ന്യൂഡല്‍ഹി: നടനും നിര്‍മാതാവുമായ നാനാ പടേക്കറില്‍ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി തനുശ്രീ ദത്ത. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി നാനാ പടേക്കറും അദ്ദേഹത്തിന്‍റെ ബോളിവുഡ് മാഫിയയുമായിരിക്കുമെന്ന് തനുശ്രീ സമൂഹ മാധ്യമമായ ഇന്‍സ്‌റ്റഗ്രാമിലൂടെ അറിയിച്ചു. 2008ല്‍ 'ഹോണ്‍ ഒകെ പ്ലീസ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നാനാ പടേക്കര്‍ മോശമായി പെരുമാറിയെന്ന് തനുശ്രീ 2018ല്‍ വെളിപ്പെടുത്തിയിരുന്നു.
"എനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ മനസിലാക്കേണ്ടത് 'മീ ടു' ആരോപിതനായ നാനാ പടേക്കര്‍, അദ്ദേഹത്തിന്‍റെ അഭിഭാഷകനും സംഘവും, അദ്ദേഹത്തിന്‍റെ ബോളിവുഡ് മാഫിയ സുഹൃത്തുക്കള്‍ എന്നിവരാണ് അതില്‍ ഉത്തരവാദികള്‍ എന്നാണ്" എന്ന് തനുശ്രീ ഇന്‍സ്‌റ്റയില്‍ കുറിച്ചു. ആരാണ് ബോളിവുഡ് മാഫിയ എന്ന് അറിയാമോ എന്ന് ആരാധകരോട് ചോദിച്ച തനുശ്രീ, സുശാന്ത് സിങ് രജ്‌പുതിന്‍റെ മരണത്തില്‍ സ്ഥിരമായി ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളാണ് ഇതെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം തന്നെ ഒരേപോലുള്ള ക്രിമിനല്‍ അഭിഭാഷകരാണ് ഉള്ളതെന്നും അവര്‍ പോസ്‌റ്റില്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
ബോളിവുഡ് മാഫിയകളുടെ ചിത്രങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും തനുശ്രീ പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. അവരുടെ സിനിമകള്‍ കാണരുത്, അവ പൂര്‍ണമായും ബഹിഷ്‌കരിക്കുക. മാത്രമല്ല വിട്ടുവീഴ്‌ചയില്ലാത്ത പ്രതികാരത്തോടെ അവരെ പിന്തുടരണമെന്നും തനുശ്രീ അറിയിച്ചു. തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ അഴിച്ചുവിടുന്ന മുഖങ്ങളെയും, മാധ്യമപ്രവര്‍ത്തകരെയും വെറുതെ വിടരുതെന്നും അവര്‍ ആവശ്യപ്പെട്ടു. നിയമവും, നീതിന്യായ വ്യവസ്ഥയും തോറ്റു പോയേക്കാമെന്നും, എന്നാല്‍ ഈ നാട്ടിലെ ജനങ്ങളില്‍ എനിക്ക് വിശ്വാസമുണ്ട് എന്നറിയിച്ചുമാണ് തനുശ്രീ പോസ്‌റ്റ് അവസാനിപ്പിക്കുന്നത്.
Also Read: പുത്തൻ ലുക്കിൽ ബോളിവുഡ് താരസുന്ദരി ദിഷ പടാണി ; ചിത്രങ്ങൾ
2018ല്‍ തനുശ്രീയാണ് ബോളിവുഡില്‍ മീ ടു ക്യാംപെയ്‌ന്‍ ആരംഭിക്കുന്നത്. നാനാ പടേക്കര്‍, കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യ, സംവിധായകന്‍ വിവേക് അഗ്നിഹോത്രി എന്നിവര്‍ മോശമായി പെരുമാറിയെന്ന് വ്യക്തമാക്കിയായിരുന്നു ഇത്. എന്നാല്‍ 2008ലെ അനുഭവം പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം 2018ല്‍ ഉന്നയിച്ചപ്പോള്‍ നാനാ പടേക്കര്‍ ആരോപണങ്ങള്‍ എല്ലാം തന്നെ തള്ളിക്കളയുകയായിരുന്നു.