മലയാള സിനിമ നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഷെര്‍ഗ സന്ദീപിന് അഭിനന്ദനങ്ങൾ നേർന്ന് മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്‌മയായ വിമൻ ഇൻ സിനിമ കലക്‌ടീവ് (ഡബ്ല്യുസിസി). ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഡബ്ല്യുസിസി ഷെര്‍ഗ സന്ദീപിനെ അഭിനന്ദിച്ചത്.
പ്രൊഡ്യൂസേഴ്‌സ് യൂണിയൻ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ അംഗമായതിലൂടെ മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ പുതിയൊരു പാരമ്പര്യത്തിന് ഷെര്‍ഗ തുടക്കം കുറിച്ചിരിക്കുകയാണെന്ന് ഡബ്ല്യുസിസി ഫേസ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കല സൃഷ്‌ടിക്കപ്പെടുന്നതിന് അനുയോജ്യമായ ഒരു അന്തരീക്ഷം എല്ലാവർക്കുമായി നിലകൊള്ളട്ടെയെന്നും വിമൻ ഇൻ സിനിമ കലക്‌ടീവ് കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
ഡബ്ല്യുസിസിയുടെ ഫേസ്‌ബുക്ക് കുറിപ്പിന്‍റെ പൂർണ രൂപം: പ്രൊഡ്യൂസേഴ്‌സ് യൂണിയൻ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ അംഗമാവുക വഴി, മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയൊരു പാരമ്പര്യത്തിന് തുടക്കം കുറിച്ച ഷെർഗ സന്ദീപിന് അഭിനന്ദനങ്ങൾ നേരുന്നു.
എല്ലാവരെയും ഉൾക്കൊള്ളുന്ന ജോലിസ്ഥലങ്ങൾ, തീരുമാനമെടുക്കൽ പ്രക്രിയകളിൽ അവശ്യമായ പരിവർത്തനം കൊണ്ടുവരികയും, അതുവഴി കല സൃഷ്‌ടിക്കപ്പെടുന്നതിന് അനുയോജ്യമായ ഒരു അന്തരീക്ഷം, എല്ലാവർക്കുമായി നിലകൊള്ളുകയും ചെയ്യട്ടെ.
മലയാള സിനിമ നിര്‍മാതാക്കളുടെ അസോസിയേഷനില്‍ ഇതാദ്യമായാണ് ഒരു വനിത എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. മത്സരിച്ച് വിജയിച്ചാണ് എസ് ക്യൂബ് ഫിലിംസിന്‍റെ ഷെര്‍ഗ സന്ദീപ് എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് എത്തിയത്. സിനിമ നിര്‍മാണ രംഗത്തേക്ക് കൂടുതല്‍ വനിതകള്‍ കടന്നുവരാന്‍ പ്രചോദനമാകുന്നതാകും തന്‍റെ വിജയമെന്ന് ആയിരുന്നു എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഷെര്‍ഗയുടെ പ്രതികരണം.
മനു അശോകൻ സംവിധാനം ചെയ്‌ത 'ഉയരെ' ആയിരുന്നു എസ് ക്യൂബ് ഫിലിംസ് നിർമിച്ച ആദ്യ ചിത്രം. ഏറെ പ്രേക്ഷക - നിരൂപക ശ്രദ്ധ നേടിയ ഈ ചിത്രത്തില്‍ പാർവതി തിരുവോത്ത്, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. സിനിമ നിര്‍മാതാവ് പിവി ഗംഗാധരന്‍റെ മകൾ കൂടിയാണ് ഷെര്‍ഗ സന്ദീപ്.
അതേസമയം ആന്‍റോ ജോസഫിനെയാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുത്തത്. സെക്രട്ടറിയായി ബി രാകേഷിനെയും തെരഞ്ഞെടുത്തു. ലിസ്റ്റിന്‍ സ്റ്റീഫനാണ് അസോസിയേഷന്‍റെ ട്രഷറര്‍.
എറണാകുളം അബാദ് പ്ലാസയില്‍ വച്ച് കഴിഞ്ഞ ദിവസം നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയ നടന്നത്. മത്സരം ഉണ്ടായിരുന്നത് സെക്രട്ടറി സ്ഥാനത്തേക്കും എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്കും മാത്രമാണ്.
മറ്റു ഭാരവാഹികളായി ജി സുരേഷ്‌കുമാർ, സിയാദ് കോക്കർ (വൈസ് പ്രസിഡന്‍റുമാർ), എൻപി സുബൈർ, സന്ദീപ് സേനൻ (ജോയിന്‍റ് സെക്രട്ടറിമാർ) എന്നിവരെയും തെരഞ്ഞെടുത്തു. നിർവാഹക സമിതി അംഗങ്ങൾ - വിബികെ മേനോൻ, എം.എം ഹംസ, കിരീടം ഉണ്ണി, മുകേഷ് ആർ മേത്ത, ഫിലിപ്പ് എംസി, ഔസേപ്പച്ചൻ, ആൽവിൻ ആന്‍റണി, അനിൽ തോമസ്, എബ്രഹാം മാത്യു, തോമസ് മാത്യു, ആനന്ദ് കുമാർ, ആഷിക്ക് യുഇ, വിശാഖ് സുബ്രഹ്മണ്യം, ഷെർഗ സന്ദീപ് എന്നിവരാണ്.