ഹൈദരാബാദ് : സര്‍ജന്‍മാരുടെ സംഘടനയ്‌ക്കെതിരെ അപകീര്‍ത്തിക്കേസിന് നോട്ടീസയച്ച് സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍. സര്‍ജന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്ന സംഘടനയ്‌ക്കെതിരെയാണ് എ ആര്‍ റഹ്മാന്‍ നിയമ നടപടി കൈക്കൊള്ളുന്നത്. 2018ല്‍ സംഘടനയ്ക്കുവേണ്ടി റഹ്മാന്‍ ഒരു സംഗീത പരിപാടി ഏറ്റിരുന്നു. ഇതിനായി 29.5 ലക്ഷം രൂപ മുന്‍കൂറായി റഹ്മാന്‍ കൈപ്പറ്റിയിരുന്നു. എന്നാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ പരിപാടിക്ക് അനുമതി നിഷേധിച്ചതോടെ ഉപേക്ഷിക്കേണ്ടി വന്നു.
തുടര്‍ന്ന് സര്‍ജന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, റഹ്മാന്‍ കൈപ്പറ്റിയ മുന്‍കൂര്‍ തുക തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടു. എ ആര്‍ റഹ്മാന്‍റെ ടീം ഇതിന് മറുപടിയായി കൈപ്പറ്റിയ തുകയ്ക്കുള്ള ചെക്ക് കൈമാറിയെങ്കിലും അത് പിന്നീട് മടങ്ങുകയായിരുന്നു. ഇതിനെതിരെ സര്‍ജന്‍മാരുടെ സംഘടനാപ്രതിനിധി പരാതിയുമായി മുന്നോട്ടുപോയി. ഈ ഘട്ടത്തിലാണ് സര്‍ജന്‍സ് അസോസിയേഷന്‍സ് ഓഫ് ഇന്ത്യ എന്ന സംഘടനയ്‌ക്കെതിരെ റഹ്മാന്‍ അപകീര്‍ത്തിക്ക് നോട്ടീസ് അയച്ചത്. സംഘടനയും താനുമായുണ്ടാക്കിയ കരാറില്‍ സംഗീത പരിപാടി ഉപേക്ഷിക്കപ്പെടുകയാണെങ്കില്‍ നഷ്ട പരിഹാരം നല്‍കാമെന്ന വ്യവസ്ഥ ഉണ്ടായിരുന്നില്ലെന്നാണ് റഹ്മാന്‍റെ വാദം.
സര്‍ജന്‍മാരുടെ സംഘടന ഇപ്പോള്‍ പരാതിയുമായി മുന്നോട്ടുവരുന്നത് തന്നെ അപകീര്‍ത്തിപ്പെടുത്താനാണെന്നും പൊതുജന മധ്യത്തില്‍ തനിക്കുള്ള അംഗീകാരം നശിപ്പിക്കുകയാണ് ലക്ഷ്യമെന്നും വക്കീല്‍ നോട്ടീസില്‍ റഹ്മാന്‍ ആരോപിക്കുന്നു.15 ദിവസത്തിനകം പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ 10 കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് നിയമനടപടി ആരംഭിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.
'മറക്കുമാ നെഞ്ചം' എന്ന് പേരിട്ട ചെന്നൈയിലെ റഹ്മാന്‍റെ സംഗീത പരിപാടി, നടത്തിപ്പിലെ പിടിപ്പുകേടുകള്‍ കാരണം, തിക്കും തിരക്കും മൂലം അലങ്കോലമായത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചത് കഴിഞ്ഞ മാസമായിരുന്നു. പരിപാടി അലങ്കോലമായതില്‍ എ ആര്‍ റഹ്മാന് പങ്കില്ലെന്നും നടത്തിയത് അദ്ദേഹമായിരുന്നില്ലെന്നും വിശദീകരിച്ച സംഘാടകരായ എ സി ടി സി ഇവന്‍റ്സ് സി ഇ ഒ ഹേമന്ത് പരസ്യമായ ക്ഷമാപണവും നടത്തിയിരുന്നു.