ന്യൂഡല്‍ഹി : നിറഞ്ഞ ബോക്‌സ് ഓഫിസുകളില്‍ സ്വന്തം കലക്ഷന്‍ റെക്കോര്‍ഡുകള്‍ നിത്യേന തകര്‍ത്തെറിഞ്ഞ് മുന്നേറുന്ന സൂപ്പര്‍ഹിറ്റ് ചലച്ചിത്രം 'പഠാന്‍റെ' വിജയമന്ത്രം പങ്കുവച്ച് സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ്. ചിത്രത്തിന് ആഗോള തലത്തില്‍ ഇത്രയധികം പ്രേക്ഷക പിന്തുണയും അഭിനന്ദനങ്ങളുമെത്തിച്ച കാരണങ്ങളെക്കുറിച്ച് മനസുതുറന്ന സംവിധായകന്‍, അതില്‍ ഏറ്റവും നിര്‍ണായകമായത് ചില പ്രത്യേക വിഭാഗക്കാരുടെ 'ബഹിഷ്‌കരണം' തന്നെയാണെന്ന് വ്യക്തമാക്കി. റിലീസിന് മുമ്പുണ്ടായ ചില സംഭവങ്ങള്‍ നായകന്‍ ഷാരൂഖ് ഖാന്‍റെ താരമൂല്യത്തില്‍ ആശങ്കയുയര്‍ത്തിയെങ്കിലും ആഗോളതലത്തില്‍ അദ്ദേഹത്തിനുള്ള ആരാധക പിന്തുണയില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.
ചിത്രത്തിലെ 'ബേഷരം രംഗ്' എന്ന ഗാനം പുറത്തിറങ്ങിയതോടെയാണ് സിനിമ വിവാദങ്ങളിലേക്ക് വലിച്ചിഴയ്‌ക്കപ്പെട്ടത്. തുടര്‍ന്ന് പഠാന്‍ നിരോധിക്കണമെന്നും മറ്റും സമൂഹമാധ്യമങ്ങളില്‍ വാദങ്ങളുയര്‍ന്നു. എന്നാല്‍ ചിത്രം ബോക്‌സ് ഓഫിസില്‍ വരവറിയിച്ചതും പിന്നീടുള്ള ദിവസങ്ങളിലെ കലക്ഷനുമെല്ലാം ബഹിഷ്‌കരണ സംഘത്തിന്‍റെ വായടപ്പിച്ചു. മാത്രമല്ല പഠാന്‍ ബഹിഷ്‌കരണ അജണ്ടയെ പരാജയപ്പെടുത്തുകയായിരുന്നുവെന്നും സിദ്ധാര്‍ഥ് ആനന്ദ് വ്യക്തമാക്കി.
സിനിമയില്‍ തെറ്റായതൊന്നുമില്ലെന്ന് തനിക്കറിയാം എന്നാല്‍ പ്രേക്ഷകര്‍ക്ക് അറിയണമെന്നില്ല. എന്നാല്‍ റിലീസിന് ശേഷം ഇത് മനസിലാക്കിയ പ്രേക്ഷകര്‍ പഠാന് വന്‍ വിജയം സമ്മാനിക്കുകയും ബഹിഷ്‌കരണ സംഘത്തെ പരാജയപ്പെടുത്തുകയുമായിരുന്നു. അതേസമയം പഠാന്‍ ഇനിയും ബഹിഷ്‌കരിച്ചിരിക്കുന്നവരുണ്ടെങ്കില്‍ വന്ന് സിനിമ കാണൂവെന്നും സിദ്ധാര്‍ഥ് ആനന്ദ് പറഞ്ഞു.