മപൂറ്റോ(മൊസാമ്പിക്യൂ): ആഫ്രിക്കയുടെ കിഴക്കന്‍ തീരപ്രദേശത്തുണ്ടായ കെന്നത്ത് ചുഴലിക്കാറ്റിനെത്തുടര്‍ന്ന് മുപ്പതിനായിരത്തോളം പേരെ പ്രദേശത്ത് നിന്ന് മാറ്റിയതായി മൊസാബിക്കന്‍ സര്‍ക്കാര്‍ അറിയിച്ചു. വ്യാഴാഴ്ച അർദ്ധരാത്രിയോടെ മണിക്കൂറിൽ 220 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്. ശക്തമായ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കോമറോസ് ദ്വീപില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുവെന്ന് മൊസാമ്പിക്കൻ ദേശീയ ദുരന്തനിവാരണ കേന്ദ്രം അറിയിച്ചു.
1000 പേരുടെ മരണത്തിനിടയാക്കിയ ഐഡൈ കൊടുങ്കാറ്റിന് പിന്നാലെയാണ് പ്രദേശത്ത് വീണ്ടും ചുഴലിക്കാറ്റ് വീശുന്നത്. ഐഡൈ ചുഴലിക്കാറ്റിനെ ദക്ഷിണ ഭൂഗോളത്തിലുണ്ടായ ഏറ്റവും ഭീകരമായ കൊടുങ്കാറ്റായാണ് യുഎന്‍ വിശേഷിപ്പിച്ചത്. വീണ്ടും ശക്തമായ കൊടുങ്കാറ്റുണ്ടാകുന്നത് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നതായി യുഎന്‍ അറിയിച്ചു.