സാൻ അന്‍റോണിയോ: കുടുംബ കലഹം നടക്കുന്ന സ്ഥലത്തെത്തിയ രണ്ടു പോലീസുകാരെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതി വെടിവച്ച് മരിച്ചു. ശനിയാഴ്ച ടെക്‌സാസിലെ മക്കാലനിയിലാണ് സംഭവം. ശനിയാഴ്ച വൈകിട്ട് മക്കാലന്‍ പൊലീസ് ചീഫ് വിക്ടര്‍ റോഡ്ഡ്രിഗ്‌സാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്. എഡൽമിറോ ഗാർസ, ഇസ്മായിൽ ഷാവേസ് എന്നിവരാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. എട്ട് വർഷത്തിലേറെയായി ഗാർസ പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥനാണ്, ഷാവേസിന് രണ്ട് വർഷത്തിലേറെ പ്രവൃത്തി പരിചയമാണുള്ളത്. കാമറില്ലോ എന്നയാളാണ് പൊലീസുകാർക്ക് നേരെ വെടിയുതിർത്ത് ശേഷം ആത്മഹത്യ ചെയ്തത്.
സൗത്ത് ടെക്‌സാസിലെ മക്കാലനിലുള്ള വീട്ടില്‍ പ്രശ്നം നടക്കുന്നതറിഞ്ഞ് എത്തിയ പൊലീസുകാർക്ക് നേരെ വീടിനകത്ത് ഒളിച്ചിരുന്ന പ്രതി വെടിയുതിർക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പൊലീസ് ചീഫ് പറഞ്ഞു. സംഭവത്തിൽ വീടിനകത്ത് ഒളിച്ചിരുന്ന പ്രതികളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടുവെങ്കിലും അയാള്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
23കാരനായ കാമറില്ലോ ഇതിന് മുമ്പും പല കേസുകളിലും പൊലീസ് പിടിയിൽ ആയിട്ടുണ്ട്. 2016 മുതൽ കഴിഞ്ഞ മാസം വരെ കാമറില്ലോ വിവിധ കേസുകളിൽപ്പെട്ട് കസ്റ്റഡിയിൽ ആയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.