കാഞ്ചനേ.. നിന്നെപ്പോലൊരു പെണ്ണ് ഈ ഭൂമിയിൽ നീ മാത്രമേ കാണൂ.. ഇതുപോലൊരു പ്രണയവും.'-അപ്പു കാഞ്ചനയോട് പറഞ്ഞു.
ജീവിതം മുഴുവൻ ഒരാൾക്കായുള്ള കാത്തിരിപ്പ്. അയാളുടെ ഓർമകളിൽ ഇപ്പോഴും ആ പ്രണയത്തെ അതേപടി നിലനിർത്തുക. 'മാനു' ഇരവഴിഞ്ഞിപ്പുഴയുടെ ആഴങ്ങളിലേക്ക് പോയപ്പോഴും കാഞ്ചന ആ പ്രണയത്തിന്‍റെ ഓർമയിൽ ജീവിച്ചു. കാത്തിരിപ്പിന്‍റെ കഥയിലൂടെ പ്രേക്ഷകന്‍റെ കണ്ണ് നനയിപ്പിച്ച ചിത്രം.. 'എന്ന് നിന്‍റെ മൊയ്‌തീൻ'. (Ennu Ninte Moideen) വെറും ഒരു സിനിമക്കഥയല്ലേ എന്ന് പറഞ്ഞ് ആശ്വസിക്കാനാകാത്ത, സിനിമ കണ്ടവരുടെ ഹൃദയത്തിന് വേദനയുടെ ഭാരം സമ്മാനിച്ച ചിത്രം.
![Ennu Ninte Moideen malayalam movie Ennu Ninte Moideen Anniversary prithviraj as moideen parvathy as kanchanamala kanchanamala moideen prithviraj parvathy film എന്ന് നിന്‍റെ മൊയ്‌തീന്‍റെ 8 വർഷങ്ങൾ എന്ന് നിന്‍റെ മൊയ്‌തീന്‍ കാഞ്ചനമാല മൊയ്‌തീൻ സിനിമ പൃഥ്വിരാജ് പാർവതി ചിത്രം](https://etvbharatimages.akamaized.net/etvbharat/prod-images/19-09-2023/19549542_yyy.jpg)
2015 സെപ്റ്റംബർ 19ന് സിനിമ കണ്ട് തീരുമ്പോഴാണ്, അത്രയും നേരം കണ്ടത് 40 വർഷം മുൻപ് ഉണ്ടായ യഥാർഥ പ്രണയകഥയാണെന്ന് കാഴ്‌ചക്കാരന് മനസിലായത്. പാതിവഴിയിൽ അടർന്നുവീണ പ്രണയമായിരുന്നില്ല മൊയ്‌തീന്‍റെയും കാഞ്ചനയുടെയും. അത്രമേൽ തീവ്രമായ സഫലമായ പ്രണയമായിരുന്നു... അതുകൊണ്ടാണ് ഇരവഴിഞ്ഞിയുടെ നെഞ്ചിൽ ചാഞ്ഞ മൊയ്‌തീന്‍റെ ഓർമകളിൽ കാഞ്ചന ആ പ്രണയത്തിന് ജീവൻ നൽകിയത്... നിറങ്ങൾ നൽകിയത്... (Ennu Ninte Moideen 8th Anniversary)
പ്രണയത്തിന്‍റെ പല ഭാവങ്ങൾ.. അതിന് അലങ്കാരമായി ഇടയ്‌ക്കിടെ എത്തുന്ന മഴയും. സന്തോഷത്തോടെയും പ്രണയത്തോടെയും വിരഹത്തോടെയും സങ്കടത്തോടെയും ആ മഴ പെയ്‌തിറങ്ങി. സാഹചര്യങ്ങൾ ആ മഴയ്‌ക്ക് ഭാവം നൽകി. വീട്ടുതടങ്കലിൽ പരസ്‌പരം കാണാൻ കഴിയാതെ കിടന്നപ്പോൾ അവർ അവർക്കായി പുതിയ ലിപിയുണ്ടാക്കി.. ആ പ്രണയഭാഷ വായിച്ച് ചിരിക്കുന്ന കാഞ്ചനയെ അത്ഭുതത്തോടെ നമ്മൾ കണ്ടിരുന്നു.
