എറണാകുളം : വിജയ് ബാബുവിനെതിരായ പരാതിയില്‍ നടപടി എടുത്തില്ലെന്ന് ആരോപിച്ച് അമ്മ ആഭ്യന്തര സെല്ലില്‍ നിന്നും രാജിവച്ച് നടി ശ്വേത മേനോന്‍. താരസംഘടനയുടെ പരാതി പരിഹാര സെല്ലില്‍ നിന്ന് കഴിഞ്ഞ ദിവസം നടി മാലാ പാര്‍വതിയും രാജിവച്ചിരുന്നു. ലൈംഗിക പീഡന പരാതിയില്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് ശ്വേതയ്ക്ക് ഒപ്പം നടി കുക്കു പരമേശ്വരനും രാജി പ്രഖ്യാപിച്ചിട്ടുണ്ട്.
ആഭ്യന്തര പരിഹാര സെല്ലില്‍ നിന്ന് രാജിവച്ചെങ്കിലും താരസംഘടനയില്‍ ഇരുവരും തുടരും. മാലാ പാര്‍വതിക്കൊപ്പം തങ്ങളുടെ രാജിസന്നദ്ധത കഴിഞ്ഞ ദിവസം ഇരുവരും അറിയിച്ചിരുന്നു. കൊച്ചിയില്‍ നടന്ന അമ്മ നിര്‍വാഹക സമിതി യോഗത്തിന് പിന്നാലെയാണ് കൂട്ടരാജി.
വിജയ് ബാബുവിനെതിരെ യോഗത്തില്‍ നടപടി ഉണ്ടാവുമെന്ന് അറിയിച്ചിരുന്നെങ്കിലും സ്വയം മാറിനില്‍ക്കാമെന്ന അദ്ദേഹത്തിന്‍റെ തീരുമാനം താരസംഘടന അംഗീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് താന്‍ ഒഴിയുകയാണെന്ന് മാലാ പാര്‍വതി അറിയിച്ചത്.
Also read: 'അമ്മയില്‍ രാജിക്കലാപം'... ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്ന് മാല പാർവതി രാജിവച്ചു
നേരത്തെ താരസംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ തന്‍റെ നിരപരാധിത്വം തെളിയിക്കുന്നത് വരെ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ നിന്നും മാറിനില്‍ക്കുകയാണെന്നാണ് വിജയ് ബാബു കത്തിലൂടെ അറിയിച്ചത്. അമ്മ ജനറല്‍ സെക്രട്ടറി ഇടവള ബാബു ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചു. വിജയ് ബാബുവിന്‍റെ കത്ത് യോഗത്തില്‍ ചര്‍ച്ച ചെയ്‌ത് അംഗീകരിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്‍റ് മോഹന്‍ലാല്‍ ഓണ്‍ലൈനായാണ് പങ്കെടുത്തത്.