തിരുവനന്തപുരം: കുതിച്ചുയരുന്ന കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് വോട്ടെണ്ണലിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിപുലമായ ക്രമീകരണങ്ങളൊരുക്കി. മെയ് 2 ന് രാവിലെ 8 മണിക്ക് ആദ്യം പോസ്റ്റല്‍ ബാലറ്റുകളും 8.30മുതല്‍ വോട്ടിംഗ് യന്ത്രത്തില്‍ നിന്നുള്ള വോട്ടുകളും എണ്ണിത്തുടങ്ങും. 114 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി 633 കൗണ്ടിംഗ് ഹാളുകളാണ് സജ്ജമാക്കിയിട്ടുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. കഴിഞ്ഞ തവണ 140 കൗണ്ടിംഗ് ഹാളുകള്‍ മാത്രമാണുണ്ടായിരുന്നത്.
527 ഹാളുകളില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും 106 എണ്ണത്തില്‍ തപാല്‍ ബാലറ്റുകളും എണ്ണും. സംസ്ഥാനത്താകെ 5,84,238 തപാല്‍ ബാലറ്റുകളാണ് ആകെ വിതരണം ചെയ്തിരുന്നത്. ഇതില്‍ 2,96,691 പേര്‍ 80 വയസുകഴിഞ്ഞവരും 51,711 ഭിന്ന ശേഷിക്കാരും 601 കൊവിഡ് രോഗികളുമാണ്. 2,02,602 പേര്‍ പോളിഗ് ഉദ്യോഗസ്ഥരും 32,633 അവശ്യ സര്‍വ്വീസ് വോട്ടര്‍മാരുമുണ്ട്. ഏപ്രില്‍ 28വരെ 4,54,237 പോസ്റ്റല്‍ ബാലറ്റുകള്‍ തിരിച്ചെത്തി. വോട്ടെണ്ണല്‍ ആരംഭിക്കുന്ന മെയ് രണ്ടിന് രാവിലെ 8ന് തൊട്ടു മുന്‍പുവരെ പോസ്റ്റല്‍ ബാലറ്റ് എത്തിക്കാന്‍ അവസരമുണ്ട്. വോട്ടെണ്ണല്‍ ഹാളില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 14 ടേബിളുകള്‍ ഉണ്ടായിരുന്നത് ഇത്തവണ കൊവിഡ് സാഹചര്യത്തില്‍ 7 ആയി കുറച്ചിട്ടുണ്ട്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ച നിരീക്ഷകരുടെ സാന്നിദ്ധ്യത്തിലാണ് വോട്ടെണ്ണല്‍. 24,709 ഉദ്യോഗസ്ഥരെ വോട്ടെണ്ണല്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. നിരീക്ഷകരുടെയും കൗണ്ടിംഗ് ഏജന്റുമാരുടെയും സാന്നിദ്ധ്യത്തിലാകും സ്‌ട്രോംഗ് റൂമുകള്‍ തുറക്കുക. സ്‌ട്രോംഗ് റൂമുകളുടെ സുരക്ഷയ്ക്കായി സി.എ.പി.എഫിന്റെ 49 കമ്പനികളെ നിയോഗിച്ചിട്ടുണ്ട്. ഇതിനൊപ്പം സ്റ്റേറ്റ് ആംഡ് ബറ്റാലിയനെയും സംസ്ഥാന പൊലീസ് സേനയെയും വിന്യസിക്കും. എട്ടരയോടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരും.