Ranveer Singh nude photoshoot: കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്‍റെ നഗ്ന ഫോട്ടോഷൂട്ടാണ് വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിച്ചിരിക്കുന്നത്. താരത്തിന്‍റെ നഗ്ന ഫോട്ടോഷൂട്ടിനെ അഭിനന്ദിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. രണ്‍വീറിന്‍റെ നഗ്നഫോട്ടോഷൂട്ട് വിവാദമായതിനെ തുടര്‍ന്ന് മുംബൈ പൊലീസ് താരത്തിനെതിരെ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിരുന്നു.
Vivek Agnihotri supports Ranveer Singh photoshoot: ഇപ്പോഴിതാ താരത്തെ പിന്തുണച്ച് കശ്‌മീര്‍ ഫയല്‍ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി രംഗത്തെത്തിയിരിക്കുകയാണ്. രണ്‍വീറിന് എതിരായ കേസ് മണ്ടത്തരമാണെന്നും താരത്തിന്‍റെ നഗ്നചിത്രങ്ങള്‍ എങ്ങനെ സ്‌ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നും വിവേക് അഗ്‌നിഹോത്രി ചോദിക്കുന്നു. ഒരു ദേശീയ മാധ്യമത്തോടായിരുന്നു സംവിധായകന്‍റെ പ്രതികരണം.
'വളരെ മണ്ടത്തരമായ എഫ്‌ഐആർ ആണ്. ഒരു കാരണവുമില്ലാതെ ശ്രദ്ധ നേടുന്ന രസകരമായ ഒരു കേസാണിത്. സ്‌ത്രീകളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നാണ് എഫ്‌ഐആറിൽ എഴുതിയിരിക്കുന്നത്. ഇനി പറയൂ, ഇത്രയധികം സ്‌ത്രീകളുടെ നഗ്നചിത്രങ്ങൾ വരുമ്പോൾ അത് പുരുഷന്മാരുടെ വികാരത്തെ വ്രണപ്പെടുത്തുന്നുണ്ടോ? ഇത് വെറും മണ്ടൻ വാദമാണ്.'-വിവേക് അഗ്‌നിഹോത്രി പറഞ്ഞു.
പേപ്പര്‍ മാസികയ്‌ക്ക് വേണ്ടിയായിരുന്നു ആരാധകരെയും ബോളിവുഡ് ലോകത്തെയും ഞെട്ടിച്ച് കൊണ്ടുള്ള രണ്‍വീറിന്‍റെ ഫോട്ടോഷൂട്ട്. ജൂലൈ 21നായിരുന്നു താരത്തിന്‍റെ നഗ്‌ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവന്നത്. 'ദി ലാസ്‌റ്റ് ബോളിവുഡ് സൂപ്പര്‍ സ്‌റ്റാര്‍' എന്ന അടിക്കുറിപ്പോടുകൂടിയാണ് പേപ്പര്‍ മാഗസിന്‍ രണ്‍വീറിന്‍റെ ചിത്രം പോസ്‌റ്റ് ചെയ്‌തത്. 1972ല്‍ കോസ്‌മോപൊളിറ്റന്‍ മാസികയ്‌ക്കായി ബര്‍ട്ട് റെയ്‌നോള്‍ഡ്‌സിന്‍റെ ഐക്കോണിക്ക് ഫോട്ടോഷൂട്ടിനുള്ള ആദരാഞ്ജലിയാണ് താരം പേപ്പര്‍ മാഗസിന് വേണ്ടി നല്‍കിയത്.