നൈനിറ്റാള്‍ (ഉത്തരാഖണ്ഡ്) : ടി ട്വന്‍റി ലോകകപ്പില്‍ നിന്നും ടീം ഇന്ത്യ പുറത്തായതിന്‍റെ സങ്കടത്തില്‍ നിന്ന് ആരാധകര്‍ പൂര്‍ണമായും മുക്തരായിട്ടില്ലെങ്കിലും ലോകകപ്പില്‍ ഉടനീളം മികച്ച ഫോമില്‍ കളിച്ച വിരാട് കോഹ്‌ലിയുടെ ബാറ്റിങ്ങില്‍ എല്ലാവരും ഒരുപോലെ സന്തുഷ്‌ടരാണ്. മത്സരങ്ങളുടെ തിരക്കില്‍ നിന്നെല്ലാം മാറി കോഹ്‌ലി ഭാര്യ അനുഷ്‌ക ശര്‍മക്കും മകള്‍ വാമികയ്‌ക്കുമൊപ്പം നിലവില്‍ ഉത്തരാഖണ്ഡ് പര്യടനത്തിലാണ്. ഒന്നുകൂടി വ്യക്തമാക്കിയാല്‍ കോഹ്‌ലിയും കുടുംബവും ബാബ നീം കരോലി ധാമിലാണുള്ളത്.
ഹെലികോപ്റ്ററിൽ ഇന്നലെ ഭൊവാലിയിലെ സൈനിക് സ്‌കൂളിലിറങ്ങിയ വിരാടും കുടുംബവും നേരെ ചെന്നത് ബാബാ നീം കരോലിയുടെ വസതിയിലേക്കാണ്. തുടര്‍ന്ന് ബാബ നീം കരോലി ധാമിലേക്ക് നീങ്ങിയ കോഹ്‌ലിയും അനുഷ്‌ക ശര്‍മയും പ്രാര്‍ഥന നടത്തുകയും ഹനുമാന്‍ ചാലിസ പാരായണം നടത്തുകയും ചെയ്‌തു. ബാബ നീം കരോലി മഹാരാജിന്‍റെ ആരതിയിൽ പങ്കെടുത്ത ഇരുവരും പ്രസാദം സ്വീകരിക്കുകയും ചെയ്തു. വിരാട് ധാമിലെത്തിയിട്ടുണ്ടെന്നറിഞ്ഞ് ക്ഷേത്രത്തിന്‍റെ കവാടത്തില്‍ നൂറുകണക്കിന് ആരാധകരുമെത്തിയിരുന്നു. എന്നാല്‍ ഇവരെ കാണാതെ കോഹ്‌ലിയും അനുഷ്‌കയും മുക്തേശ്വറിലേക്ക് മടങ്ങുകയായിരുന്നു.
എന്നാല്‍ ക്ഷേത്രത്തിന്‍റെ ചുമതലയുള്ള ആളുകള്‍ക്കൊപ്പം താരങ്ങള്‍ ഫോട്ടോയ്‌ക്ക് പോസ് ചെയ്‌തു. അതേസമയം ബാബാ നീം കരോലി മഹാരാജിന്‍റെ ഭക്തരായി രാജ്യത്തിനകത്ത് നിന്നും വിദേശത്ത് നിന്നുമായി നിരവധിപേരാണ് നൈനിറ്റാളിലെ കൈഞ്ചി ധാമില്‍ എത്താറുള്ളത്. ഭക്തരുടെ ഈ കൂട്ടത്തിലേക്കാണ് കോഹ്‌ലിയുടെയും അനുഷ്‌കയുടെയും പേരുകള്‍ കൂടി ചേര്‍ക്കപ്പെട്ടിരിക്കുന്നത്.
