അൽജീരിയൻ പ്രസിഡന്‍റ് അബ്ദുൾഅസീസ് ബോട്ടിഫ്ളിക്കെതിരെ രാജ്യ തലസ്ഥാനത്ത് വൻ പ്രതിഷേധം. 82 വയസ്സും അനോരോഗ്യവുമുള്ള പ്രസിഡന്‍റ് അഞ്ചാം തവണയാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങുന്നത്. ഏപ്രിലിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജ്യ വ്യാപകമായി പ്രതിഷേധ പ്രകടനം.
2001 മുതൽ രാജ്യത്ത് എല്ലാവിധത്തിലുള്ള പ്രതിഷേധങ്ങളും നിരോധിച്ചിരുന്നു. എന്നാൽ നഗരത്തിൽ 'ബോട്ടിഫ്ളിക്കഗോ ബാക്ക്' എന്ന മുദ്രാവാക്യവുമായി നിരവധി വിദ്യാർഥികളും ജനങ്ങളും എത്തിയതോടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയായിരുന്നു. നഗരങ്ങളായ ഓറാൻ, ബട്ന, ബ്ലിഡ, സ്കിക്ഡ, ബൂയിറ എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നതായി അധികൃതർ വ്യക്തമാക്കി.
1999 മുതൽ അൽജീരിയയുടെ പ്രസിഡന്‍റ് പദവിയിൽ തുടരുന്ന അബ്ദുൾഅസീസ് ബോട്ടിഫ്ളിക്കെയ്ക്ക് 2013 ൽ പക്ഷാഘാതം ഉണ്ടായി. ഇതിനു ശേഷം പൊതു വേദികളിൽ അപൂർവമായാണ് പ്രസിഡന്‍റ് പ്രത്യക്ഷപ്പെട്ടിരുന്നത്. 82 വയസ്സുള്ള ബോൾട്ടഫിക്ക അഞ്ചാം തവണയും പ്രസിഡന്‍റ് സ്ഥാനം ലക്ഷ്യമിട്ട് പ്രചാരണ പരിപാടികൾ കഴിഞ്ഞാഴ്ച്ച തുടങ്ങിയിരുന്നു. എന്നാൽ പ്രതിഷേധങ്ങളോട് പ്രസിഡന്‍റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.