മോസ്‌കോ: കസാഖിസ്ഥാനിലെ ഇന്ധനവില വർധനയെ തുടർന്നുണ്ടായ പ്രക്ഷോഭത്തിൽ മരണ സംഖ്യ ഉയരുന്നു. രാജ്യത്ത് ഒരാഴ്‌ചയായി തുടരുന്ന പ്രക്ഷോഭത്തിൽ 164 പേർ കൊല്ലപ്പെട്ടുവെന്ന് ആരോഗ്യ മന്ത്രാലയം. കസാഖിസ്ഥാനിലെ പ്രധാന നഗരമായ അൽമാറ്റിയിൽ മാത്രം 103 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.
പ്രക്ഷോഭത്തെപ്പറ്റി 125 വ്യത്യസ്‌ത അന്വേഷണങ്ങളാണ് നിലവിൽ നടക്കുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി 5000ത്തിൽ പരം പ്രക്ഷോഭകരെയാണ് ഇതിനകം അറസ്റ്റ് ചെയ്‌തത്.
'175 മില്യൺ യൂറോയുടെ പ്രോപ്പർട്ടി ഡാമേജ്'
പ്രക്ഷോഭത്തിൽ 175 മില്യൺ യൂറോയുടെ പ്രോപ്പർട്ടി ഡാമേജ് സംഭവിച്ചതെന്നാണ് പ്രാഥമിക കണക്കുകൾ. 100ഓളം ബിസിനസുകളും ബാങ്കുകളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. പ്രക്ഷോഭത്തിൽ 400ൽ അധികം വാഹനങ്ങൾ നശിപ്പിക്കപ്പെട്ടു. അതേ സമയം രാജ്യത്തിന്‍റെ എല്ലാ മേഖലകളിലും ഞായറാഴ്‌ച സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് ഇന്‍റീരിയർ മന്ത്രാലയം വ്യക്തമാക്കി.
ഒരാഴ്‌ച കൊണ്ടു ഇരട്ടിയായി ഇന്ധനവില
ഇന്ധന വിലക്കയറ്റത്തിനെതിരായ രോഷമാണ് കസഖിസ്ഥാനില്‍ ദേശീയ പ്രക്ഷോഭമായി പടർന്നത്. രാജ്യത്ത് ഒട്ടേറെപ്പേർ വാഹനങ്ങളിൽ എൽപിജിയാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. പക്ഷേ എൽപിജി വിലപരിധി എടുത്തുകളഞ്ഞതോടെ ഒരാഴ്‌ച കൊണ്ടു വില ഇരട്ടിയാവുകയായിരുന്നു. പ്രൊവിൻഷ്യൽ പ്രദേശങ്ങളിൽ ആരംഭിച്ച പ്രതിഷേധം പെട്ടെന്ന് തന്നെ അക്രമാസക്തമാകുകയും പ്രധാന നഗരങ്ങളിലേക്ക് വ്യാപിക്കുകയുമായിരുന്നു. പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവരെ കണ്ടാൽ വെടിവയ്‌ക്കാൻ പ്രസിഡന്‍റ് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയും വലിയ പ്രതിഷേധം ഉയർന്നിരുന്നു.
റഷ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന കസാഖിസ്ഥാനില്‍
കസഖ്‌സ്ഥാൻ പ്രസിഡന്‍റ് കാസിം ജോമാർത് ടോകയേവ് പ്രക്ഷോഭത്തെ അടിച്ചമർത്താൻ റഷ്യയുടെ സഹായം തേടിയിരുന്നു. ഇതിനെ തുടർന്ന് വ്യാഴാഴ്‌ച റഷ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന കസാഖ് തെരുവുകളുടെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്.
READ MORE: കസാഖിസ്ഥാനില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കണം ; വിദേശകാര്യ മന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്