മലയാളികളെ പൊട്ടിച്ചിരിപ്പിച്ച നടന്മാരുടെ ലിസ്റ്റ് എടുത്താൽ അതിൽ മുൻനിരയിലുള്ള അഭിനേതാക്കളിൽ ഒരാളാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രി രംഗത്ത് നിന്ന് സിനിമയിലേക്കെത്തി മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ അഭിനയ പ്രതിഭ. അണ്ണൻ തമ്പി, മിസ്റ്റർ മരുമകൻ, കാര്യസ്ഥൻ, ചട്ടമ്പിനാട്, മാടമ്പി, മായാവി, റിങ് മാസ്റ്റർ, ടു കൺട്രീസ്, പട്ടണത്തിൽ ഭൂതം, വെനീസിലെ വ്യാപാരി തുടങ്ങി സുരാജ് ചിരിപ്പൂരം തീർത്ത മലയാള സിനിമകൾ നിരവധിയാണ്.
ഇതിൽ ട്രോളൻമാർ പുനർജന്മം നൽകിയ കഥാപാത്രമായിരുന്നു ചട്ടമ്പിനാട് എന്ന ചിത്രത്തിലെ ദശമൂലം ദാമു. ചട്ടമ്പിനാട് തിയേറ്ററിൽ പരാജയപ്പെട്ടെങ്കിലും സുരാജിന്‍റെ ദശമൂലം ദാമു പിന്നീട് വൻ സ്വീകാര്യത നേടിയിരുന്നു. ഡയലോഗ് ഡെലിവറിയും സ്വാഭാവികമായ ഭാവ പ്രകടനങ്ങളും കൊണ്ട് ദാമു പ്രേക്ഷകർക്കിടയിൽ ആറാടി. സോഷ്യൽ മീഡിയ ട്രോളുകളുടെയും മീമുകളുടെയും പ്രധാന മുഖമായി ദാമു മാറി. സുരാജിന്‍റെ ഹാസ്യകഥാപാത്രങ്ങൾ ഒന്ന് പരിശോധിച്ചാൽ അതിൽ ദശമൂലം ദാമുവിന്‍റെ തട്ട് താണ് തന്നെയിരിക്കും.
പിന്നീട് സുരാജിന്‍റെ ആക്‌ടിങ് കരിയറിലെ വഴിത്തിരിവുകളാണ് നമ്മൾ കണ്ടത്. ഹാസ്യനടനിൽ നിന്ന് സ്വഭാവ നടനിലേക്കും പിന്നീട് നായകനിലേക്കുമുള്ള സുരാജിന്‍റെ വളർച്ച. അഭ്രപാളിയിലെ അഭിനയ ചാതുര്യം കണ്ട് മലയാളി പ്രേക്ഷകർ സുരാജ് എന്ന നടനെ അടുത്തറിഞ്ഞു.
'കൊട്ടിഘോഷിക്കപ്പെടാത്ത അച്ഛൻ കഥാപാത്രങ്ങൾ': സിദ്ദിഖ്, ലാലു അലക്‌സ്, രഞ്ജി പണിക്കർ എന്നിങ്ങനെ മലയാളികളുടെ സ്വന്തം മാസ് അച്ഛൻ കഥാപാത്രങ്ങൾക്കിടയിൽ ഒരു അച്ഛന്‍റെ വൈകാരികതലം അവതരിപ്പിച്ചുകൊണ്ടാണ് സുരാജ് കൈയടി നേടിയത്.
ആക്ഷൻ ഹീറോ ബിജുവിലെ പവിത്രൻ: ഹാസ്യകഥാപാത്രങ്ങളിൽ നിന്ന് സീരിയസ് വേഷങ്ങളും അനായാസം കൈകാര്യം ചെയ്യാൻ തനിക്ക് കഴിയുമെന്ന് സുരാജ് മലയാളികൾക്ക് തെളിയിച്ച് കൊടുത്തത് വെറും മിനിറ്റുകൾ കൊണ്ടായിരുന്നു. 2016ൽ പുറത്തിറങ്ങിയ ആക്ഷൻ ഹീറോ ബിജുവിൽ മിനിറ്റുകൾ മാത്രം സ്‌ക്രീനിലുണ്ടായിരുന്ന സുരാജിന്‍റെ പവിത്രൻ എന്ന കഥാപാത്രം. പവിത്രനിലൂടെ പ്രേക്ഷകര്‍ കണ്ടത് സുരാജ് എന്ന നടന്‍റെ അത്‌ഭുതപ്പെടുത്തുന്ന ഭാവമാറ്റമായിരുന്നു.
