ന്യൂഡൽഹി : നടി രശ്‌മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് വലിയ വാർത്തയായിരുന്നു. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച നടിയുടെ മോർഫ് ചെയ്‌ത വീഡിയോയാണ് ഇന്‍റർനെറ്റിൽ വൈറലായത്. രശ്‌മികയുടേതെന്ന പേരിൽ വ്യാപകമായി പ്രചരിച്ച വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞതോടെ നടിയ്‌ക്ക് പിന്തുണയുമായി അമിതാഭ് ബച്ചനുൾപ്പടെയുള്ളവർ എത്തിയിരുന്നു.
വ്യാജ വീഡിയോ നിർമിക്കാൻ ഉപയോഗിച്ച യഥാർഥ വീഡിയോയിലെ സാറ പട്ടേൽ എന്ന ബ്രിട്ടീഷ്-ഇന്ത്യൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് സാറയുടെ പ്രതികരണം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇടപഴകുന്നതിൽ ഇപ്പോൾ കൂടുതൽ ഭയചകിതരാകേണ്ടിവരുന്ന സ്‌ത്രീകളുടെയും പെൺകുട്ടികളുടെയും ഭാവിയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് സാറ പട്ടേൽ പറഞ്ഞു.
"എന്‍റെ ശരീരവും ഒരു ജനപ്രിയ ബോളിവുഡ് നടിയുടെ മുഖവും ഉപയോഗിച്ച് ആരോ ഒരു ഡീപ് ഫേക്ക് വീഡിയോ സൃഷ്‌ടിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഡീപ്ഫേക്ക് വീഡിയോയിൽ എനിക്ക് യാതൊരു പങ്കുമില്ല, സംഭവിക്കുന്ന കാര്യങ്ങളിൽ ഞാൻ വല്ലാതെ അസ്വസ്ഥയാണ്" - സാറ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
ഇന്‍റർനെറ്റിൽ കാണുന്നതെല്ലാം യഥാർഥമല്ലെന്നും സത്യാവസ്ഥ എന്തെന്നറിയാൻ കൂടുതൽ പരിശോധന നടത്തണമെന്നും പറഞ്ഞ അവർ സാങ്കേതികവിദ്യ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത് ഏറെ വേദനാജനകമാണെന്നും കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് (നവംബര്‍ 5) രശ്‌മിക മന്ദാനയുടെ മോര്‍ഫ് ചെയ്‌ത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.
കറുപ്പ് നിറത്തിലുള്ള വസ്‌ത്രത്തിൽ രശ്‌മിക ലിഫ്‌റ്റില്‍ കയറുന്ന തരത്തിലുള്ളതായിരുന്നു ഈ വീഡിയോ. പിന്നാലെ ഇത് വ്യാജമാണെന്നും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്‌ടിച്ചതാണെന്നും തെളിഞ്ഞു. വീഡിയോയിലെ സ്‌ത്രീ രശ്‌മിക ആയിരുന്നില്ല, മറിച്ച് സാറ പട്ടേലായിരുന്നു.
മാധ്യമ പ്രവർത്തകനായ അഭിഷേക് കുമാർ വീഡിയോയ്‌ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി എക്‌സിൽ പോസ്റ്റ് ചെയ്‌തതിന് പിന്നാലെ പ്രമുഖ അഭിനേതാക്കൾ, സർക്കാർ ഉദ്യോഗസ്ഥർ, ജേണലിസ്റ്റുകൾ തുടങ്ങിയവർ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. വീഡിയോ ശ്രദ്ധാപൂർവം നിരീക്ഷിച്ചാൽ ലിഫ്റ്റിലേക്ക് പ്രവേശിക്കുമ്പോൾ, യുവതിയുടെ മുഖം പെട്ടെന്ന് രശ്‌മികയിലേക്ക് (ഡീപ് ഫേക്ക്) മാറുന്നതായി കാണാമെന്ന് അഭിഷേക് കുമാർ വ്യക്തമാക്കി. ഇന്ത്യയിൽ ഡീപ് ഫേക്ക് കൈകാര്യം ചെയ്യാൻ നിയമപരവും നിയന്ത്രണപരവുമായ ഒരു ചട്ടക്കൂട് അടിയന്തരമായി ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
READ ALSO: 'അത്യന്തം ഭയാനകം, ശരിക്കും വേദനിക്കുന്നു'; ഫേക്ക് വീഡിയോയിൽ പ്രതികരണവുമായി രശ്‌മിക മന്ദാന
ഓൺലൈനിൽ പ്രചരിക്കുന്ന തന്‍റെ ഡീപ്ഫേക്ക് വീഡിയോയെക്കുറിച്ച് സംസാരിക്കേണ്ടി വരുന്നതിൽ അതിയായ വേദന തോന്നുന്നു എന്നായിരുന്നു സംഭവത്തിൽ രശ്‌മികയുടെ പ്രതികരണം. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടുന്നതിനാൽ ഇന്ന് വളരെയധികം പ്രശ്‌നങ്ങൾക്ക് ഇരയാകുന്ന നമ്മളിൽ ഓരോരുത്തർക്കും ഈ സംഭവം ഭയം ഉളവാക്കുന്നതാണെന്ന് താരം കുറിച്ചു. സ്‌കൂളിലോ കോളജിലോ പഠിക്കുമ്പോഴാണ് ഇത്തരമൊരു കാര്യം സംഭവിച്ചതെങ്കിൽ, അതിനെ എങ്ങനെ നേരിടുമെന്നത് സങ്കൽപ്പിക്കാനാകുന്നില്ല എന്നും താരം പറഞ്ഞു. സിനിമാതാരങ്ങളായ മൃണാല്‍ താക്കൂർ, നാഗചൈതന്യ, ഗായിക ചിന്മയി ഉൾപ്പടെയുള്ളവർ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.