ഗാബ്രോണ്‍: ബോട്‌സ്വാനയിലെ 300 ആനകള്‍ ചെരിഞ്ഞതിന് കാരണം വിഷം കലര്‍ന്ന നീല, പച്ച ആല്‍ഗകളുള്ള വെള്ളം കുടിച്ചതുകൊണ്ടാണെന്ന് റിപ്പോര്‍ട്ട്. പ്രദേശത്തെ നീര്‍ചാലിലെ സയനോബാക്ടീരിയയുള്ള വെള്ളം കുടിച്ചാണ് അപകടം നടന്നത്. ആനകള്‍ക്ക് വെള്ളം കുടിച്ചതോടെ ഞരമ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചരിയുകയുമായിരുന്നു. വന്യ ജീവി വിഭാഗം ഡയറക്ടര്‍ സിറില്‍ ടൗളോയാണ് ഇക്കാര്യം അറിയിച്ചത്.
എന്നാല്‍ ബോട്‌സ്വാനയിലെ പ്രസിദ്ധമായ ഒകാവാംഗോ ഡെൽറ്റയ്ക്ക് സമീപമുള്ള സെറോംഗ പ്രദേശത്തെ വിഷജലം മറ്റ് വന്യജീവികളെയൊന്നും ബാധിച്ചിട്ടില്ല. ആനകളുടെ ശരീരം ഭക്ഷിച്ച വന്യമൃഗങ്ങളിലും രോഗമുണ്ടായിരുന്നില്ല. 1,30,000 ആനകളുള്ള ബോട്‌സ്വാന ലോകത്തിലെ തന്നെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്. ആനകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതോടെ വിഷയത്തില്‍ പഠനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
പരിശോധനാ സംഘമാണ് ഞരമ്പ് സംബന്ധിച്ച പ്രശ്നമാണ് മരണ കാരണമെന്ന് വ്യക്തമാക്കിയത്. മാത്രമല്ല ആനകള്‍ വെള്ളം കുടിച്ച സ്ഥലത്തിന് സമീപത്തല്ലാതെ മറ്റ് സ്ഥലങ്ങളിലെ ആനകള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല. ആനകളുടെ പോസ്റ്റമോര്‍ട്ടിത്തിനിടെയാണ് വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്ന് വ്യക്തമാക്കിയത്. വിഷയത്തില്‍ വേട്ടയാടലിനുള്ള സാധ്യത അന്വേഷണ സംഘം തള്ളിക്കളഞ്ഞു