കാത്തിരിപ്പിന്‍റെ ചിത്രമായിരുന്നു എന്ന് നിന്‍റെ മൊയ്‌തീൻ. കാഞ്ചനയുടെയും മൊയ്‌തീന്‍റെയും മാത്രമല്ല, അപ്പുവിന്‍റെയും. 20 കൊല്ലമായി മൊയ്‌തീന് വേണ്ടി കാത്തിരുന്ന കാഞ്ചനയെ അത്രത്തോളം ഇഷ്‌ടപ്പെട്ടിരുന്ന അവളുടെ സ്‌നേഹത്തിന് വേണ്ടി കൊതിച്ചിരുന്ന ആളായിരുന്നു അപ്പുവും.
വിവാഹം കഴിക്കാനുള്ള മോഹവുമായി എത്തുന്ന അപ്പുവിനോട് തനിക്ക് മൊയ്‌തീനോടുള്ള പ്രണയത്തിന്‍റെ ആഴത്തെ കുറിച്ച് കാഞ്ചന പറയുന്നു. അപ്പുവിന് അത് തിരിച്ചറിവായിരുന്നു. താൻ സ്‌നേഹിക്കുന്നവളുടെ ഹൃദയത്തിൽ തനിക്കൊരിടം ഒരിക്കലുമുണ്ടാകില്ല എന്ന തിരിച്ചറിവ്. 'ഇന്‍റെ മനസിന്‍റെ സ്‌നേഹം എന്നെങ്കിലും ഈ ലോകം അംഗീകരിക്കും' എന്ന് കാഞ്ചനയ്‌ക്ക് പ്രതീക്ഷ കൊടുത്ത് അപ്പു ആ പ്രണയത്തിൽ നിന്ന് പിൻവാങ്ങുന്നു. അയാൾ മുഖംപൊത്തി കരയുന്നു...
കാഞ്ചനയായി പാർവതിയും (Parvathy Thiruvothu) മൊയ്‌തീനായി പൃഥ്വിരാജും (Prithviraj Sukumaran) തീരാത്ത വേദന നൽകിയപ്പോൾ അപ്പുവായി ടൊവിനോയും (Tovino Thomas) പ്രേക്ഷകന് നൊമ്പരമായി. ഉണ്ണിമൊയ്‌തു ഹാജിയായി സായ്‌കുമാറിന്‍റെയും (Saikumar) മൊയ്‌തീന്‍റെ ഉമ്മയായി ലെനയുടെയും (Lena) കാഞ്ചനയുടെ കർക്കശക്കാരനായ സഹോദരൻ സേതുവായി ബാലയുടെയും (Bala) പകർന്നാട്ടങ്ങൾ.
ആർ എസ് വിമൽ എന്ന തുടക്കക്കാരന്‍റെ മാന്ത്രികതയായിരുന്നു ചിത്രം. കാഞ്ചനയുടെ കൈക്കുമ്പിളിലൂടെ ഒഴുകിയിറങ്ങുന്ന മഴത്തുള്ളികളെ കൈക്കുള്ളിലാക്കാൻ ശ്രമിക്കുന്ന മൊയ്‌തീൻ.. ജോമോൻ ടി ജോണിന്‍റെ ക്യാമറ അത് ഒപ്പിയെടുത്ത രീതി. പ്രണയഭാവങ്ങൾ അത്രയും ആഴത്തിൽ പ്രേക്ഷകർക്കുള്ളിലേക്ക് എത്തിച്ച അയാളുടെ കരവിരുത് എടുത്തുപറയേണ്ടുന്നത് തന്നെ. കാഞ്ചനയെയും മൊയ്‌തീന്‍റെയും പ്രണയത്തെ മനസിലേക്ക് ആഴ്‌ത്തിറക്കിയതിൽ ചിത്രത്തിലെ ഗാനങ്ങൾക്കും വലിയ പങ്കുണ്ട്.
ആ പ്രണയത്തിലേക്ക് ഒരു പുഴ മാത്രം ദൂരം. ഇരവഴിഞ്ഞിപ്പുഴയുടെ ചുഴിയിൽ അകപ്പെട്ട മൊയ്‌തീനുമായി ഇന്നും കാഞ്ചന പ്രണയത്തിലാണ്. താൻ കണ്ട കിനാവുകൾക്കായി പൊരുതിയ കാഞ്ചനമാല ഒരിക്കൽ മൊയ്‌തീനോട് ചോദിക്കുന്നു.. 'നമ്മള് തോറ്റോ...?' മൊയ്‌തീൻ ഒന്ന് ചിരിച്ചു..എന്നിട്ട് പറഞ്ഞു 'എവടെ..?'