ചെന്നൈ : തെന്നിന്ത്യന്‍ സൂപ്പര്‍സ്‌റ്റാര്‍ രജനികാന്തിന്‍റെ മകളും ചലച്ചിത്ര നിർമാതാവുമായ ഐശ്വര്യ രജനികാന്തിന്‍റെ വീട്ടിൽ നിന്ന് ആഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ ഒരാളെ കൂടി പൊലീസ് തെരയുന്നു. സംഭവത്തില്‍ വീട്ടുജോലിക്കാരി ഈശ്വരിയെയും, ഐശ്വര്യയുടെ കാർ ഡ്രൈവർ വെങ്കിടേശനെയും അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെയാണ് തെയ്‌നാംപേട്ട് പൊലീസ് മൂന്നാമതൊരാളെ കൂടി തെരയുന്നത്. ഇതിന്‍റെ ഭാഗമായി ഐശ്വര്യ രജനികാന്തിനെ ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
പ്രതികള്‍ക്ക് പിടിവീണത് ഇങ്ങനെ : കേസില്‍ അറസ്‌റ്റിലായ വീട്ടുജോലിക്കാരി ഈശ്വരിയിൽ നിന്ന് 100 പവൻ സ്വർണാഭരണങ്ങളും 30 ഗ്രാം വജ്രാഭരണങ്ങളും നാല് കിലോഗ്രാം വെള്ളിയുടെ ആഭരണങ്ങളും ഒരു വീടിന്‍റെ രേഖകളും പൊലീസ് പിടിച്ചെടുത്തിരുന്നു. മോഷ്‌ടിച്ച ആഭരണങ്ങൾ വാങ്ങിയത് മൈലാപ്പൂർ സ്വദേശി വിനലക് ശങ്കര്‍ നവലിയാണെന്ന് തേനാംപേട്ട് പൊലീസ് കണ്ടെത്തുകയും ചെയ്‌തു.
ഇതോടെ ഇയാളെ പിടികൂടിയെന്നും ഇയാളില്‍ നിന്ന് 340 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തുവെന്നും പൊലീസ് വ്യക്തമാക്കി. മാത്രമല്ല അറസ്‌റ്റിലായ ഈശ്വരി ഒമ്പത് ലക്ഷം രൂപ ഡ്രൈവര്‍ വെങ്കിടേശന് നൽകിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ വെങ്കിടേശന്‍റെ പക്കൽ പണമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
ഇനിയെല്ലാം രേഖകള്‍ പരിശോധിച്ച് : ഇതുകൂടാതെ ഭര്‍ത്താവ് അങ്കമുത്തുവിന്‍റെ ബാങ്ക് അക്കൗണ്ടില്‍ ഈശ്വരി പണയംവച്ച 350 ഗ്രാം സ്വർണാഭരണവും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. മാത്രമല്ല ഐശ്വര്യ രജനികാന്തിന്‍റെ വീട്ടിൽ ഭാര്യ ഈശ്വരി മോഷണം നടത്തിയതിനെ സംബന്ധിച്ചും ഷോളിങ്ങനല്ലൂർ ഭാഗത്ത് വീട് വാങ്ങിയതിനെക്കുറിച്ചും അങ്കമുത്തുവിന് അറിവില്ലെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ ഷോളിങ്ങനല്ലൂരിലെ വീട് ഐശ്വര്യ രജനികാന്ത് തന്‍റെ പേരിൽ വാങ്ങിയതാണെന്നാണ് ഈശ്വരി പൊലീസിനോട് അറിയിച്ചിട്ടുള്ളത്. ഇതോടെയാണ് കേസില്‍ ഐശ്വര്യയുടെ മൊഴിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്.
ഇതിന്‍റെ അടിസ്ഥാനത്തില്‍ ഐശ്വര്യ രജനികാന്തിന്‍റെ പക്കല്‍ നിന്ന് എത്രമാത്രം ആഭരണങ്ങള്‍ മോഷ്‌ടിക്കപ്പെട്ടുവെന്നും പൊലീസ് അന്വേഷിക്കും. മോഷ്‌ടിക്കപ്പെട്ട ആഭരണങ്ങള്‍ വാങ്ങിയ രസീത് ഉള്‍പ്പടെയുള്ള രേഖകളും പൊലീസ് ആവശ്യപ്പെടുമെന്നാണ് ലഭിക്കുന്ന വിവരം.
മോഷണക്കേസില്‍ ഇനിയെന്ത്: എന്നാല്‍ പരാതിയില്‍ മോഷ്‌ടിച്ചതായി അറിയിച്ചിട്ടുള്ള 60 പവനില്‍ കൂടുതല്‍ ആഭരണങ്ങള്‍ പ്രതികളില്‍ നിന്ന് കണ്ടെടുത്തതിനാല്‍ ഐശ്വര്യയുടെ വീട്ടിലെത്തിയോ അല്ലെങ്കില്‍ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയോ മൊഴിയെടുക്കാനാണ് പൊലീസിന്‍റെ തീരുമാനം. അതേസമയം പൊലീസില്‍ മോഷണത്തിന് പരാതി നല്‍കുമ്പോള്‍ സഹോദരി സൗന്ദര്യയുടെ വിവാഹ ആല്‍ബമായിരുന്നു ഐശ്വര്യ തെളിവായി നല്‍കിയിരുന്നത്. അതുകൊണ്ടുതന്നെ മോഷണം പോയ ആഭരണങ്ങൾ തെളിവുകളുമായി ഒത്തുനോക്കിയാണ് പൊലീസ് പരിശോധിച്ചുവരുന്നത്. ആഭരണങ്ങള്‍ സംബന്ധിച്ച് ഐശ്വര്യയില്‍ നിന്ന് വിവരങ്ങള്‍ തേടിയശേഷം കണ്ടെടുത്ത സ്വര്‍ണാഭരണങ്ങള്‍ പൊലീസ് കോടതിക്ക് കൈമാറും.