ലോകത്തെ ആകര്‍ഷിക്കുന്ന 'നീം കരോലി ബാബയുടെ ആശ്രമം': ഉത്തരാഖണ്ഡില്‍ ഹിമാലയ താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ആശ്രമമാണ് നീം കരോലി ബാബയുടെ ആശ്രമം. വളരെ ശാന്തവും സുന്ദരവുമായ ഇവിടം എല്ലാവരെയും ആകര്‍ഷിക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 1400 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നൈനിറ്റാല്‍-അൽമോറ റോഡിലുള്ള ഈ ആശ്രമം മതവിശ്വാസികൾക്കിടയിൽ കൈഞ്ചി ധാം എന്നാണ് അറിയപ്പെടുന്നത്.
ബാബ നീം കരോലി മഹാരാജിനുള്ള സമർപ്പണമായാണ് ഈ ആശ്രമം നിർമിച്ചിരിക്കുന്നത്. ഹിന്ദു ആത്മീയ ആചാര്യനായി വാഴ്‌ത്തപ്പെടുന്ന ബാബ നീം കരോലി വലിയ ഹനുമാൻ ഭക്തനായിരുന്നു. മാത്രമല്ല ബാബയുടെ വിശ്വാസികള്‍ക്കിടയില്‍ അദ്ദേഹം ഹനുമാന്‍റെ അവതാരമായി കണക്കാക്കപ്പെടുന്നു.
ആശ്രമം സ്ഥാപിതമാകുന്നത്: നീം കരോലി ബാബ അല്ലെങ്കിൽ നീബ് കരൗരി ബാബ ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധന്മാരിൽ ഒരാളായാണ് കരുതപ്പെടുന്നത്. ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിലെ അക്ബർപൂർ ഗ്രാമത്തില്‍ 1900 ലാണ് അദ്ദേഹം ജനിച്ചത്. നൈനിറ്റാളിലെ ഭാവാലിയിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെയായി കൈഞ്ചി ധാം ആശ്രമം ബാബ സ്ഥാപിക്കുന്നത് 1964ലാണ്.
'സുക്കര്‍ബര്‍ഗിന്‍റെ'യും ബാബ: നീം കരോലി ബാബ തന്‍റെ സുഹൃത്ത് പൂർണാനന്ദിനൊപ്പം 1961ല്‍ ആദ്യമായി ഇവിടെ എത്തിയപ്പോഴാണ് ഇവിടെ ഒരു ആശ്രമം പണിയുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ആശ്രമം സ്ഥാപിതമായത് മുതല്‍ ബാബയുടെ അത്‌ഭുതങ്ങള്‍ കണ്ട് വിദേശികള്‍ വരെ കൈഞ്ചി ധാമിലേക്ക് ഒഴുകി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ഒരു കൂടിക്കാഴ്‌ചയില്‍ ഫേസ്ബുക്കിന്‍റെ സിഇഒ മാർക്ക് സക്കർബർഗും ബാബയെ കുറിച്ച് ചര്‍ച്ച ചെയ്‌തിരുന്നു.
ബാബയുടെ ഭക്തരില്‍ മറ്റ് 'വിവിഐപികള്‍ ആരെല്ലാം': ഉത്തരാഖണ്ഡിലെ കൈഞ്ചി ധാമിൽ എല്ലാ വര്‍ഷവും ജൂണില്‍ വാർഷിക സദസ് നടക്കാറുണ്ട്. ഇതില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് മാത്രമല്ല വിദേശത്തുനിന്നും ഭക്തരുടെ വലിയ തിരക്കാണുണ്ടാകാറുള്ളത്. പ്രധാനമന്ത്രി മോദി, ഹോളിവുഡ് നടി ജൂലിയ റോബർട്ട്സ്, ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സ്, ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് തുടങ്ങിയ പ്രമുഖരും ബാബയുടെ ഭക്തരിൽ ഉൾപ്പെടുന്നു. ഇവരെല്ലാം തന്നെ കൈഞ്ചി ധാം ആശ്രമത്തിലുമെത്തിയിട്ടുണ്ട്.