കോഴിക്കോട്: കേരളത്തെ സംബന്ധിച്ച് ഇതുവരെ ഇറങ്ങിയ മുഴുവന്‍ സ്റ്റാമ്പുകളുടെയും ശേഖരവുമായി ഒരു അധ്യാപകന്‍. കുറ്റ്യാടി സ്വദേശി സി.വി കുഞ്ഞബ്ദുല്ലയാണ് മലയാളികളെയും കേരളത്തെയും കുറിച്ചുള്ള സ്റ്റാമ്പുകളെല്ലാം ശേഖരിച്ചു പ്രദര്‍ശിപ്പിക്കുന്നത്. പ്രൈമറി പഠനകാലം തൊട്ടു തുടങ്ങിയതാണ് സി.വി കുഞ്ഞബ്ദുല്ലയുടെ സ്റ്റാമ്പ് ശേഖരണം. കേവലം കൗതുകത്തിനു തുടങ്ങി ഇപ്പോള്‍ സ്റ്റാമ്പുകളുടെ വിശാലമായ ശേഖരം സൂക്ഷിക്കുന്നു ഈ റിട്ടയേഡ് അധ്യാപകന്‍.
ഇന്ത്യന്‍ തപാല്‍ വകുപ്പു പുറത്തിറക്കിയ 90 ശതമാനം സ്റ്റാമ്പുകളും ഇദ്ദേഹത്തിന്‍റെ കൈവശമുണ്ട്. കൂടാതെ ആയിരക്കണക്കിന് വിദേശ സ്റ്റാമ്പുകളും. രാജ്യത്ത് ഏത് സ്റ്റാമ്പ് പുറത്തിറങ്ങുമ്പോഴും അതിലൊന്ന് സി.വി കുഞ്ഞബ്ദുല്ല സ്വന്തമാക്കും. കേരളവുമായി ബന്ധപ്പെട്ട് ഇതിനകം 60ലേറെ സ്റ്റാമ്പുകളാണ് തപാല്‍ വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. പ്രമുഖ മലയാളികളെക്കുറിച്ച് 42 എണ്ണവും കേരളം പ്രമേയമായ 23 എണ്ണവും. ഇവയെല്ലാം കുഞ്ഞബ്ദുല്ല മാസ്റ്ററുടെ കൈവശമുണ്ട്.
1965ല്‍ ആദ്യമായി പുറത്തിറങ്ങിയ ശ്രീനാരായണ ഗുരുവിന്‍റെ സ്റ്റാമ്പ് മുതല്‍ അവസാനമായി 2019ല്‍ പുറത്തിറങ്ങിയ കെ. രാഘവന്‍ തിരുമുല്‍പ്പാടിന്റെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് വരെ അദ്ദേഹത്തിന്‍റെ ശേഖരത്തിലുണ്ട്. കേരള നിയമസഭ, ഇരങ്ങിലാക്കുട ഹോളി ക്രോസ് ചര്‍ച്ച്, സൈലന്‍റ് വാലി, ആലപ്പുഴ ലൈറ്റ് ഹൗസ്, കഥകളി തുടങ്ങിയവയും സ്റ്റാമ്പുകളില്‍ പ്രമേയമാവുന്നു.അറിയപ്പെടുന്ന ക്വിസ് മാസ്റ്റര്‍ കൂടിയാണ് സി.വി കുഞ്ഞബ്ദുല്ല.