ഹൈദരാബാദ്: ആക്ഷന്‍ കിങ് ടോം ക്രൂസ് (Tom Cruise ) നായകനായ മിഷന്‍ ഇംപോസിബിള്‍ ഡെഡ് റെക്കണിംഗ് പാര്‍ട്ട് വണ്‍ (Mission: Impossible - Dead Reckoning Part One) ഇന്ത്യൻ ബോക്‌സ് ഓഫിസിൽ നിന്ന് ഇതുവരെ നേടിയത് 9 കോടി രൂപ. ആഗോളതലത്തിലെ തന്നെ ഹിറ്റ് ഫ്രാഞ്ചൈസിയായ മിഷൻ ഇംപോസിബിളിന്‍റെ ഏഴാം ഭാഗം ജൂലൈ 12 നാണ് ഇന്ത്യയിൽ റിലീസായത്. താമസിയാതെ ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ക്രിസ്റ്റഫർ മക്ക്വറി (Christopher McQuarrie) സംവിധാനം ചെയ്‌ത സ്‌പൈ ആക്ഷൻ ചിത്രമാണ് 'മിഷന്‍ ഇംപോസിബിള്‍ ഡെഡ് റെക്കണിംഗ് പാര്‍ട്ട് വണ്‍'. ഹെയ്‌ലി അറ്റ്‌വെൽ (Hayley Atwell), സൈമൺ പെഗ് (Simon Pegg), വിങ് റേംസ് (Ving Rhames), വനേസ കിർബി (Vanessa Kirby) എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ പ്രകടനം കാഴ്‌ചവയ്‌ക്കുന്നുണ്ട്. നിഗൂഢവും സർവശക്തവുമായ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഫോഴ്‌സായ 'ദി എന്‍റിറ്റി'യെ ഇല്ലാതാക്കാൻ പ്രവർത്തിക്കുന്ന ഏഥൻ ഹണ്ട് എന്ന ചാരനെയും അദ്ദേഹത്തിന്‍റെ ഐഎംഎഫ് ടീമിനെയുമാണ് ഈ സിനിമ പിന്തുടരുന്നത്.
60കാരനായ 'ഏഥൻ ഹണ്ട്' ആയി ടോം ക്രൂസ് ആണ് എത്തുന്നത്. ടോം ക്രൂസിനൊപ്പം വിങ് റേംസ്, സൈമൺ പെഗ്, റെബേക്ക ഫെർഗൂസൺ എന്നിവരുടെ മടങ്ങിവരവിനുമാണ് ചിത്രം സാക്ഷിയാകുന്നത്. ആക്ഷന്‍ നായകന്‍ എന്ന് കേള്‍ക്കുമ്പോള്‍ സിനിമ പ്രേമികളുടെ ഉള്ളിൽ പല ചലച്ചിത്ര വ്യവസായങ്ങളിലുള്ള പല താരങ്ങളുടെയും മുഖങ്ങൾ വന്നേക്കാം. എന്നാൽ ഹോളിവുഡില്‍ ടോം ക്രൂസ് ആണ് ആ സ്ഥാനം ദീർഘകാലമായി സ്വന്തമാക്കിയിരിക്കുന്നതെന്ന് പറയാം. ക്യാമറയ്‌ക്ക് മുന്നില്‍ ക്രൂസ് നടത്തുന്ന സാഹസികത വർണനാതീതമാണ്.
മിഷന്‍ ഇംപോസിബിളിന്‍റെ പുതിയ പതിപ്പിലും താരം ആരാധകരെ ഞെട്ടിക്കുകയാണ്. ഇൻഡസ്‌ട്രി ട്രാക്കർ സാക്‌നിൽക്കിന്‍റെ റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം വെള്ളിയാഴ്‌ച ഇന്ത്യയിലെ എല്ലാ ഭാഷകളിൽ നിന്നും 9 കോടി രൂപയാണ് ഈ ചിത്രത്തിന് നേടാനായത്. ഇതോടെ ഇന്ത്യൻ ബോക്‌സ് ഓഫിസിലെ ചിത്രത്തിന്‍റെ മൊത്തം കളക്ഷൻ ഏകദേശം 30.30 കോടി രൂപയായി. ആദ്യ ദിനം തന്നെ ഇന്ത്യൻ ബോക്‌സ് ഓഫിസിൽ നിന്ന് ചിത്രം 12.3 കോടി സ്വന്തമാക്കിയിരുന്നു. ഇന്ത്യയിൽ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ഈ ചിത്രം റിലീസ് ചെയ്‌തത്.
അതേസമയം ആഗോളതലത്തില്‍ ബുധനാഴ്‌ച റിലീസിന് മുന്‍പ് ചൊവ്വാഴ്ചത്തെ പ്രിവ്യൂ ഷോകളില്‍ നിന്ന് മാത്രം ചിത്രം 7 മില്യണ്‍ ഡോളര്‍ നേടിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. റിലീസ് ദിനത്തിലെ കളക്ഷനും കൂടി ചേര്‍ത്താൽ ഈ ടോം ക്രൂസ് ചിത്രം നേടിയ ആഗോള ബോക്‌സ് ഓഫിസ് ഓപണിംഗ് 16 മില്യണ്‍ ഡോളറാണെന്ന് ഡെഡ്‌ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതാണ്ട് 131 കോടി രൂപയോളം വരുമിത്.
എന്നാൽ മിഷന്‍ ഇംപോസിബിള്‍ ഫ്രാഞ്ചൈസിയിലെ, 2018ൽ പുറത്തിറങ്ങിയ 'ഫാള്‍ഔട്ട്' എന്ന ചിത്രം നേടിയ ഓപണിംഗ് ഇതിനേക്കാള്‍ മുകളിലായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം 'മിഷൻ ഇംപോസിബിൾ - ഫാൾഔട്ട്' 61 മില്യൺ ഡോളറിന്‍റെ റെക്കോർഡ് നേട്ടമാണ് സ്വന്തമാക്കിയത്.
അതേസമയം റിലീസ് ചെയ്‌ത് ആദ്യ അഞ്ച് ദിവസങ്ങൾക്കുള്ളിൽ 'മിഷന്‍ ഇംപോസിബിള്‍ ഡെഡ് റെക്കണിംഗ് പാര്‍ട്ട് വണ്‍' നോർത്ത് അമേരിക്കയിൽ ഏകദേശം 85 മില്യൺ മുതൽ 95 മില്യൺ ഡോളർ വരെ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്‌ട്ര തലത്തിൽ ചിത്രം ഏകദേശം 160 മില്യൺ ഡോളർ നേടുമെന്നുമാണ് പ്രതീക്ഷ.
നേരത്തെ ചിത്രീകരണത്തിനിടെ കൊവിഡ് -19 മൂലം ഈ സിനിമ നിരവധി തിരിച്ചടികൾ നേരിട്ടിരുന്നു. കുറഞ്ഞത് അഞ്ച് തവണയെങ്കിലും ചിത്രീകരണം നിർത്തിവയ്‌ക്കേണ്ട സ്ഥിതിയും ഉണ്ടായി. ഒടുവിൽ ടോമിനും ക്രിസ്റ്റഫറിനും രോഗം പിടിപെട്ടതും തിരിച്ചടിയായിരുന്നു.