ട്രിപ്പോളി: ലിബിയയിൽ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യം ഉണ്ടായാൽ 700,000 അഭയാർഥികളെക്കുറിച്ച് ആങ്കയുണ്ടെന്ന് ഐക്യരാഷ്ട്രസഭ. യുദ്ധം തകര്‍ത്ത രാജ്യങ്ങളിൽ കൊവിഡിനെ നേരിടുന്നത് ബുദ്ധിമുട്ടാണെന്നും അതിനാൽ യുദ്ധം അവസാനിപ്പിക്കണമെന്നും സമാധാനം നിലവിൽ വന്നാൽ മാത്രമാണ് മഹാമാരിക്കെതിരെ പോരാടാനാകുവെന്നും അഭയാർഥികൾക്കായുള്ള യുഎൻ ഹൈക്കമ്മിഷണർ ഫിലിപ്പോ ഗ്രാൻഡി പറഞ്ഞു. യുഎൻ സെക്രട്ടറി ജനറൽ ആന്‍റോണിയോ ഗുട്ടെറസും കഴിഞ്ഞ ദിവസം ഇതേ കാര്യം ആവശ്യപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാറ്റോയുടെ പിന്തുണയുള്ള പ്രക്ഷോഭത്തിൽ രാജ്യത്തിന്‍റെ ദീർഘകാല നേതാവ് മുഅമ്മർ ഗദ്ദാഫി കൊല്ലപ്പെട്ട 2011 മുതൽ രാജ്യം പ്രക്ഷുബ്ധമാണ്. 2014 മുതൽ രാജ്യത്തിന്‍റെ നിയന്ത്രണം അവകാശപ്പെട്ടുള്ള ആഭ്യന്തര യുദ്ധത്തില്‍ ലിബിയ കൂടുതൽ വിഭജിക്കപ്പെട്ടിട്ടുണ്ട്. ലിബിയയില്‍ വര്‍ഷങ്ങളായി നാഷണല്‍ അക്കോര്‍ഡും (ജി.എന്‍.എ) ഖലീഫ് ഹഫ്തറിന്‍റെ നേതൃത്വത്തിലുള്ള ലിബിയന്‍ നാഷണല്‍ ആര്‍മിയും തമ്മില്‍ പോരാട്ടം രൂക്ഷമാണ്.
നിലവിൽ ലിബിയയിൽ ഒരു മരണം അടക്കം 17 കൊവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊവിഡിനെ നേരിടുന്നതിന്‍റെ ഭാഗമായി രാജ്യത്ത് നിരോധനാജ്ഞ പ്രഖ്യപിച്ചിരിക്കുകയാണ്.