കാമുകനൊപ്പം പോകാൻ ആഗ്രഹിക്കുന്ന ഭാര്യ. മകളെ തനിക്ക് വേണം എന്ന് പൊലീസ് സ്റ്റേഷനിൽ വച്ച് ആവർത്തിച്ച് പറയുന്ന പവിത്രൻ. ഒടുവിൽ കുട്ടി തന്‍റെ മകളല്ലെന്ന് അറിയുന്ന നിമിഷം തകർന്നുപോകുന്ന ഒരു മനുഷ്യന്‍റെ നിസഹായാവസ്ഥ. ആ അച്ഛനെ വേദനയോടെയാണ് മലയാളികൾ കണ്ടിരുന്നത്. ഒരു അഭിനേതാവ് എന്ന നിലയിൽ സുരാജിന്‍റെ കഴിവുകളെക്കുറിച്ച് മലയാളികൾ മനസിലാക്കിയത് ഒരുപക്ഷെ പവിത്രനിലൂടെയായിരിക്കാം.
പേരറിയാത്തവർ: സുരാജ് വെഞ്ഞാറമൂടിന്‍റെ ഗംഭീര പ്രകടനങ്ങളിലൊന്നാണ് പേരറിയാത്തവർ എന്ന ചിത്രത്തിൽ കണ്ടത്. പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ട് പോകുന്നത്. നഗരമാലിന്യങ്ങൾ ശ്വസിച്ച് അവയ്ക്കിടയിൽ ജോലി ചെയ്‌ത് പുറമ്പോക്ക് ഭൂമിയിൽ ജീവിക്കുന്ന ഒരു അച്ഛന്‍റെയും മകന്‍റെയും ഹൃദയബന്ധത്തിലൂടെയും ജീവിതപരിസരങ്ങളിലൂടെയും കഥ വികസിക്കുന്നു.
ചിത്രം തിയേറ്ററുകളിൽ വലിയ കയ്യടി നേടിയില്ലെങ്കിലും ചിത്രത്തിലെ അഭിനയത്തിന് സുരാജിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.
വികൃതിയിലെ എൽദോ: 2019ൽ പുറത്തിറങ്ങിയ 'വികൃതി'യിലും നടൻ സുരാജ് വെഞ്ഞാറമൂടിന്‍റെ ഗംഭീര പ്രകടനമാണ് കാണാൻ കഴിയുക. സംസാരശേഷിയും കേൾവിക്കുറവും ഉള്ള ഒരു വ്യക്തിയായ എൽദോയെ അദ്ദേഹം സ്‌ക്രീനിൽ കോറിയിട്ടു.
ഒരു മെട്രോ യാത്രക്കിടെ സഹയാത്രികൻ മദ്യപൻ എന്ന ലേബലോടെ എൽദോ ഉറങ്ങുന്ന ചിത്രം പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമ്പോൾ, പിന്നീട് സൈബർ ബുള്ളീയിങ് നേരിടേണ്ടി വരുമ്പോൾ, തന്‍റെ ഭാര്യയെയും മക്കളെയും അത് മോശമായി ബാധിക്കുമ്പോൾ നിസഹായനായി നോക്കിനിൽക്കേണ്ടി വരുന്ന ഭർത്താവായും അച്ഛനായുമുള്ള സുരാജിന്‍റെ പകർന്നാട്ടം. ഒന്ന് കണ്ണോടിച്ചാൽ കാണാം സൈബറിടത്തിലെ എൽദോ എന്ന ഇര നമുക്കിടയിൽ തന്നെ ഉണ്ടാകും.
ആൻഡ്രോയിഡ് കുഞ്ഞപ്പൻ: 2019ൽ റിലീസായ 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25' എന്ന ചിത്രത്തിലൂടെ സുരാജ് വെഞ്ഞാറമൂട് ബോക്‌സോഫിസിലും മാജിക് കാണിച്ചു. അറുപതോളം പ്രായമുള്ള ഭാസ്‌കര പൊതുവാൾ എന്ന വൃദ്ധനെയാണ് സുരാജ് ചിത്രത്തിൽ അവതരിപ്പിച്ചത്. ഒരു വൃദ്ധനപ്പുറം അവസാന നാളുകളിൽ മകൻ ഒപ്പം വേണമെന്ന് ആഗ്രഹിക്കുന്ന ഒരു ശാഠ്യക്കാരനായ അച്ഛനായിരുന്നു സുരാജിന്‍റെ കഥാപാത്രം.
