ഹൈദരാബാദ്: തെന്നിന്ത്യന്‍ സൂപ്പര്‍താരം രാംചരണിനും ഭാര്യ ഉപാസന കോനിഡേലയ്‌ക്കും പെണ്‍കുഞ്ഞ് ജനിച്ചു. സെലിബ്രിറ്റി കപ്പിള്‍സിന്‍റെ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഹൈദരാബാദ് അപ്പോളോ ആശുപത്രി അധികൃതരാണ് അറിയിച്ചത്. ഇന്ന് പുലര്‍ച്ചയാണ് കുഞ്ഞിന്‍റെ ജനനം.
തങ്ങളുടെ പതിനൊന്നാം വിവാഹ വാര്‍ഷികത്തിലാണ് രാംചരണിന്‍റെയും ഉപാസനയുടെയും ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി എത്തിയത്. ചിരഞ്‌ജീവി കുടുംബത്തിലെ പുതിയ സന്തോഷം ആരാധകരെയും സിനിമ പ്രവര്‍ത്തകരെയുമെല്ലാം ആഹ്ലാദത്തിലാക്കി. നിരവധി പേരാണ് ദമ്പതികള്‍ക്ക് അഭിനന്ദനങ്ങളും ആശംസകളും നേര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ എത്തിയത്. ഭാര്യ സുരേഖ കോനിഡേലയ്‌ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ആശുപത്രിയിലെത്തിയ ചിരഞ്‌ജീവി ട്വിറ്ററിലൂടെ തങ്ങളുടെ കുടുംബത്തിലേക്ക് പേരക്കുട്ടി എത്തിയതിലുളള സന്തോഷം പങ്കുവച്ചു.
'വെല്‍ക്കം ലിറ്റില്‍ മെഗാ പ്രിന്‍സസ്' എന്ന വാക്കുകളോടെയാണ് ട്വീറ്റ്. ആര്‍ആര്‍ആറിലെ രാംചരണിന്‍റെ സഹതാരവും തെലുഗു സൂപ്പര്‍താരവുമായ ജൂനിയര്‍ എന്‍ടിആറും ദമ്പതികള്‍ക്ക് അഭിനന്ദങ്ങളുമായി എത്തി. 'മാതാപിതാക്കളുടെ ക്ലബിലേക്ക് ഇരുവരെയും നടന്‍ സ്വാഗതം ചെയ്‌തു. മകള്‍ക്കൊപ്പം ചിലവഴിക്കുന്ന ഓരോ നിമിഷവും ജീവിതകാലം മുഴുവൻ മറക്കാനാവാത്ത ഓർമകളായിരിക്കും. ദൈവം അവളെയും നിങ്ങളെയും വളരെയധികം സന്തോഷത്തോടെ അനുഗ്രഹിക്കട്ടെ' എന്നാണ് ജൂനിയര്‍ എന്‍ടിആറിന്‍റെ ട്വീറ്റ്.
2012 ജൂണ്‍ 14നായിരുന്നു രാംചരണിന്‍റെയും ഉപാസനയുടെയും വിവാഹം. അപ്പോളോ ആശുപത്രി ശൃംഖലയുടെ ചെയര്‍മാന്‍ പ്രതാപ് റെഡ്‌ഡിയുടെ ചെറുമകളും സംരംഭകയുമാണ് ഉപാസന. നിലവില്‍ അപ്പോളോ ആശുപത്രിയുടെ വൈസ് ചെയര്‍പേഴ്‌സണ്‍ കൂടിയാണ് താരപത്‌നി.
ആര്‍ആര്‍ആര്‍ അന്താരാഷ്‌ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട സമയത്ത് രാംചരണിനൊപ്പം ഉപാസനയും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു അച്ഛനാകാന്‍ പോകുന്ന സന്തോഷ വാര്‍ത്ത രാംചരണ്‍ പങ്കുവച്ചത്. പിന്നാലെ ഉപാസനയ്‌ക്കായി ബേബി ഷവര്‍ പാര്‍ട്ടിയും സൂപ്പര്‍താരം ഒരുക്കി. ഓസ്‌കര്‍ പുരസ്‌കാരദാന ചടങ്ങില്‍ രാംചരണിനൊപ്പം ഉപാസനയും എത്തിയിരുന്നു.
ആര്‍ആര്‍ആറിന്‍റെ ബ്ലോക്ക്‌ബസ്റ്റര്‍ വിജയത്തിന് പിന്നാലെ ശങ്കര്‍ സംവിധാനം ചെയ്യുന്ന ഗെയിം ചേഞ്ചര്‍ എന്ന ചിത്രമാണ് രാംചരണിന്‍റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ബിഗ് ബജറ്റ് ചിത്രത്തില്‍ ബോളിവുഡ് താരസുന്ദരി കിയാര അദ്വാനിയാണ് സൂപ്പര്‍താരത്തിന്‍റെ നായിക. ജയറാമും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ആക്ഷന്‍ ചിത്രമായി അണിയറയില്‍ ഒരുങ്ങുന്ന സിനിമ മൂന്ന് ഭാഷകളിലായാണ് പുറത്തിറങ്ങുക. തെലുഗുവിന് പുറമെ, തമിഴ്, ഹിന്ദി ഭാഷകളിലും സിനിമ തിയേറ്ററുകളിലെത്തും. എസ്‌ജെ സൂര്യ, അഞ്‌ജലി, ശ്രീകാന്ത് ഉള്‍പ്പെടെയുളള താരങ്ങളും ചിത്രത്തില്‍ പ്രധാന റോളുകളിലുണ്ട്. ഗെയിം ചേഞ്ചറിന്‍റെ റിലീസ് തീയതിക്കായി വലിയ ആകാംഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
രാംചരണിന് പുറമെ പിതാവ് ചിരഞ്‌ജീവിയും ടോളിവുഡില്‍ സജീവമാണ്. രാഷ്‌ട്രീയത്തില്‍ നിന്നും വീണ്ടും സിനിമയില്‍ തിരിച്ചെത്തിയ ചിരഞ്‌ജീവി മാസ് എന്‍റര്‍ടെയ്‌നര്‍ സിനിമകളുമായി തെലുഗുവില്‍ നിറഞ്ഞുനില്‍ക്കുന്നു. താരമൂല്യത്തിന്‍റെ കാര്യത്തിലും യുവതാരങ്ങള്‍ക്കൊപ്പമാണ് ചിരഞ്‌ജീവി. രാംചരണും ചിരഞ്‌ജീവിയും ഒന്നിച്ച തെലുഗു സിനിമകള്‍ക്ക് വലിയ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയിരുന്നത്.
Also Read: 80 ലക്ഷം രൂപ തട്ടിയെടുത്തു ; മാനേജരെ പുറത്താക്കി രശ്‌മിക മന്ദാന