ഒരു കണ്ണിറുക്കലിലൂടെ ഇന്ത്യൻ സിനിമ ലോകത്തിന്‍റെയാകെ ശ്രദ്ധ നേടിയ മലയാളി താരമാണ് പ്രിയ പ്രകാശ് വാര്യർ (Priya Prakash Varrier). 'ഒരു അഡാറ് ലവി'ലൂടെ എത്തിയ പ്രിയ ഇന്ന് തെന്നിന്ത്യൻ പ്രേക്ഷകരുടെയാകെ പ്രിയപ്പെട്ട താരമായി മാറിക്കഴിഞ്ഞു. മലയാളത്തിന് പുറമെ തെലുഗു ഉൾപ്പടെയുള്ള ഇതര ഭാഷ ചിത്രങ്ങളിലും സജീവമാണ് താരം.
- " class="align-text-top noRightClick twitterSection" data="">
'ബ്രോ' എന്ന തെലുഗു ചിത്രമാണ് പ്രിയ വാര്യരുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്. പ്രശസ്‌ത നടനായ സമുദ്രക്കനി (Samuthirakani) സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ പ്രീ റിലീസ് ചടങ്ങ് കഴിഞ്ഞ ദിവസം ആഘോഷപൂർവം നടന്നിരുന്നു. ഇപ്പോഴിതാ 'ബ്രോ'യുടെ പ്രീ റിലീസ് ചടങ്ങിനെത്തിയ പ്രിയ വാര്യരുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
വെളുത്ത നിറത്തിലുള്ള സാരിയിൽ അതിമനോഹരി ആയാണ് പ്രിയ ചടങ്ങിനെത്തിയത്. കരഘോഷത്തോടെ സദസ് താരത്തെ വരവേൽക്കുന്നത് വീഡിയോയിൽ കാണാം. കാണികളോട് അനായാസം തെലുഗുവിൽ സംസാരിക്കുന്നുമുണ്ട് പ്രിയ.
സമുദ്രക്കനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ താൻ തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് പ്രിയ വാര്യര്‍ പ്രീ റിലീസ് ചടങ്ങില്‍ പറഞ്ഞു. തെലുഗു സൂപ്പർ സ്റ്റാർ പവൻ കല്യാണും (Pawan Kalyan) സായ് ധരം തേജും (Sai Dharam Tej) ആണ് ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജൂലൈ 28ന് ആണ് ചിത്രത്തിന്‍റെ റിലീസ്. ത്രിവിക്രം ശ്രീനിവാസാണ് 'ബ്രോ'യുടെ തിരക്കഥ എഴുതിയിരിക്കുന്നത്. സുജിത് വാസുദേവാണ് ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്.
അതേസമയം 'കൊള്ള' ആണ് പ്രിയ വാര്യര്‍ വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. സൂരജ് വർമ സംവിധാനം ചെയ്‌ത ഈ ചിത്രത്തിൽ രജിഷ വിജയനും കേന്ദ്ര കഥാപാത്രമായി എത്തിയിരുന്നു. വിനയ് ഫോർട്ട്, പ്രശാന്ത് അലക്‌സാണ്ടർ, ജിയോ ബേബി, ഷെബിൻ ബെൻസൻ, പ്രേം പ്രകാശ്, ഡെയ്‍ൻ ഡേവിസ്, ജോര്‍ദി, വിനോദ് പരവൂര്‍, സുധി കൊല്ലം, ഷാൻ റഹ്‍മാൻ, ഷൈനി ടി രാജൻ തുടങ്ങിയവരാണ് 'കൊള്ള'യില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
'ശില്‍പ' എന്ന കഥാപാത്രമായാണ് പ്രിയ വാര്യര്‍ ചിത്രത്തിൽ എത്തിയത്. ഈ ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചും പ്രിയ വാര്യർ ആരാധകരെ ഞെട്ടിച്ചിരുന്നു. 'ആരാണ് നാം' എന്ന് തുടങ്ങുന്ന ഗാനമാണ് താരം ആലപിച്ചത്. വിനായക് ശശികുമാറിന്‍റെ വരികൾക്ക് ഷാൻ റഹ്‌മാൻ മനോഹരമായ സംഗീതം പകർന്ന ഈ ഗാനം മികച്ച പ്രതികരണമാണ് നേടിയത്.
READ MORE: 'ആരാണ് നാം...', ശ്രദ്ധനേടി 'കൊള്ള'യിലെ ആദ്യ ഗാനം; ആലാപനത്തിലും ഞെട്ടിച്ച് പ്രിയ വാര്യർ
രജീഷ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ വി രജീഷ് ആണ് ചിത്രത്തിന്‍റെ നിര്‍മാണം. രവി മാത്യു ആയിരുന്നു 'കൊള്ള'യുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍. ഏറെ നിഗൂഢതകളും സസ്‌പെൻസുമായി എത്തിയ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചത് രാജവേൽ മോഹനാണ്. ഷെബീർ മലവട്ടത്ത് ആയിരുന്നു പ്രൊഡക്ഷൻ കൺട്രോളർ.