അധ്യാപകൻ, നാടക പ്രവർത്തകൻ, ഡബ്ബിങ് ആർട്ടിസ്റ്റ്, അഭിനേതാവ് തുടങ്ങിയ നിലകളില്‍ മലയാളികൾക്ക് സുപരിചിതനാണ് പ്രൊഫസർ അലിയാർ. അദ്ദേഹത്തിന്‍റെ ശബ്‌ദം കേൾക്കാത്ത ഒരു ദിവസം പോലും മലയാളിയുടെ ജീവിതത്തിൽ ഉണ്ടാകില്ല എന്ന് പറഞ്ഞാൽ അതിശയോക്തിയാകില്ല. സിനിമയിലും ടെലിവിഷനിലും ശബ്‌ദ താരമായി കൂടി നിറഞ്ഞുനിൽക്കുന്ന പ്രൊഫസർ അലിയാർ ഇടിവി ഭാരതിനോട് മനസ് തുറന്നു (Voice artist Prof Aliyar interview).
പഠിക്കുന്ന കാലം മുതൽ തന്നെ നാടക മേഖലയുമായി ബന്ധമുണ്ടായിരുന്നു. തിരുവനന്തപുരത്തേക്കുള്ള ചേക്കേറലിന് ശേഷമാണ് പ്രൊഫഷണൽ നാടകവേദിയുടെ ഭാഗമാകുന്നത്. നരേന്ദ്ര പ്രസാദും മുരളിയും എം ആർ ഗോപകുമാറും, അങ്ങനെ പ്രഗത്ഭരായ പല കലാകാരന്മാരും ഒന്നിച്ച ഒരു നാടക വേദിയുടെ ഭാഗമായി ദീർഘകാലം പ്രവർത്തിച്ചു.
പിൽക്കാലത്ത് പ്രൊഫഷണൽ ജീവിതം അധ്യാപനത്തിലേക്ക് പറിച്ചുനട്ടെങ്കിലും നാടകവേദിയുമായുള്ള ബന്ധം അറ്റുപോയില്ല. നാടക മേഖലയിൽ നിന്നുതന്നെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റവും. അഭിനേതാവിന് അപ്പുറത്തേക്ക് ഒരു ഡബ്ബിങ് ആർട്ടിസ്റ്റായി തുടരുക കൂടുതൽ സൗകര്യപ്രദമായി തോന്നി. അതങ്ങനെ തുടരുന്നു.
നടൻ ഭരത് ഗോപി സംവിധാനം ചെയ്‌ത ചിത്രത്തിലൂടെ ആയിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് അടൂർ ഗോപാലകൃഷ്‌ണൻ സംവിധാനം ചെയ്‌ത എട്ടോളം ചിത്രങ്ങളുടെ ഭാഗമായി. ഷാജി കൈലാസ്-മമ്മൂട്ടി ചിത്രം കിംഗ്, ജോഷി-സുരേഷ് ഗോപി ചിത്രം ലേലം തുടങ്ങിയവയിലെ വേഷങ്ങൾ അഭിനയ ജീവിതത്തിലെ നാഴിക കല്ലുകളാണ് (Voice artist Prof Aliyar films).
' ദി കിംഗ് എന്ന ചിത്രത്തിൽ പ്രധാന വില്ലനായ ദേവന് വേണ്ടി ഞാൻ ഡബ്ബ് ചെയ്‌തിട്ടുണ്ട്. കൗതുകകരമായ വസ്‌തുത എന്തെന്നാൽ എന്‍റെ കഥാപാത്രവും ദേവന്‍റെ കഥാപാത്രവും ഒരേ രംഗത്ത് കടന്നുവരുന്ന ഒരു നിമിഷം ഉണ്ട്. ഒരു ഫ്രെയിമിലുള്ള രണ്ട് കഥാപാത്രങ്ങൾക്കും ഡബ്ബ് ചെയ്‌തിരിക്കുന്നത് ഞാൻ തന്നെയാണ്.
ബാബു ആന്‍റണി മികച്ച വേഷം ചെയ്‌ത് മലയാളികളുടെ മനസിൽ ഇടം പിടിച്ചത് പൂവിന് പുതിയ പൂന്തെന്നൽ എന്ന ചിത്രത്തിലൂടെയാണ്. ആ കഥാപാത്രത്തിൽ തുടങ്ങി ബാബു ആന്‍റണിയുടെ നിരവധി കഥാപാത്രങ്ങൾക്ക് എനിക്ക് ശബ്‌ദം നൽകാൻ സാധിച്ചിട്ടുണ്ട്. പിൽക്കാലത്ത് ബാബു ആന്‍റണി സ്വന്തം ശബ്‌ദം ഉപയോഗിച്ചുതുടങ്ങി.
രുദ്രാക്ഷം എന്ന ചിത്രത്തിലും ദേവന് ശബ്‌ദം നൽകിയത് ഞാനാണ്. ഗാന്ധി എന്ന ചിത്രത്തിൽ ഓം പുരിക്ക് ശബ്‌ദം നൽകിയത് ഇന്നും ജീവിതത്തിലെ മറക്കാനാകാത്ത അനുഭവം. മൂന്നോ നാലോ മിനിറ്റോളം മാത്രം വരുന്ന കഥാപാത്രമായിരുന്നു ചിത്രത്തിൽ ഉള്ളത്. ഒരുപക്ഷേ എന്‍റെ ജീവിതത്തിൽ ഇത്രയധികം ബുദ്ധിമുട്ടി ഡബ്ബ് ചെയ്‌ത മറ്റൊരു കഥാപാത്രം ഇല്ല എന്ന് തന്നെ പറയാം. അതൊരുപക്ഷേ ഓം പുരി എന്ന മഹാപ്രതിഭയുടെ അഭിനയ മികവിന്‍റെ കാരണം ഒന്നുകൊണ്ടുതന്നെയാണ്.
കുട്ടിക്കാലം മുതൽ ജീവിതത്തിലെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു, അന്തരിച്ച നടൻ മുരളി. മുരളിയുടെ അവസാനകാലത്ത് സംഗീത നാടക അക്കാദമി ചെയർമാനായിരുന്നു. അക്കാലയളവിൽ മുരളിയുമായി ധാരാളം സമയം ചെലവഴിക്കാൻ സാധിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ദിലീപ് ചിത്രങ്ങൾ അടക്കം നിരവധി സിനിമകളുടെ ഭാഗമായി അഭിനയ ജീവിതവും മുന്നോട്ടുകൊണ്ടുപോകുന്നു.
ഞാന്‍ ശബ്‌ദം നൽകിയ അഭിനേതാക്കളൊന്നും സിനിമ കണ്ടുകഴിഞ്ഞ ശേഷം തന്നോട് ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. നല്ലതെന്നോ മോശമെന്നോ അവർ അഭിപ്രായ പ്രകടനം നടത്താത്തതിൽ എനിക്ക് പരാതിയുമില്ല. പ്രായം ശബ്‌ദത്തെ ബാധിച്ചുതുടങ്ങിയിട്ടുണ്ട്. എങ്കിലും ആവുന്ന കാലത്തോളം ശബ്‌ദിച്ചുകൊണ്ടേയിരിക്കും. ശബ്‌ദം നിലനിർത്താൻ ഞാൻ ഒന്നും ചെയ്യുന്നതുമില്ല' - അലിയാര്‍ പറഞ്ഞുനിര്‍ത്തി.