ബുട്ടെമ്പോ: കോംഗോ അഗ്നിപർവ്വത സ്ഫോടനത്തിൽ ഇതുവരെ 31 പേർ മരിച്ചെന്ന് യുഎൻ റിപ്പോർട്ട്. 170 കുട്ടികളടക്കം നിരവധി പേരെ കാണാതായി. അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ലാവയുടെ പ്രവാഹത്തിൽ 13 പേർ കൊല്ലപ്പെട്ടു. യുഎൻ ഓഫീസ് ഫോർ കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് (ഒസിഎച്ച്എ) കണക്ക് പ്രകാരം കാണാതായവരിൽ 40 മുതിർന്നവരും 170 ലധികം കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. ഗോമയിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ച വേളയിൽ 150ലധികം കുട്ടികൾ കുടുംബത്തിൽ നിന്ന് വേർപെട്ടതായും റിപ്പോർട്ടിൽ പറയുന്നു.
20,000 പേർ ഭവനരഹിതരാണെന്ന് ഇന്‍റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ കണക്കാക്കുന്നു. ഗോമയ്‌ക്ക് ചുറ്റുമുള്ള മൂന്ന് ഗ്രാമ പ്രദേശങ്ങളും അഗ്നിപർവ്വത സ്‌ഫോടനത്തിൽ നശിച്ചു. ഗോമയിലെ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്.
Also Read: അഗ്നിപർവ്വത സ്ഫോടനത്തിന് ശേഷം ഭൂചലന ഭീഷണിയില്‍ കോംഗോ
ആളുകളെ കുടിയൊഴിപ്പിച്ചപ്പോൾ പ്രദേശത്ത് നടന്ന മോഷണം, പ്രത്യേകിച്ച് മോട്ടോർ ബൈക്കുകളുടെ മോഷണം എന്നിവയും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഒസിഎച്ച്എ അറിയിച്ചു. ഗോമാ-രുത്‌സുരു റോഡിൽ ഏകദേശം രണ്ട് കിലോമീറ്റർ വരെ ലാവ ഒഴികിയെത്തി. ലാവാ പ്രവാഹം നിലച്ചപ്പോൾ 500,000 ത്തോളം ആളുകൾക്ക് വൈദ്യുതിയും വെള്ളവുമില്ല. ഭൂചലനം ഉണ്ടായിട്ടില്ല. റുവാണ്ട അതിർത്തിയിൽ റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റുബാവു ജില്ലയിലെ കിവു തടാകത്തിൽ നിന്നാണ് ഉണ്ടായതെന്ന് ഒസിഎച്ച്എ പറഞ്ഞു. മെയ് 22ന് രാത്രി ഏഴ് മണിയോടെയാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്.
അതേസമയം കിഴക്കൻ ഡിആർസിയിൽ 2002ല്‍ നടന്ന അഗ്നിപർവ്വത സ്‌ഫോടനത്തിൽ 250 ഓളം പേർ മരിച്ചിരുന്നു.