു. അമേരിക്കൻ അഗ്നിശമന സേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുരുതിക്കളമായും അന്ന് വേൾഡ് ട്രേഡ് സെന്‍റര്‍ പരിസരം മാറി. ആകെ ഹൈജാക്ക് ചെയ്യപ്പെട്ടത് നാല് വിമാനങ്ങൾ. അതിൽ ആദ്യത്തേത്, ഫ്‌ളൈറ്റ് 11, രാവിലെ 8:46 -ന്, വേൾഡ് ട്രേഡ് സെന്‍ററിന്‍റെ നോർത്ത് ടവറിലേക്ക് ഇടിച്ചു കയറ്റി. രണ്ടാമത്തേത്, ഫ്‌ളൈറ്റ് 175, രാവിലെ 9:03 -ന് സൗത്ത് ടവറിലേക്കും ക്രാഷ് ചെയുന്നു. വിമാനം ഇടിച്ചിറങ്ങി ഒരു മണിക്കൂറിനുള്ളിൽ തന്നെ, രാവിലെ 9:59 അടുപ്പിച്ച് സൗത്ത് ടവർ നിലം പൊത്തുന്നു. 10:28 -ന് നോർത്ത് ടവറും തകർന്നടിയുന്നു. രണ്ടു ടവറുകളിലുമായി ഉണ്ടായിരുന്ന 2,595 പേർ കൊല്ലപ്പെടുന്നു. ഒപ്പം രണ്ടു വിമാനങ്ങളിലുമായി ഉണ്ടായിരുന്ന 157 പേരും. എഴുപതുകളിൽ കമ്മീഷൻ ചെയ്ത വേൾഡ് ട്രേഡ് സെന്‍റര്‍ എന്ന 110 നിലകളുള്ള ഇരട്ടക്കെട്ടിട സമുച്ചയം സാധാരണ കൊടുങ്കാറ്റുകളെയും തീപ്പിടിത്തങ്ങളെയും ഒക്കെ അതിജീവിക്കാൻ പോന്ന ഒന്നായിരുന്നു.
എന്നാൽ, 2001 സെപ്റ്റംബർ 11 -ന് ഈ കെട്ടിടങ്ങൾക്കുമേൽ ഉണ്ടായ ആഘാതത്തെ തടുക്കുന്ന ഒരു ഡിസൈൻ ഉണ്ടാക്കാൻ ഒരു എഞ്ചിനീയർക്കും സാധിക്കില്ലായിരുന്നു. സെപ്റ്റംബർ 11 രാവിലെ 8:46. അഞ്ചു ഭീകരവാദികൾ ചേർന്ന് ഒരു ബോയിങ് 767 ജെറ്റുവിമാനം, അമേരിക്കൻ എയർലൈൻസിന്‍റെ ബോസ്റ്റണിൽ നിന്നുള്ള യാത്രാവിമാനം, ഹൈജാക്ക് ചെയ്യുന്നു. 440 mph വേഗതയിൽ ആ വിമാനം നോർത്ത് ടവറിന്‍റെ 94 – 98 നിലകൾക്കിടയിലൂടെ തുളച്ചു കയറുന്നു. ആ ബഹുനിലക്കെട്ടിടം വിമാനമിടിച്ചു കയറിയ അടുത്ത നിമിഷം നിലംപൊത്തുകയല്ല ഉണ്ടായത്. അവിടെ കുടുങ്ങിയ മനുഷ്യരെ രക്ഷിക്കാൻ ന്യൂയോർക്ക് ഫയർ ആൻഡ് റെസ്ക്യൂ സർവീസസിന്‍റെ അഗ്നിശമനസേനാംഗങ്ങൾ അടുത്ത നിമിഷം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങുന്നു. അപ്പോൾ അവർ കരുതിയത് അത് ആ യാത്രാവിമാനത്തിനു പിണഞ്ഞ ഒരു സാധാരണ അപകടം മാത്രമാണ് എന്നായിരുന്നു. വടക്കേ ടവറിന്‍റെ ഉള്ളിലേക്ക് ആ യാത്രാവിമാനത്തിന്‍റെ ഭാഗങ്ങൾ തുളച്ചുകയറി. വിമാനത്തിലെ ജെറ്റ് ഫ്യൂവൽ അഥവാ വ്യോമയാന