കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ ദുഃഖമുണ്ടെന്നും കൃത്യമായ അന്വേഷണം വേണമെന്നും കണ്ണൂര്‍ ജില്ല പഞ്ചായത്ത് മുന്‍ അധ്യക്ഷ പിപി ദിവ്യ. ജാമ്യം ലഭിച്ചതിന് പിന്നാലെ പുറത്തിറങ്ങി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദിവ്യ.
നവീൻ ബാബുവിന്‍റെ മരണത്തിൽ വളരെയധികം ദുഃഖമുണ്ട്. രണ്ട് പതിറ്റാണ്ടായി പൊതുരംഗത്ത് ഉള്ളയാളാണ് താന്‍. സദുദ്ദേശപരമായി മാത്രമേ ഏത് ഉദ്യോഗസ്ഥരോടും സംസാരിക്കാറുള്ളൂ. നിയമത്തിൽ വിശ്വസിക്കുന്നു. എന്‍റെ ഭാഗം കോടതിയില്‍ പറയും.
നവീന്‍ ബാബുവിന്‍റെ മരണത്തില്‍ കൃത്യമായ അന്വേഷണം വേണം. തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ കോടതിയില്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പിപി ദിവ്യ പറഞ്ഞു.
വൈകുന്നേരം 5 മണിയോടെയാണ് ദിവ്യ ജയിൽ മോചിതയായത്. സിപിഎമ്മിന്‍റെ ഉന്നത നേതാക്കളും ജയിലിൽ എത്തിയിരുന്നു. എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യ കേസിൽ ജയിലിലായിരുന്ന പിപി ദിവ്യ 11 ദിവസത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത്. ജില്ല വിട്ട് പുറത്ത് പോകരുത്, എല്ലാ തിങ്കളാഴ്‌ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം.
'ജാമ്യം ലഭിച്ചത് കൊണ്ട് പിപി ദിവ്യ നിരപരാധിയാകുന്നില്ല': കെ സുധാകരൻ
തിരുവനന്തപുരം: ജാമ്യം ലഭിച്ചത് കൊണ്ട് പിപി ദിവ്യ നിരപരാധിയാകുന്നില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി. കേസിന്‍റെ വസ്‌തുതകള്‍ പരിശോധിച്ചല്ല, മറ്റുചില കാര്യങ്ങള്‍ പരിഗണിച്ചാണ് കോടതി ജാമ്യം നല്‍കിയതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. അത് സ്വാഭാവിക നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിപി ദിവ്യ നിരപരാധിയാകുമെന്ന് സിപിഎം കരുതേണ്ടതില്ല. കേസില്‍ നിന്ന് ജാമ്യം കിട്ടിയത് കൊണ്ട് മോചിതയായിട്ടില്ല. പിപി ദിവ്യയുടെ മാത്രം ആത്മവിശ്വാസമാണ് നിരപരാധിത്വം തെളിയിക്കുമെന്നത്. നീതിക്കായി എഡിഎമ്മിന്‍റെ കുടുബം നടത്തുന്ന നിയമ പോരാട്ടങ്ങള്‍ക്ക് കോണ്‍ഗ്രസിന്‍റെ പൂര്‍ണ്ണ പിന്തുണയുണ്ടാകും.
കുറ്റകൃത്യത്തെ നിസാരവത്കരിക്കാന്‍ സര്‍ക്കാരും എല്‍ഡിഎഫും ശ്രമിച്ചാല്‍ കോൺഗ്രസ് അതിനെ ശക്തമായി പ്രതിരോധിക്കും. പൊലീസിന്‍റെ അന്വേഷണത്തില്‍ സത്യം തെളിയില്ല. പൊലീസിന്‍റെ കൈകള്‍ ബന്ധിച്ചാണ് അന്വേഷണത്തിന് വിട്ടത്. ഇതേ പൊലീസാണ് കീഴടങ്ങാനും ഒളിവില്‍ കഴിയാനും സൗകര്യം നല്‍കിയതെന്നും സുധാകരന്‍ പറഞ്ഞു.
കേസില്‍ ജൂഡീഷ്യല്‍ അന്വേഷണത്തിന്‍റെ സാധ്യതകള്‍ പരിശോധിക്കും. പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ പിപി ദിവ്യ തെറ്റുതിരുത്തി മുന്നോട്ട് പോകുമെന്ന് പറഞ്ഞത് തന്നെ പരസ്യമായ കുറ്റസമ്മതമാണ്. സിപിഎമ്മിന് പിപി ദിവ്യ തെറ്റ് ചെയ്തെന്ന ബോധ്യമുണ്ട്. പിപി ദിവ്യയുടെ നടപടികളാണ് എഡിഎമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്.
നല്ല അഭിപ്രായം മാത്രമാണ് എല്ലാവര്‍ക്കും എഡിഎമ്മിനെ കുറിച്ചുള്ളത്. അപമാനത്തിന്‍റെ ചെളിക്കുണ്ടിലേക്ക് അദ്ദേഹത്തെ പിപി ദിവ്യ തള്ളിവിട്ടപ്പോഴാണ് ആത്മഹത്യ ചെയ്‌തത്. ആത്മാര്‍ത്ഥതയില്ലാതെയാണ് പിപി ദിവ്യയ്‌ക്കെതിരെ സിപിഎമ്മിന്‍റെ സംഘടന നടപടി.
കളക്‌ടര്‍ എഡിഎമ്മിനെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്ന മൊഴി പൊലീസിന് നല്‍കിയതിന് പിന്നിലും ഇടപെടലുണ്ടെന്ന് കെ സുധാകരന്‍ വാർത്ത കുറിപ്പിലൂടെ പറഞ്ഞു.
Also Read: പിപി ദിവ്യയ്‌ക്ക് ജാമ്യം; 11 ദിവസത്തിന് ശേഷം പുറത്തേക്ക്