ഭോപ്പാല്‍: മധ്യപ്രദേശ് ഉജ്ജൈനിലെ പ്രസിദ്ധമായ മഹാകാലേശ്വര ക്ഷേത്രത്തില്‍ 'ഭക്ത നിവാസ്' (ഭക്തര്‍ക്ക് താമസിക്കാനുള്ള സ്ഥലവും സൗകര്യങ്ങളും) നിർമിക്കുന്നതിന് പണം സംഭാവന ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ച് ബോളിവുഡ് ചലച്ചിത്ര താരവും മോഡലുമായ സോനു സൂദ്. 32 ഏക്കര്‍ സ്ഥലത്ത് 200 കോടി രൂപ ചെലവിലാണ് ഭക്ത നിവാസ് നിര്‍മിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഭാര്യക്കൊപ്പം ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴാണ് ഭക്ത നിവാസ് നിര്‍മിക്കുന്നതിന് സംഭാവന നല്‍കാന്‍ താത്‌പര്യമുണ്ടെന്ന് സോനു സൂദ് കലക്‌ടര്‍ ആശിഷ് സിങ്ങിനെ അറിയിച്ചത്.
മാത്രമല്ല പദ്ധതി ആസൂത്രണം ചെയ്‌തതിന് ശേഷം തന്നെ അറിയിക്കണമെന്നും അദ്ദേഹം കലക്‌ടറോട് പറഞ്ഞിരുന്നു. ഭക്ത നിവാസ് നിര്‍മിക്കുന്നതിനുള്ള പദ്ധതിയുടെ ആസൂത്രണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ഞങ്ങള്‍ സോനു സൂദിനെ അറിയിക്കാന്‍ പോകുകയാണെന്നും ക്ഷേത്രം അഡ്‌മിനിസ്‌ട്രേറ്റര്‍ സന്ദീപ് സോണി പറഞ്ഞു. സോനു സൂദ് മാത്രമല്ല, മറ്റ് നിരവധി ഭക്തരും പദ്ധതിയുടെ നിര്‍മാണത്തിന് സംഭാവന നല്‍കാന്‍ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സന്ദീപ് സോണി പറഞ്ഞു. പദ്ധതിയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്‍ഡോര്‍ ഉജ്ജൈയ്‌ന്‍ റോഡിലെ ഇംപീരിയല്‍ ഹോട്ടലിന് മുന്നിലാണ് ഭക്ത നിവാസ് സ്ഥാപിക്കുക. 15 ബ്ലോക്കുകളടങ്ങുന്ന ഭക്ത നിവാസിന്‍റെ മുന്നില്‍ 100 അടി വീതിയുള്ള പൂന്തോട്ടവും ഉണ്ടാകും. ഭക്തര്‍ക്ക് താമസിക്കാനായി 2200 മുറികള്‍ക്കൊപ്പം അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസും നിര്‍മിക്കും. ഇതിന് പുറമെ 100 ബസുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം, ഇ-ബസ് ചാർജിങ്, കാത്തിരിപ്പ് കേന്ദ്രം, ഫുഡ് കോർട്ട് എന്നിവയും ഉണ്ടായിരിക്കും.
മരങ്ങൾ നട്ടുപിടിപ്പിച്ച് പ്രദേശം മുഴുവൻ മനോഹരമാക്കും. നിലവിലുള്ള ഇൻഡോർ-ഉജ്ജയിൻ റോഡ് ഉയർത്തി, ഭക്തർക്ക് 'ഭക്ത നിവാസിലേക്ക്' വേഗത്തില്‍ എത്താന്‍ കഴിയുന്ന ഒരു അണ്ടർപാസും നിര്‍മിക്കും. ഒരേസമയം 200 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.
സോനു സൂദും അഭിനയ ജീവിതവും: വിവിധ സിനിമകളിലൂടെ വില്ലനായും സ്വഭാവ നടനായും പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സോനു സൂദ്. ബോളിവുഡ്, തെലുഗു സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും തെലുഗു ചിത്രമായ അരുന്ധതിയാണ് സിനിമ ലോകത്തുള്ള അദ്ദേഹത്തിന്‍റെ പ്രയാണത്തിന് ആക്കം കൂട്ടിയത്. 2009ലാണ് അരുന്ധതി എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്.
തെലുഗു ബ്ലോക്ക്ബസ്റ്ററായ ചിത്രത്തിലെ മികച്ച അഭിനയത്തിന് താരത്തിന് മികച്ച വില്ലനുള്ള ആന്ധ്രപ്രദേശ് സംസ്ഥാന പുരസ്‌കാരമായ നന്തി അവാര്‍ഡും മികച്ച സഹനടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും കരസ്ഥമാക്കാനായി. കന്നഡ, തമിഴ് ചിത്രങ്ങളിലും സജീവമാണ് താരം. ബോളിവുഡ് ചിത്രമായ ഫത്തേഹിലാണ് താരം അവസാനമായി അഭിനയിച്ചത്. സൈബര്‍ കുറ്റകൃത്യങ്ങളുടെ ലോകമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. വൈഭവ് മിശ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സോനു സൂദും ജാക്വിലിന്‍ ഫെര്‍ണാണ്ടസുമാണ് പ്രധാന കഥാപാത്രങ്ങള്‍.