ന്യൂഡല്‍ഹി: ചൈന അതിര്‍ത്തിയിലെ താത്കാലിക നിർമാണങ്ങൾ പൊളിച്ചു നീക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ഇരു സേനകളും ഇന്നലെ അതിര്‍ത്തിയില്‍ നിന്നും പിന്മാറ്റം തുടങ്ങിയതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രഖ്യാപനം.
ഗോഗ്ര-ഹോട്‌സ്‌പ്രിങ്‌സ് മേഖലയിലെ 15ാമത് പട്രോളിങ് പോയിന്‍റില്‍ നിന്നാണ് പിന്മാറ്റം. ചൈനീസ് സൈന്യം വെള്ളിയാഴ്‌ചയാണ് ഇതുസംബന്ധിച്ച് സ്ഥിരീകരണം നടത്തിയത്. അടുത്ത ആഴ്ചയോടെ പിന്മാറ്റം പൂർത്തിയാക്കാനാണ് ഇരു രാജ്യങ്ങളുടെയും ധാരണ. ഈ മാസം പതിനഞ്ചിന് ഉസ്ബെക്കിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായി ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയും ഷി ജിൻപിങും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
ഇരുരാജ്യങ്ങളും 16 തവണയാണ് കമാൻഡർ തല ചർച്ചകൾ സംഘടിപ്പിച്ചത്. ഇതിനൊടുവിലാണ് ഈ നിർണായക തീരുമാനം. വരും ദിവസങ്ങങ്ങള്‍ക്കകം പൂർണ സൈനിക പിൻമാറ്റമുണ്ടാകുമെന്നാണ് വിവരം. ഉഭയകക്ഷി ബന്ധം നിലനിര്‍ത്താന്‍ യഥാർഥ നിയന്ത്രണ രേഖയിൽ (Line of Actual Control) സമാധാനം പ്രധാനമാണെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ.
2020 ഏപ്രിൽ-മേയ് മാസങ്ങളില്‍, ചൈനീസ് സൈന്യം കിഴക്കൻ ലഡാക്കിലെ സ്ഥലങ്ങളിൽ കടന്നുകയറുകയായിരുന്നു. നേരത്തേ സൈനിക വിന്യാസം ഉണ്ടാവാത്ത സ്ഥലമായിരുന്നു ഗോഗ്ര-ഹോട്‌സ്‌പ്രിങ്‌സ് മേഖല. തുടര്‍ന്ന് ഇവരെ പ്രതിരോധിച്ച് ഇന്ത്യൻ സേന രംഗത്തെത്തുകയായിരുന്നു. ശേഷം, ജൂണ്‍ മാസത്തില്‍ ഗാൽവാനിൽ ഇന്ത്യ-ചൈന സൈനികര്‍ ഏറ്റുമുട്ടുന്ന സ്ഥിതിവരെയുണ്ടായി.