കോട്ടയം : കാഴ്‌ചക്കാരെ അമ്പരപ്പിച്ച് മലയാളികളുടെ പ്രിയ താരം ഗിന്നസ് പക്രുവിന്‍റെ മെഴുക് പ്രതിമയുടെ അനാച്ഛാദന ചടങ്ങ്. കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങിൽ ഗിന്നസ് പക്രു പ്രതിമയ്‌ക്കൊപ്പം നിന്നപ്പോൾ അവിടെ ഉണ്ടായിരുന്നവർ പോലും അമ്പരപ്പോടെ ചോദിച്ചു 'ഇതിൽ ഒറിജിനൽ ഏത് പ്രതിമ എത്'?. ശിൽപി ഹരികുമാർ കുമ്പനാട് രൂപകല്‍പ്പന ചെയ്‌ത പ്രതിമയാണ് കാഴ്‌ചക്കാരെ ഒരു നിമിഷം സംശയത്തിന്‍റെ മുൾമുനയിൽ നിർത്തിയത്.
കാണാതായ ഇരട്ടസഹോദരനെ കണ്ടെത്തിയ സന്തോഷമാണ് സ്വന്തം മെഴുകുപ്രതിമ കണ്ടപ്പോള്‍ തോന്നിയതെന്ന് ഗിന്നസ് പക്രു പറഞ്ഞു. തന്‍റെ ഫോട്ടോകളും അളവുകളും എടുത്ത് ഹരികുമാർ പോയപ്പോൾ ശിൽപ്പം അച്ചടിച്ചത് പോലെയാകുമെന്ന് പ്രതീക്ഷിച്ചില്ല. 100% പെർഫക്ഷനിൽ ആണ് ഹരികുമാർ പ്രതിമ നിർമിച്ചതെന്നും താരം കൂട്ടിച്ചേർത്തു.
മമ്മൂട്ടി, മോഹൻലാൽ, രജനികാന്ത്, മൈക്കിൾ ജാക്‌സൺ തുടങ്ങി 25 ഓളം പ്രശസ്‌തരുടെ പ്രതിമകൾ നിർമിച്ചിട്ടുണ്ടെങ്കിലും ഗിന്നസ് പക്രുവിന്‍റെ പ്രതിമ നിർമാണം അൽപ്പം ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ശിൽപി ഹരികുമാർ പറഞ്ഞു. 'പ്രതിഭയുടെ കൈയ്യൊപ്പ് പതിഞ്ഞ എന്‍റെ കൊച്ചു മെഴുക് പ്രതിമ', നന്ദി ശ്രീ ഹരികുമാര്‍'- എന്ന കുറിപ്പോടെ പക്രു വീഡിയോ സമൂഹമാധ്യമ അക്കൗണ്ടുകളിലും പങ്കുവച്ചിട്ടുണ്ട്.