എറണാകുളം: ടിനു പാപ്പച്ചൻ - കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ചാവേർ' വേറിട്ട ദൃശ്യ വിസ്‌മയമായി സിനിമ പ്രേക്ഷകർക്കിടയിൽ ചർച്ചാവിഷയമായിരിക്കുകയാണ്. സിനിമയുടെ റിലീസിന് ശേഷം സോഷ്യൽ മീഡിയയിലുള്‍പ്പെടെ നേരിട്ട കരുതിക്കൂട്ടിയുള്ള നെഗറ്റീവ് നിരൂപണങ്ങള്‍ക്ക് കൃത്യമായ മറുപടി എന്നോണം കൂടുതൽ ബുക്കിങ്ങുകളുമായി ചാവേർ രണ്ടാം വരത്തിലേക്ക് കടന്നു. (Chaaver Movie Cross Second Week) നടനും സംവിധായകനുമായ ജോയ് മാത്യുവിന്‍റെ തിരക്കഥയിൽ ടിനു പാപ്പച്ചൻ ഒരുക്കിയ ചിത്രം രാഷ്ട്രീയ കൊലപാതകങ്ങളേയും ജാതി വിവേചനങ്ങളേയും ദുരഭിമാനക്കൊലയെയുമൊക്കെ പ്രമേയമാക്കിയാണ് എത്തിയിരിക്കുന്നത്.
മനുഷ്യത്വത്തെയും യഥാർത്ഥ സൗഹൃദങ്ങളേയും തെയ്യത്തെയും മതത്തിനും ജാതിക്കുമൊക്കെ അതീതമായ പ്രണയ ബന്ധങ്ങളേയുമൊക്കെ കുറിച്ച് ചിത്രം സംസാരിക്കുന്നുണ്ട്. ഗൗരവമുള്ളൊരു പ്രമേയത്തെ മലയാള സിനിമ ഇന്നേവരെ കാണാത്തൊരു ഓഡിയോ വിഷ്വൽ അനുഭവമാക്കിയിരിക്കുകയാണ് ടിനു പാപ്പച്ചൻ. ഇതിനിടയിലാണ് സിനിമയെ മനപ്പൂർവം തകർക്കാൻ ശ്രമിക്കുന്നു എന്ന ആരോപണവുമായി അണിയറ പ്രവർത്തകർ രംഗത്തെത്തിയത്.
പൊതുവെ നെഗറ്റീവ് കമന്‍റുകളും റിവ്യൂകളും ഒന്നും താൻ വായിക്കാറില്ലെന്ന് തിരക്കഥാകൃത്തും നടനുമായ ജോയ് മാത്യു മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ വെളിപ്പെടുത്തിയിരുന്നു. ചിലർ സിനിമയെ കീറിമുറിക്കുമ്പോൾ എല്ലാം അറിയാമെന്ന് തികഞ്ഞ ഭാവത്തിൽ ഒക്കെയാണ് അഭിപ്രായപ്രകടനങ്ങൾ നടത്താറുള്ളത്. സിനിമയുടെ പിന്നണി എന്തെന്നു പോലും കണ്ടിട്ടില്ലാത്ത ഇത്തരം ആൾക്കാരുടെ കപട നാടകങ്ങൾ സിനിമാ വ്യവസായത്തെ ഇത്രയധികം ബാധിക്കപ്പെടും എന്ന് കരുതിയിരുന്നില്ല, ജോയ് മാത്യൂ പ്രസ് മീറ്റിൽ തുറന്നുപറഞ്ഞു
കുഞ്ചാക്കോ ബോബനും ആന്‍റണി വർഗ്ഗീസും അർജുൻ അശോകനും മനോജ് കെയുവും സംഗീതയും സജിൻ ഗോപുവും അനുരൂപും ദീപക് പറമ്പോലുമൊക്കെ ഇതുവരെ കാണാത്ത രീതിയിലുള്ള വേഷങ്ങളിലാണ് ചിത്രത്തിൽ എത്തിയിരിക്കുന്നത്. കണ്ണൂരിന്‍റെ വന്യമായ ദൃശ്യങ്ങളുമായി ജിന്‍റോ ജോര്‍ജ്ജിന്‍റെ ഛായാഗ്രഹണവും ജസ്റ്റിന്‍ വര്‍ഗ്ഗീസിന്‍റെ ചടുലമായ സംഗീതവും നിഷാദ് യൂസഫിന്‍റെ കൃത്യതയാര്‍ന്ന എഡിറ്റിങ്ങും രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈനിങ്ങുമൊക്കെ ചിത്രത്തെ മറ്റൊരു തലത്തിൽ എത്തിച്ചിട്ടുണ്ടെന്നാണ് സിനിമാപ്രേമികളുടെ അഭിപ്രായം. സിനിമയുടേതായി പുറത്തിറങ്ങിയ ഏറെ വ്യത്യസ്‌തമായ പാട്ടുകളും സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
അരുൺ നാരായൺ പ്രൊഡക്ഷൻസിന്‍റെയും കാവ്യ ഫിലിം കമ്പനിയുടെയും ബാനറിൽ എത്തിയിരിക്കുന്ന ചിത്രം ടിനു പാപ്പച്ചൻ ഒരുക്കിയ മുൻ ചിത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്‌തമാണ്. മലയാളം ഇതുവരെ ചർച്ച ചെയ്യാൻ മടിച്ചിരുന്ന പ്രമേയങ്ങളെ ചങ്കുറപ്പോടെ സ്ക്രീനിലെത്തിച്ച് വേറിട്ട സിനിമാനുഭവമായി തിയേറ്ററുകളിൽ ആളിപ്പടരുകയാണ് ചാവേർ.