ഇന്ധനത്തിന് ഒഴുകിപ്പടരാനുള്ള ഒരു പൈപ്പ് ആയി കെട്ടിടത്തിലെ എലിവേറ്റർ ഷാഫ്റ്റ് മാറി. കെട്ടിടത്തിന്‍റെ എല്ലാ നിലകളിലേക്കും തീപ്പിടത്തിൽ നിന്നുണ്ടായ പുക നിറഞ്ഞു. പല നിലകളിലെയും ജനാലകളിൽ രക്ഷിക്കാൻ ആരെങ്കിലും വരും എന്ന പ്രതീക്ഷപ്പുറത്ത് പലരും പുറത്തേക്ക് നോക്കി നിൽപ്പ് തുടങ്ങി. അതൊരു വിമാനാപകടം മാത്രമാണ് എന്ന ധാരണക്കപ്പുറത്ത്, അപ്പോഴും തെക്കേ ടവറിൽ നിന്ന് ആളെ ഒഴിപ്പിക്കാൻ അധികൃതർക്ക് ബുദ്ധിയുദിച്ചില്ല.
ആദ്യ വിമാനം ഇടിച്ചിറക്കി പതിനേഴു മിനിറ്റിനുള്ളിൽ അടുത്ത യാത്രാവിമാനം, യുണൈറ്റഡ് എയർലൈൻസ് 175 , അതും ബോസ്റ്റണിൽ നിന്നുതന്നെ ഹൈജാക്ക് ചെയ്യപ്പെട്ടത്, വേൾഡ് ട്രേഡ് സെന്‍ററിന്‍റെ തെക്കേ ടവറിന്‍റെ 78-84 നിലകൾക്ക് ഇടയിലൂടെ ഇടിച്ചു കയറുന്നു. അത് ഇടിച്ചുകയറിയത് ഒന്നാമത്തെ വിമാനത്തേക്കാൾ വേഗതയിൽ, 540 mph ആയിരുന്നു വേഗത. അതോടെ തീ രണ്ടു ടവറുകളെയും പൂര്‍ണ്ണമായും വിഴുങ്ങി. അവ നിലം പൊത്താതെ നിന്ന് കത്തിക്കൊണ്ടിരുന്നു. വാഷിംഗ്ടൺ ഡിസിയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്‍റ് ഓഫ് ഡിഫൻസിന്‍റെ ആസ്ഥാനമായിരുന്നു, പോട്ടോമാക്ക് നദിയുടെ തീരത്തു സ്ഥിതിചെയ്യുന്ന പെന്‍റഗണ്‍ ടവേഴ്സ്. അഞ്ചു നിലയുള്ള ആ കെട്ടിടം ഒരു പഞ്ചഭുജത്തിന്‍റെ ആകൃതിയിലുള്ള കെട്ടിടമായിരുന്നു. രാവിലെ 9:37 അടുപ്പിച്ച്, പെന്‍റഗണിലേക്ക് അമേരിക്കൻ എയർലൈൻസിന്‍റെ ഫ്‌ളൈറ്റ് 77 530 mph വേഗത്തിൽ വന്ന് ഇടിച്ചിറങ്ങി. അതോടെ അടിയന്തര നടപടികൾ ഉണ്ടായി. പ്രസിഡന്‍റ് ജോർജ്ജ് ബുഷിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. വൈറ്റ് ഹൗസ് ഒഴിപ്പിക്കപ്പെട്ടു. അതിനിടെ യുണൈറ്റഡ് എയർലൈൻസിന്‍റെ ഫ്‌ളൈറ്റ് 93 പെൻസിൽവാനിയയിലും തകർന്നു വീണു. അസഹ്യമായ ചൂട് താങ്ങാനാകാതെ, പുക നിറഞ്ഞ് ശ്വാസം മുട്ടിയപ്പോൾ പലരും ആ നൂറുനിലക്കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് നിലത്തേക്ക് എടുത്ത് ചാടി. ഇടിയുടെ ആഘാതം കെട്ടിടത്തിന്‍റെ ബലം ക്ഷയിപ്പിച്ചിരുന്നു. 9.45 അടുപ്പിച്ച് കെട്ടിടത്തിൽ നിന്ന് ശബ്ദങ്ങൾ കേട്ടുതുടങ്ങി.
