തെക്കൻ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ കഴിഞ്ഞ ആഴ്ചയുണ്ടായചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും 417 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. മരണസംഖ്യ ഉയർന്നേക്കാമെന്നും സ്ഥിതിഗതികൾ രൂക്ഷമായി തുടരുകയാണെന്നും മൊസാംബിക്ക് പരിസ്ഥിതി വകുപ്പു മന്ത്രി സെൽസൊ കൊറിയ മാധ്യമങ്ങളോട് പറഞ്ഞു. 1500 ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
സിംബാബ് വേ, മൊസാംബിക്ക്, മലാവി എന്നീ രാജ്യങ്ങളിലാണ് ശക്തമായ മഴയും കാറ്റും ജനജീവിതം ദുസ്സഹമാക്കിയത്. മൂന്നിടത്തുമായി 732 പേരാണ് ഇതുവരെ മരിച്ചത്. ചുഴലിക്കാറ്റിൽ സിംബാബ് വേയിൽ 259 പേരാണ് മരിച്ചത്. മലാവിയിൽ 56 മരണം റിപ്പോർട്ട് ചെയ്തു. ബെയ്റയിൽ 170 കിലോമീറ്റർ വേഗത്തിൽ വീശിയ കാറ്റിലും വെള്ളപ്പൊക്കത്തിലും ഒട്ടുമിക്ക കെട്ടിടങ്ങളും മരങ്ങളും പാലങ്ങളും റോഡുകളും ഒലിച്ചുപോയി.
കൂടാതെ ബെയ്റയിൽ കോളറയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോളറ നിയന്ത്രണ വിധേയമല്ലെന്നുംമലിനജലത്തിലൂടെ രോഗം പടരാൻ സാധ്യത കൂടുതലാണെന്നും റെഡ്ക്രോസ് വ്യക്തമാക്കി. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണത്തിനും മരുന്നിനും വസ്ത്രത്തിനുമെല്ലാം കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നതെന്ന് സെല്‍സൊ കൊറിയ അറിയിച്ചു. റോഡുകൾ ഇനിയും ഗതാഗതയോഗ്യമാവേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ബെയ്റയിലൂടെ ഒഴുകുന്ന ബുസി, പുംഗ്‌വെ നദികൾ വീണ്ടും കരകവിയാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.വെള്ളം പൂർണമായും വറ്റുന്നതോടെയേദുരന്തത്തിന്‍റെയഥാർത്ഥമുഖം വ്യക്തമാകൂവെന്ന്മൊസാംബിക്കിലെ യുഎൻ ഓഫീസ് കോ-ഓർഡിനേറ്റർ സെബാസ്റ്റ്യൻ റോഡ്സ് സ്റ്റാമ്പ പറഞ്ഞു.