തിരുവനന്തപുരം: ലോകായുക്ത നിയമത്തില്‍ ഭേദഗതി വരുത്തി കൊണ്ടുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍റെ തീരുമാനം വൈകുന്നു. സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഗവര്‍ണ്ണറുടെ മുന്നിലെത്തി ദിവസങ്ങല്‍ കഴിഞ്ഞിട്ടും ഓര്‍ഡിനന്‍സില്‍ ഒപ്പ് വയ്ക്കണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെയുണ്ടായിട്ടില്ല.
പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ ഗവര്‍ണര്‍ ചോദിച്ച വിശദീകരണം സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. സര്‍ക്കാര്‍ വിശദീകരണത്തിനു ശേഷം ഗവര്‍ണറുടെ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും തീരുമാനം നീളുകയാണ്. നിയമ വശങ്ങള്‍ കൂടി പരിശോധിച്ച ശേഷമാകും ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടണോ വേണ്ടേയെന്ന് തീരുമാനിക്കുക.
Also Read: നിയമസഭയുടെ ബജറ്റ് സമ്മേളന തീയതി നിശ്ചയിക്കാതെ മന്ത്രിസഭായോഗം
ലോകായുക്ത നിയമ ഭേദഗതി എ.ജി നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാല വി.സി പുനര്‍ നിയമനത്തില്‍ എ ജിയുടെ നിയമോപദേശത്തില്‍ തിടുക്കപ്പെട്ട് തീരുമാനം എടുത്തത് ശരിയായില്ലെന്ന വിലയിരുത്തല്‍ ഗവര്‍ണര്‍ക്കുണ്ട്. അതിനാല്‍ എല്ലാ നിയമവശങ്ങളും പരിശോധിച്ചാകും ഗവര്‍ണറുടെ തീരുമാനം.
ഗവര്‍ണര്‍ ഓര്‍ഡിനര്‍സില്‍ ഒപ്പിട്ടാല്‍ അത് സര്‍ക്കാരിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. അങ്ങനെയെങ്കില്‍ പ്രതിപക്ഷം ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഗവര്‍ണറുടെ നിര്‍ണായക തീരുമാനം കാത്ത് സര്‍ക്കാര്‍ ബജറ്റ് സമ്മേളനത്തിനായി നിയമസഭ ചേരുന്ന തിയതി പ്രഖ്യാപിക്കുന്നത് മാറ്റിയിരിക്കുകയാണ്.
18 ന് സഭ ചേരാനായിരുന്നു ആലോചന. ഗവര്‍ണറുടെ തീരുമാനം കൂടി അറിഞ്ഞ് ഞായറാഴ്ച മുഖ്യമന്ത്രി തിരികെയെത്തിയ ശേഷമാകും സഭ സമ്മേളനത്തിന്റെ തിയതി പ്രഖ്യാപിക്കുക. മുഖ്യമന്ത്രി ഗവര്‍ണറെ രാജ്ഭവനിലെത്തി നേരില്‍ കാണാനും സാധ്യതയുണ്ട്.