ആഫ്രിക്കയിലെ മൂന്നിലൊരു ഭാഗം സിംഹങ്ങളുടെയും വിഹാര കേന്ദ്രമാണ് ടാന്‍സാനിയ. ആഫ്രിക്കയിലെ ഗോത്രവിഭാഗങ്ങളിലൊന്നായ മസായ് മാര ഗോത്ര വിഭാഗക്കാരും ഇതേ ഭൂമിയിലാണ് ജീവിക്കുന്നത്. കന്നുകാലി വളര്‍ത്തലാണ് ഇവരുടെ പ്രധാന തൊഴില്‍ മാര്‍ഗം. സിംഹവിഹാര ഭൂമിയില്‍ കന്നുകാലിക്കൂട്ടങ്ങളുമായി മസായ് മാര ജനവിഭാഗവും ജീവിച്ചുപോരുന്നു.
മസായ് മാര ഗോത്രത്തിലെ സൈറ്റോട്ടി പെട്രോ, തന്‍റെ അച്ഛന്‍റെ പാതയായിരുന്നു പിന്തുടര്‍ന്നിരുന്നത്. കന്നുകാലികളെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ അവനും വേട്ടയാടാറുണ്ടായിരുന്നു. മസായ് മാരകളുടെ ഭക്ഷണവും വരുമാനമാര്‍ഗവുമായ കന്നുകാലികളെ സിംഹങ്ങൾ കൊന്നൊടുക്കുമ്പോൾ അവര്‍ തിരിച്ചടിക്കുന്നുവെന്ന് മാത്രം. എന്നാല്‍ ആഫ്രിക്കയിലെ സിംഹങ്ങളുടെ എണ്ണം ക്രമാതീതമായി കുറയാന്‍ തുടങ്ങി. കഴിഞ്ഞ രണ്ട് ദശകത്തിനുള്ളില്‍ സിംഹങ്ങളുടെ എണ്ണത്തില്‍ 40 ശതമാനത്തിലേറെ ഇടിവ് സംഭവിച്ചു. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ സിംഹവും സ്ഥാനം പിടിച്ചു.
മുമ്പ് സിംഹങ്ങളുടെ ഘാതകനായിരുന്ന സൈറ്റോട്ടി പെട്രോ ഇന്ന് സിംഹങ്ങളുടെ സംരക്ഷകനാണ്. ഇല്ലാതായിക്കൊണ്ടിരിക്കുന്ന സിംഹഗര്‍ജനങ്ങൾ ടാന്‍സാനിയയിലെ പുല്‍മേടുകളില്‍ ഉയര്‍ന്നുകേൾക്കാനായി അവന്‍ ശബ്‌ദമുയര്‍ത്തുന്നു. പെട്രോയെ പോലെ മസായ് മാരയിലെ അമ്പതോളം ആളുകളെയാണ് ആഫ്രിക്കന്‍ പീപ്പിൾ ആന്‍ഡ് വൈല്‍ഡ്‌ലൈഫിന്‍റെ നേതൃത്വത്തില്‍ സിംഹങ്ങളുടെ സംരക്ഷണത്തിനായി പങ്കാളികളാക്കിയിരിക്കുന്നത്. കന്നുകാലികളെ സിംഹങ്ങളില്‍ നിന്നും രക്ഷിക്കാനായി അവര്‍ മേച്ചില്‍പ്പുറങ്ങളിലേക്ക് കൂട്ടുപോകുന്നു. ഇതിലൂടെ അവര്‍ സിംഹങ്ങളുടെ സംരക്ഷകരായും മാറുന്നു. രാത്രിയിലെ കന്നുകാലി ആക്രമണങ്ങൾ തടയാനായി ആയിരത്തോളം വീടുകളിലാണ് അക്കേഷ്യാ മരങ്ങൾ ഉപയോഗിച്ചും മറ്റും ഇവര്‍ വേലികൾ നിര്‍മിച്ച് നല്‍കിയത്.
2017 ല്‍ കന്നുകാലി ആക്രമണങ്ങൾക്കുള്ള തിരിച്ചടിയായി സിംഹങ്ങൾക്ക് നേരെ 15 ആക്രമണങ്ങളായിരുന്നു നടന്നത്. എന്നാല്‍ 2019 ആകുമ്പോഴേക്കും സിംഹവേട്ടകളുടെ എണ്ണം മൂന്നായി കുറഞ്ഞു. മസായ് മാര ജനതയില്‍ നിന്നുള്ള ആക്രമണങ്ങൾ കുറഞ്ഞെങ്കിലും സിംഹങ്ങൾക്ക് നേരെയുള്ള മറ്റ് വേട്ടയാടലുകൾ ഇപ്പോഴും തുടരുകയാണ്. സിംഹങ്ങളുടെ പ്രത്യുല്‍പാദന ഇടവേളകൾ കുറവായതിനാല്‍ അവയ്‌ക്ക് സ്വതന്ത്രമായി വിഹരിക്കാന്‍ കുറച്ച് സമയം അനുവദിക്കുകയാണെങ്കില്‍ സിംഹങ്ങളുടെ തിരിച്ചുവരവ് സാധ്യമാണെന്ന് ആഫ്രിക്കന്‍ പീപ്പിൾ ആന്‍ഡ് വൈല്‍ഡ്‌ലൈഫ് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു. തന്‍റെ കന്നുകാലികളെ ആക്രമിച്ച രണ്ട് പുള്ളിപ്പുലികളെയും ഒരു സിംഹത്തെയും കൊന്നിട്ടുണ്ടെങ്കിലും പെട്രോയുടെ അച്ഛന്‍ ഇന്ന് അവയെ നോക്കിക്കാണുന്നത് പുതിയ തലങ്ങളിലൂടെയാണ്. 'അവയുടെ അലര്‍ച്ച ഇന്നും കേൾക്കാറുണ്ടെങ്കിലും ഞാന്‍ അത് ഇഷ്‌ടപ്പെടുന്നു'- മസായ് മാര ജനതയുടെ പ്രതിനിധിയായി അദ്ദേഹം പറയുന്നു.