9:59 -ന് തെക്കേ ടവർ നിലം പൊത്തി. അപ്പോഴും നോർത്ത് ടവർ കത്തിക്കൊണ്ടിരുന്നു. വിമാനം ഇടിച്ചുകയറിയ നിലയുടെ മുകളിലുള്ള ഭാഗം ഇടിഞ്ഞ് താഴെയുള്ള ഭാഗത്തേക്ക് വീണു. അത് ആ നിലയുടെ കോൺക്രീറ്റ് മേൽക്കൂര തകർത്തു. അങ്ങനെ തുടർന്ന് 10:28 ന് നോർത്ത് ടവറും നിലം പൊത്തി. പ്രദേശം മുഴുവൻ പൊടിപടലങ്ങൾ കൊണ്ട് നിറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾ ആക്രമണമുണ്ടായി ദിവസങ്ങളോളം തുടര്‍ന്നു. തകർന്നടിഞ്ഞ കോൺക്രീറ്റ് കൂമ്പാരത്തിനുള്ളിൽ നിന്ന് ഒന്നൊന്നായി മൃതദേഹങ്ങൾ പുറത്തേക്കെടുക്കുക ഏറെ ശ്രമകരമായ പ്രവൃത്തിയായിരുന്നു. മരിച്ചവരിൽ ന്യൂയോർക്ക് നഗരത്തിലെ നിരവധി അഗ്നിശമന സേനാംഗങ്ങൾ കൂടി ഉണ്ടായിരുന്നത് ആ പ്രവൃത്തി ഏറെ ക്ലേശകരവും വൈകാരികവുമാക്കി.110 നിലകളുള്ള രണ്ടു ടവറുകൾ മിനിറ്റുകളുടെ വ്യത്യാസത്തിൽ തകർന്നടിഞ്ഞ് നൂറുകണക്കിന് പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടും, ആ തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കുള്ളിൽ കാര്യമായ പരിക്കൊന്നും കൂടാതെ രക്ഷപ്പെട്ട ചിലരുമുണ്ടായിരുന്നു. സ്റ്റെയർവെ ബി എന്നറിയപ്പെട്ട ആ ഒരു കോണിപ്പടിയിൽ ചെന്ന് നിന്ന 16 പേർ ആ ആക്രമണത്തെ അത്ഭുതകരമായി അതിജീവിച്ചു. ‘അതിജീവനത്തിന്‍റെ കോണിപ്പടി’ എന്നറിയപ്പെടുന്ന ആ ഭാഗം ഇന്ന് ദേശീയ 9/11 മ്യൂസിയത്തിന്‍റെ ഭാഗമാണ്. അതേസമയം കൊവിഡ് എന്ന പകര്‍ച്ചവ്യാധി ലോകത്ത് മരണതാണ്ഡവമാടുന്നതിനിടയിലും 9/11 ന്‍റെ അനുസ്മരണത്തിന് മാറ്റമില്ല. ഭീകരാക്രമണത്തിന്‍റെ 19-ാം വാർഷികം സെപ്റ്റംബറിൽ രണ്ട് ചടങ്ങുകളായി നടക്കും. ന്യൂയോർക്കിലെ ഈ രണ്ട് സ്മരണകളിലും വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ് അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തേക്കും. പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജോ ബിഡനും പെൻസിൽവാനിയയിലെ ഫ്ലൈറ്റ് 93 ദേശീയ സ്മാരകത്തിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.