എറണാകുളം: വിഷ്‌ണു ഭരതൻ സംവിധാനം ചെയ്‌ത് തിയേറ്ററിൽ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഫീനിക്‌സ്. സംവിധായകന്‍റെ ആശയത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്. കഴിഞ്ഞദിവസം റിലീസിന് എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.
ഹൊറർ റൊമാന്‍റിക് കോമഡി വിഭാഗത്തിൽപ്പെടുന്ന ചിത്രം ഗരുഡന് ശേഷം മിഥുൻ മാനുവൽ തോമസിന്‍റെ തിരക്കഥയിൽ ഒരുങ്ങിയത് കൊണ്ട് കൂടി ചിത്രം ശ്രദ്ധേയമാണ്. അജു വർഗീസ്, ഭഗത് മാനുവൽ, ചന്തുനാഥ്, അനൂപ് മേനോൻ, ആശ അരവിന്ദ്, അഭിരാമി ബോസ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിലെ പ്രേക്ഷക പ്രതികരണം നേരിട്ട് അറിയാൻ താരങ്ങളും അണിയറ പ്രവർത്തകരും തിയേറ്ററുകളിൽ നേരിട്ടെത്തിയിരുന്നു.
സംവിധായകൻ വിഷ്‌ണു ഭരതൻ, തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസ്, താരങ്ങളായ അജു വർഗീസ്, ഭഗത് മാനുവൽ, അഭിരാമി ബോസ് തുടങ്ങിയവരാണ് കൊച്ചിയിലെ വനിത വിനീത തിയേറ്ററിലെത്തിയത്. ചിത്രത്തിന്‍റെ രണ്ടാം പകുതിയുടെ തുടക്കത്തിൽ തിയേറ്ററിനുള്ളിൽ കയറി പ്രേക്ഷകരോട് താരങ്ങളും അണിയറ പ്രവർത്തകരും സംവദിച്ചു. പ്രദർശനം നടന്നുകൊണ്ടിരിക്കുന്ന കാരണത്താൽ അധികം വൈകാതെ തന്നെ താരങ്ങൾ പുറത്തിറങ്ങുകയും ചെയ്‌തു.
മിഥുൻ മാനുവൽ തോമസ് എന്ന താരമൂല്യമുള്ള തിരക്കഥാകൃത്തിന്‍റെ തൂലികയിൽ പിറന്ന ചിത്രം ആയതുകൊണ്ട് തന്നെ പ്രേക്ഷകർ ചിത്രത്തിന് നൽകിയ പിന്തുണയ്ക്ക് അജു വർഗീസ് നന്ദി പ്രകടിപ്പിച്ചു. ഇതൊരു ചെറിയ ചിത്രം അല്ല. താരമൂല്യം കുറവായതുകൊണ്ട് അങ്ങനെ കരുതുന്നതിൽ അർത്ഥവുമില്ല. മികച്ച ബജറ്റിൽ ആസ്വാദന തലത്തിന് കുറവ് വരാതെ തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
ചെറിയ ചിത്രങ്ങൾക്ക് റിലീസിന്‍റെ ആദ്യദിനം പൊതുവേ പ്രേക്ഷകർ കുറവായിരിക്കും. പക്ഷേ മികച്ച മൗത്ത് പബ്ലിസിറ്റിയിലൂടെ വരുന്ന രണ്ട് അവധി ദിവസങ്ങളിൽ കൂടുതൽ പേരെ ചിത്രത്തിന് ആകർഷിക്കാനാകും. ജനങ്ങൾ തിയേറ്ററിലെത്തി ചിത്രത്തെ സപ്പോർട്ട് ചെയ്യണമെന്നും അജു വര്‍ഗീസ് അഭിപ്രായപ്പെട്ടു.
സംവിധായകന്‍റെ ആശയത്തിന് ആത്മാർത്ഥമായി തിരക്കഥ ഒരുക്കുക മാത്രമാണ് താൻ ചെയ്‌തതെന്ന് മിഥുൻ മാനുവൽ തോമസ് പറഞ്ഞു. ഗരുഡന് ശേഷം ഫീനിക്‌സ്. ചിത്രങ്ങൾക്ക് പക്ഷികളുടെ പേര് തുടർച്ചയാകുന്നു എന്ന ചോദ്യം ഉയർന്നു. പക്ഷികളുടെ പേരിലുള്ള അവസാന ചിത്രം തന്നെയാണ് ഫീനിക്‌സ്. ഇനി പക്ഷികളുടെ പേര് തന്‍റെ ചിത്രത്തിന് നൽകില്ലെന്നും മിഥുൻ മാനുവൽ തോമസ് തമാശരൂപേണ വ്യക്തമാക്കി.
ചിത്രം മലയാളത്തിലെ ജോണർ ബ്ലെൻഡർ വിഭാഗത്തിൽപ്പെടുന്ന മികച്ച കാഴ്‌ച അനുഭവമാണ്. റൊമാൻസും ഹൊററും കോർത്തിണക്കി ഒരുങ്ങിയ ചിത്രം എല്ലാ അർത്ഥത്തിലും പ്രേക്ഷകർക്ക് ഇഷ്‌ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.