ലാഗോസ്: നൈജീരിയയിലെ വടക്കൻ സംസ്ഥാനമായ ജിഗാവയിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ 18 പേർ മരിച്ചു. സംസ്ഥാനത്തെ ബിർനിങ്കുഡു പ്രദേശത്ത് എതിർദിശയിലൂടെ വന്ന ബസുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്നുണ്ടായ അഗ്നിബാധയിൽ യാത്രക്കാരുൾപ്പെടെ 18 പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.
അപകടത്തിൽ ഡ്രൈവർമാരിൽ ഒരാൾ പരിക്കുകളോടു കൂടി രക്ഷപ്പെട്ടു. കാലിൽ പരിക്കേറ്റ ഡ്രൈവറെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജിഗാവ പൊലീസ് അറിയിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് കൂട്ടിച്ചേർത്തു. കഴിഞ്ഞ കുറേ ദിവസങ്ങളിലായി നൈജീരിയയിൽ മാരകമായ റോഡപകടങ്ങൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. അമിതഭാരം, റോഡുകളുടെ മോശം അവസ്ഥ, അശ്രദ്ധമായ ഡ്രൈവിങ് എന്നിവ മൂലമാണ് പലപ്പോഴും അപകടങ്ങൾ സംഭവിക്കുന്നത്.