വിവിധ ഭാഷകളിൽ വ്യാഴാഴ്‌ച പുറത്തിറങ്ങിയ ആക്ഷന്‍ ചിത്രമായ കെജിഎഫ് ചാപ്‌റ്റർ 2 രാജ്യത്തിനകത്തും പുറത്തും മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ലോകമെമ്പാടും വൻ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. റിലീസായി ആദ്യദിനം തന്നെ ബോക്‌സ് ഓഫിസിൽ 135 കോടി ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു.
കെജിഎഫ് എന്ന ചിത്രത്തിനായി ക്യാമറയ്ക്ക് മുൻപിലും അണിയറയിലും പ്രവർത്തിച്ചവരുടെ കൂട്ടായ പ്രവർത്തനത്തിന്‍റെ ഫലമാണ് വൻ വിജയവും സ്വീകാര്യതയും. ചിത്രത്തിന്‍റെ വിജയത്തെക്കുറിച്ച് പറയുമ്പോൾ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് എഡിറ്റിങ്. കെജിഎഫ് ടീമിൽ നിന്നും അമ്പരപ്പിക്കുന്ന വാർത്തകളാണ് ചിത്രത്തിന്‍റെ എഡിറ്ററെ കുറിച്ച് പുറത്തുവരുന്നത്. 100 കോടി ബജറ്റിൽ ഒരുങ്ങി ആദ്യദിനം തന്നെ 135 കോടി സ്വന്തമാക്കിയ ചിത്രത്തിന്‍റെ എഡിറ്റർ 20കാരനാണെന്ന് കേട്ടാൽ സിനിമ കണ്ട ആരും അതിശയിക്കും.
കലബുറഗി സ്വദേശിയായ 20കാരനായ ഉജ്വൽ കുൽകർണിയാണ് കെജിഎഫ് ചാപ്റ്റർ 2ന്‍റെ ചിത്രസംയോജകൻ. യഷിന്‍റെ കടുത്ത ആരാധകനാണ് ഉജ്വൽ കുൽകർണി. ഇടയ്ക്ക് താൻ യഷിനെ സന്ദർശിക്കാറുണ്ടായിരുന്നു. കെജിഎഫിന്‍റെ ആദ്യഭാഗം തന്നെ വല്ലാതെ സ്വാധീനിച്ചു. അക്കാലത്ത് മലിനീകരണ സർട്ടിഫിക്കറ്റ് നൽകലായിരുന്നു ജോലി. സഹോദരൻ വിനയ് ആണ് സിനിമ മേഖലയിലേക്ക് വരാൻ പറഞ്ഞതെന്നും എഡിറ്റിങ്ങിൽ താത്പര്യം ഉണ്ടാക്കിയതെന്നും ഉജ്വൽ ഇടിവി ഭാരതിനോട് പറഞ്ഞു.
Also Read: മാധ്യമ സംവാദത്തിൽ വൈകിയെത്തി; മാധ്യമ പ്രവർത്തകനോട് ക്ഷമാപണം നടത്തി യഷ്
എഡിറ്റ് ചെയ്ത ചില ഷോർട്ട് ഫിലിമുകൾ സംവിധായകൻ പ്രശാന്ത് നീലിന്റെ ഭാര്യ ലിഖിതയെ ഉജ്വല്‍ കാണിച്ചു. ലിഖിത പിന്നീട് ആ വീഡിയോകൾ പ്രശാന്ത് നീലിനെ കാണിച്ചു. അത് ഇഷ്‌ടപ്പെട്ട പ്രശാന്ത് കെജിഎഫ് 2ൽ പ്രവർത്തിക്കാൻ ഉജ്വലിനെ അനുവദിക്കുകയായിരുന്നു. അന്ന് ഉജ്വലിന് 17 വയസായിരുന്നു.
താൻ കെജിഎഫ് 2വിന്‍റെ എഡിറ്ററാകാൻ കാരണം സംവിധായകൻ പ്രശാന്ത് നീൽ ആണെന്ന് ഉജ്വൽ പറയുന്നു. "അദ്ദേഹത്തിന്‍റെ പിന്തുണയോടെയാണ് ഓരോ സീനും എഡിറ്റ് ചെയ്‌തത്. മൂന്ന് വർഷത്തോളം ഞാൻ ചിത്രത്തിന്‍റെഎഡിറ്റിങ് ജോലികൾ ചെയ്‌തു. ഇക്കാലയളവിലൊന്നും പ്രശാന്ത് സാർ എന്നെ ബുദ്ധിമുട്ടിച്ചില്ല. അതെന്‍റെ ഭാഗ്യമാണ്. ഉന്നത വിദ്യാഭ്യാസം നേടാത്തതിന് അച്ഛനും അമ്മയ്ക്കും എന്നോട് ദേഷ്യമായിരുന്നു. എന്നാൽ കെജിഎഫിലൂടെ ആളുകൾ എന്നെ കുറിച്ച് സംസാരിക്കുന്നത് കാണുമ്പോൾ അച്ഛനും അമ്മയ്ക്കും സന്തോഷമുണ്ട് " - ഉജ്വൽ പറയുന്നു.
ഒന്നിലധികം കാലഘട്ടത്തിലെ കഥ പറയുന്ന കെജിഎഫ് 2 പോലൊരു സിനിമ ചെയ്യാൻ സാധാരണ എഡിറ്റർമാർക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ കൗമാരപ്രായത്തിലും പ്രൊഫഷണലായി അരങ്ങേറ്റം കുറിക്കുന്നതിനൊപ്പം ചിത്രത്തെ തന്‍റെ ഓരോ കൃത്യവും വ്യക്തവുമായ കട്ടുകൾ കൊണ്ട് മികച്ചതാക്കാനും ഉജ്വലിന് സാധിച്ചു.