പ്രായമായവരുടെ പെരുമാറ്റരീതികൾ, ഭാഷാ ശൈലി, ഭാവങ്ങൾ എന്നിങ്ങനെ ശാരീരികമായും മാനസികമായും അണപൊട്ടിയൊഴുകുന്ന ഒരു നടന്‍റെ പരിവർത്തനമാണ് സുരാജിന്‍റെ ഭാസ്‌കര പൊതുവാൾ.
കാണെക്കാണെ: 2021ൽ പുറത്തിറങ്ങിയ കാണെക്കാണെ എന്ന ചിത്രത്തിലും സുരാജ് വെഞ്ഞാറുമൂടിന്‍റെ പ്രകടനം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. സുരാജിന്‍റെ ഡെപ്യൂട്ടി തഹസിൽദാർ പോൾ മത്തായി എന്ന കഥാപാത്രം. സംഭാഷണങ്ങൾ ഇല്ലാത്ത സീനുകളിൽ പോലും ഭാവങ്ങൾ കൊണ്ട് സുരാജ് അഭ്രപാളിയിൽ അത്ഭുതം തീർത്തു.
സ്വന്തം മകളെ നഷ്‌ടപ്പെട്ട ഒരു അച്ഛൻ എന്ന നിലയിൽ പോളിന് അനുഭവിക്കേണ്ടിവരുന്ന സങ്കടവും നിരാശയും പകയും വാശിയുമെല്ലാം പ്രേക്ഷകരിലേക്ക് എത്തിക്കാൻ നടന് അനായാസം കഴിഞ്ഞു.
ഹെവനിലെ പീറ്റർ: 2022ൽ സുരാജിനെ കേന്ദ്രകഥാപാത്രമാക്കി ഉണ്ണി ഗോവിന്ദരാജ് സംവിധാനം ചെയ്‌ത ചിത്രമാണ് ഹെവൻ. പീറ്ററായുള്ള സുരാജിന്‍റെ പ്രകടനമായിരുന്നു സിനിമയുടെ കരുത്ത്.
തന്‍റെ മകന്‍റെ മൃതദേഹത്തിന് മുന്നിൽ കാലിടറിപ്പോകുന്ന സുരാജിനെ പെട്ടെന്നൊന്നും മലയാളികൾക്ക് അങ്ങനെ മറക്കാനാകില്ല.
പത്താംവളവ്: 2022ൽ പുറത്തിറങ്ങിയ പത്താംവളവ് എന്ന ചിത്രത്തിലും അയാൾ ഒരു അച്ഛന്‍റെ കരുതലെന്താണെന്ന് കാട്ടിത്തന്നു. നീതി നിഷേധിക്കപ്പെട്ട ഒരു സാധാരണക്കാരനായ സോളമൻ എന്ന കഥാപാത്രം സുരാജിന്‍റെ കയ്യിൽ ഭദ്രമായിരുന്നു. കുടുംബ ബന്ധങ്ങളിലൂടെയും പ്രണയത്തിലൂടെയും പ്രതികാരത്തിലൂടെയും കടന്നുപോകുന്ന പത്താംവളവ്. പൊട്ടിക്കരഞ്ഞും പുഞ്ചിരിച്ചും പകയെരിയുന്ന കണ്ണുകളും കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച സുരാജ്.
ആളുകളെ ചിരിപ്പിക്കുക എന്നത് ഏറ്റവും കഠിനമായ ജോലിയാണ്. സുരാജ് വെഞ്ഞാറമൂട് പണ്ടേ അത് ഭംഗിയായി ചെയ്‌തിട്ടുമുണ്ട്. എന്നാൽ ഹാസ്യകഥാപാത്രത്തിൽ നിന്ന് മാറിയുള്ള സുരാജിന്‍റെ വേറിട്ട ട്രാക്കാണ് മലയാളികൾ ഒരു കാലത്തിന് ശേഷം കണ്ടത്. എല്ലാത്തരം വേഷങ്ങളും തന്നിൽ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയാണ് താരം.
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഡ്രൈവിങ് ലൈസൻസ്, ജനഗണമന തുടങ്ങി സീരിയസ്-ഹെവി-ഇമോഷണൽ പശ്ചാത്തലമുള്ള വേഷങ്ങൾ, ദുഖത്തിന്‍റെയും പ്രണയത്തിന്‍റെയും സന്തോഷത്തിന്‍റെയും പകർന്നാട്ടങ്ങൾ. കഥാപാത്രങ്ങൾ കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ പകരക്കാരനില്ലാത്ത അഭിനയ പ്രതിഭയ്‌ക്ക് ഇന്ന് 47-ാം പിറന്നാൾ.