ചെന്നൈ: ബിജെപിയുടെ മുന്‍ രാജ്യസഭ എംപിയും ചലച്ചിത്ര താരവുമായ ജയപ്രദയ്‌ക്ക് ആറ് മാസം തടവും 5,000 രൂപ പിഴയും വിധിച്ച് കോടതി. എഗ്മോര്‍ കോടതിയുടേതാണ് വിധി. ജയപ്രദയുടെ തിയേറ്റര്‍ ജീവനക്കാരുടെ ഇഎസ്‌ഐ തുക സംസ്ഥാന ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ അടച്ചില്ല എന്ന കാരണത്താലാണ് ശിക്ഷ.
ചെന്നൈയിലെ അണ്ണാശാലയില്‍ രാം കുമാര്‍, രാജ് ബാബു എന്നിവരോടൊപ്പം ജയപ്രദ ഒരു തിയേറ്റര്‍ നടത്തിയിരുന്നു. ഈ തിയേറ്റര്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. 10 വര്‍ഷം മുമ്പ് തിയേറ്റര്‍ അടച്ചുപൂട്ടിയിരുന്നു.
ജയപ്രദയുടെ ഹര്‍ജി തള്ളി കോടതി: തിയേറ്റര്‍ ജീവനക്കാരുടെ ഇഎസ്‌ഐ പിടിച്ചെടുത്തിട്ടും ഇവര്‍ അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് ഇന്‍ഷുറന്‍സ് കമ്പനി എഗ്മോര്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഇതിനെതിരെ ജയപ്രദയും കൂട്ടരും മൂന്ന് ഹര്‍ജികള്‍ സമര്‍പ്പിച്ചുവെങ്കിലും മദ്രാസ് ഹൈക്കോടതി തള്ളുകയായിരുന്നു.
കോടതി വിധി പ്രസ്‌താവിക്കുന്നതിന് മുമ്പ് വാദം കേള്‍ക്കുന്ന സമയം താന്‍ ജീവനക്കാരില്‍ നിന്ന് ഈടാക്കിയ മുഴുവന്‍ തുകയും അടച്ചുകൊള്ളാമെന്ന് ജയപ്രദ പറഞ്ഞു. എന്നാല്‍ ഇഎസ്‌ഐയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു. വാദം കേട്ടതിന് ശേഷം ജയപ്രദ ഉള്‍പ്പെടെ തിയേറ്റര്‍ നടത്തിയിരുന്ന മൂന്ന് പേര്‍ക്ക് കോടതി ആറ് മാസം തടവും 5,000 രൂപ പിഴയും വിധിച്ചു.
1980കളില്‍ സിനിമയില്‍ നിറസാന്നിധ്യമായിരുന്നു നടി ജയപ്രദ. കമല്‍ഹാസന്‍ നായകനായ 'സലങ്കൈ ഒലി' സിനിമയായിരുന്നു ജയപ്രദയുടെ എക്കാലത്തെയും മികച്ച ചിത്രം. കോളിവുഡിലും, ടോളിവുഡിലും, ബോളിവുഡിലുമായി ഏകദേശം 300ല്‍ അധികം ചിത്രങ്ങളില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ശേഷം, രാഷ്‌ട്രീയത്തില്‍ പ്രവേശിച്ച ജയപ്രദ എംപിയായും തെരഞ്ഞെടുക്കപ്പെട്ടു.
പാര്‍ട്ടി ചിഹ്നവുമായി വോട്ടിങിന് എത്തിയതിന് കേന്ദ്ര സഹമന്ത്രിക്ക് പിഴ: അതേസമയം, ഇക്കഴിഞ്ഞ ഏപ്രില്‍ മാസം പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂർണ ദേവിയെ ഹസാരിബാഗ് കോടതി ശിക്ഷിച്ചിരുന്നു. പെരുമാറ്റ ചട്ടലംഘനത്തിന് അന്നപൂർണ ദേവിക്ക് 200 രൂപ പിഴയാണ് കോടതി വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു ദിവസം ജയിൽ ശിക്ഷയായി അനുഭവിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
2019 മെയ് 13ന് നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് വികാസ് മോർച്ച (ജെവിഎം) നേതാവ് മഹേഷ് റാം നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ അന്നപൂർണ ദേവി പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം ധരിച്ചാണ് വോട്ടിങ് കേന്ദ്രത്തിൽ എത്തിയതെന്നായിരുന്നു പരാതിക്കാരന്‍റെ ആരോപണം. സംഭവത്തില്‍ കേസെടുത്ത പൊലീസ് മന്ത്രിക്കെതിരെ കുറ്റപത്രം സമർപ്പിച്ച ശേഷം 11 പേരുടെ മൊഴിയെടുത്തു.
തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷൻ 130 ഇ പ്രകാരം കോടതിയിൽ വാദം നടക്കുകയായിരുന്നു. വാദം പൂർത്തിയാക്കിയ ശേഷം ജഡ്‌ജി മറിയം ഹെംബ്രാം അന്നപൂർണ ദേവി കുറ്റക്കാരിയാണെന്ന് വിധിക്കുകയും 200 രൂപ പിഴ ചുമത്തുകയും ചെയ്‌തു. പിഴയടച്ചില്ലെങ്കിൽ ഒരു ദിവസത്തെ ശിക്ഷ അനുഭവിക്കണമെന്നും കോടതി അറിയിച്ചു. എന്നാല്‍ കീഴ്‌കോടതി വിധിയെ സെഷൻസ് കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് അന്നപൂർണ ദേവിയുടെ അഭിഭാഷകൻ നവീഷ് സിൻഹ വ്യക്തമാക്കി.