കോട്ടയം: നൂറ്റാണ്ടുകൾക്ക് മുൻപ് ആലപ്പുഴയില്‍ നിന്ന് കോട്ടയത്തേക്ക് വന്നിരുന്ന ബോട്ടുകൾക്കും ചരക്കു വള്ളങ്ങൾക്കും വഴികാട്ടിയായിരുന്ന മൺറോ വിളക്ക് വീണ്ടും തെളിയുന്നു. കഴിഞ്ഞ 20 വർഷമായി മിഴിയടച്ച മൺറോ വിളക്ക് തെളിയിക്കാനും വിളക്കു മരം സംരക്ഷിക്കാനും കോട്ടയം സിഎംഎസ് കോളജിലെ പൂർവ വിദ്യാർഥി സംഘടന തയ്യാറായി. വിളക്കുമരത്തിന്‍റെ സംരക്ഷണത്തിനും നവീകരണത്തിനുമായി 50 ലക്ഷം രൂപയുടെ പദ്ധതി പൂർവ വിദ്യാർഥി സംഘടന തയ്യാറാക്കിയിട്ടുണ്ട്.
കുട്ടനാട് പാക്കേജിന്‍റെ മീനച്ചിലാര്‍- മീനന്തലയാര്‍- കൊടൂരാര്‍ നദീ പുനര്‍സംയോജന പദ്ധതിയിലുള്‍പ്പെടുത്തിയാണ് വിളക്കുമരം സംരക്ഷിക്കുന്നത്. മൺറോ വിളക്കിന്‍റെ ദുരവസ്ഥയെ കുറിച്ച് ഈമാസം ഒന്നിന് ഇടിവി ഭാരത് വാർത്ത നല്‍കിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് മൺറോ വിളക്ക് നവീകരണവും സംരക്ഷണവും നടക്കുന്നത്. നദീ പുനര്‍സംയോജനത്തിന്‍റെ ഭാഗമായി വിളക്കുമരം സ്ഥിതി ചെയ്യുന്ന പള്ളം പഴുക്കമലക്കായലും പരിസരവും ടൂറിസം വികസന സാധ്യതയില്‍ ഉൾപ്പെടും.
കൂടുതല്‍ വായനക്ക്: മിഴിയടച്ച് കോട്ടയത്തിന്‍റെ മൺറോ വിളക്ക്: സംരക്ഷിക്കണമെന്ന് ആവശ്യം
സിഎംഎസ് കോളജിലെ പൂർവ വിദ്യാർഥി സംഘടനയുടെ നവീകരണ- സംരക്ഷണ പദ്ധതി സ്വാഗതാർഹമാണെന്ന് നദീ പുനർസംയോജന പദ്ധതി കണ്‍വീനര്‍ അഡ്വ. അനില്‍ കുമാർ പറഞ്ഞു. തിരുവിതാംകൂർ ദിവാനായിരുന്ന കേണൽ മൺറോയാണ് 200 വർഷങ്ങൾക്ക് മുൻപ് വിളക്കുമരം നിർമിച്ചത്. നൂറ്റാണ്ടുകൾക്കിപ്പുറം തുരുമ്പെടുത്ത് നാശോന്മുഖമായി കൊണ്ടിരുന്ന മൺറോ വിളക്ക് ചരിത്രസ്മാരകമായി സംരക്ഷിക്കപ്പെടണമെന്ന ആവശ്യവും ശക്തമാണ്.